രവി മോഹനും ഭാര്യ ആര്‍തിയും ഏറെ നാളായി പിരിഞ്ഞു കഴിയുകയാണ്.
അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ വിഷയമായിട്ടുണ്ട്. ഇതിനിടെ മനഃശാസ്ത്ര തെറാപ്പിസ്റ്റ് ആയ കെനിഷ ഫ്രാന്‍സിസ് രവിയുടെ ജീവിതത്തില്‍ കടന്നുവന്നു. കെനിഷയുടെ വരവാണ് ആരതിയുമായുള്ള രവി മോഹന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് നിരവധി ആരോപണങ്ങളുണ്ടായി. രവി മോഹനുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി സൂചിപ്പിക്കുന്ന കെനീഷയുടെ പ്രതികരണം ഇന്നലെ എത്തിയിരുന്നു. ഇതിന് പിന്നാലെ വൈകാരികമായ പ്രതികരണവുമായി ജയം രവിയും എത്തുകയാണ്.
മുന്‍ഭാര്യ ആരതിയുമായുള്ള വിവാഹമോചന നടപടികള്‍ നിയമപരമായി പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ തന്റെ പുതിയ സിനിമകളൊന്നും ഇനി തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് താരം ഔദ്യോഗികമായി വ്യക്തമാക്കി. നീണ്ട നാളത്തെ നിയമപോരാട്ടങ്ങള്‍ക്കും വ്യക്തിപരമായ പ്രതിസന്ധികള്‍ക്കും ഒടുവില്‍, വിവാഹമോചനം പൂര്‍ണ്ണമായി ലഭിച്ചതിനു ശേഷം മാത്രമേ തനിക്കിനി ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്താന്‍ മാനസികമായി സാധിക്കുകയുള്ളൂ എന്ന് അതീവ നിരാശയോടെയും വേദനയോടെയും രവി മോഹന്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഉയര്‍ന്നുവന്ന നിരന്തരമായ വിവാദങ്ങളും ക്രൂരമായ വ്യക്തിഹത്യകളും തന്നെ മാനസികമായി അത്രമേല്‍ തളര്‍ത്തിയെന്നാണ് താരം തുറന്നുപറയുന്നത്. പ്രസ് മീറ്റില്‍ അതീവ വികാരാധീനനായാണ് രവി മോഹന്‍ സംസാരിച്ചത്. തനിക്കെതിരെ ഒളിയമ്പെയ്യുന്നവരോട് നേരിട്ട് വരാന്‍ വെല്ലുവിളിച്ചുകൊണ്ട് താരം ഇങ്ങനെ പറഞ്ഞു.
'ശാന്തനായ, സാധുവായ ഒരാള്‍ കടുത്ത മാനസിക വിഷമം കാരണം പ്രതികരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിനെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. എന്റെ ഓഫീസ് ഇതാണ്, ഇത് എല്ലാവര്‍ക്കും അറിയുന്നതുമാണ്. അതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മറഞ്ഞുനിന്ന് ആക്രമിക്കാതെ, നേരിട്ട് വന്ന് കാര്യങ്ങള്‍ സംസാരിക്കാം. ഞാന്‍ ഇവിടെത്തന്നെയുണ്ട്. എത്ര പേര്‍ എന്നെ താഴേക്ക് വലിച്ചിടാന്‍ നോക്കിയാലും, അവരെയെല്ലാം നേരിടാന്‍ ഞാന്‍ തയ്യാറാണ്. വെറുമൊരു പഞ്ചിംഗ് ബാഗ് പോലെ തോന്നുമ്പോഴൊക്കെ വന്ന് എന്നെ അടിച്ചു വീഴ്ത്താമെന്ന് കരുതുന്നവരോടാണ് ഞാന്‍ പറയുന്നത്; ഒന്നിനും തളരാതെ, കരാട്ടെ ബാബുവിനെപ്പോലെ നെഞ്ചും വിരിച്ച് ഞാനിവിടെ നേരെ തന്നെയുണ്ട്.'
തന്റെ കരിയറിലെ ഏറ്റവും കഠിനമായ തീരുമാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ രവി മോഹന്റെ വാക്കുകളില്‍ കടുത്ത നിരാശയും ദേഷ്യവും പ്രകടമായിരുന്നു.
'കോടതിയില്‍ നിന്ന് കൃത്യമായ വിവാഹമോചനം ലഭിക്കുന്നത് വരെ എന്റെ ഒരു സിനിമ പോലും ഇനി തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ല. ഈയൊരു മാനസികാവസ്ഥയില്‍ എന്നെക്കൊണ്ട് ഇനി അഭിനയിക്കാന്‍ വയ്യ. കഴിഞ്ഞ കുറേ നാളുകളായി യാതൊരു കാരണവുമില്ലാതെ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ അപമാനങ്ങളും അധിക്ഷേപങ്ങളും ഇനിയെനിക്ക് താങ്ങാന്‍ പറ്റില്ല. എനിക്കിനിയും അതിനുള്ള ക്ഷമയില്ല. എന്നെ മാനസികമായി നോവിക്കാനും തകര്‍ക്കാനും നോക്കുന്നവരൊക്കെ ധൈര്യമുണ്ടെങ്കില്‍ മുന്നോട്ട് വന്നോളൂ, ഞാന്‍ എങ്ങോട്ടും ഓടിപ്പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്. എന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം ഞാന്‍ തന്നെ തീര്‍ത്തോളാം. എന്നാല്‍, എപ്പോഴാണോ ഈ വ്യക്തിപരമായ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുന്നത്, എന്ന് എനിക്ക് നിയമപരമായി വിവാഹമോചനം ലഭിക്കുന്നത്, എന്റെ സ്വകാര്യ ജീവിതം എപ്പോള്‍ ശാന്തമാകുന്നുവോ, എന്നാണോ ഈ ക്രൂരമായ സൈബര്‍ ബുള്ളിയിംഗ് അവസാനിക്കുന്നത്... അതുവരെ ഞാന്‍ ഇനി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കില്ല, അഭിനയിക്കുകയുമില്ല.'
തന്റെ ഈ കടുത്ത തീരുമാനം പൂര്‍ണ്ണമായും വ്യക്തിപരമാണെന്നും സിനിമാ വ്യവസായത്തെയോ തന്റെ ആരാധക കൂട്ടായ്മകളെയോ കുറ്റപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. തുടര്‍ന്ന് വികാരഭരിതനായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു:
'സിനിമയില്‍ വന്നിട്ട് 23 വര്‍ഷമായി. ഈ 23 വര്‍ഷം ഞാന്‍ രാവും പകലുമില്ലാതെ കഠിനമായി ജോലി ചെയ്തതാണ്. ഞാന്‍ ചെയ്ത സിനിമകളില്‍ 95 ശതമാനത്തോളവും വലിയ വിജയങ്ങളായിരുന്നു. കരിയറിലെ ഈ നേട്ടങ്ങളെല്ലാം ഞാന്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ വന്ന് ആളുകളോട് വിളിച്ചു പറയേണ്ടി വരുന്നത് എന്നെ സംബന്ധിച്ച് വലിയ നാണക്കേടാണ്. എങ്കിലും, എന്നെ പൊതുസമൂഹത്തിന് മുന്നില്‍ നാണംകെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരു കൂട്ടം ആളുകളുടെ മുന്നില്‍ ഇതെല്ലാം എടുത്തു പറയുന്നതില്‍ യാതൊരു തെറ്റുമില്ല. ഇനിയൊരു തവണ കൂടി എന്നെ ആരെങ്കിലും വന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ മിണ്ടാതിരിക്കില്ല. അവര്‍ എന്ത് ചെയ്താലും, അവര്‍ എന്ത് പറഞ്ഞാലും അവന്‍ തിരികെ ഒന്നും മിണ്ടില്ലെന്നാണോ അവര്‍ വിചാരിച്ചത്? ഇത്രയും നാള്‍ സ്ത്രീയാണ് എന്ന് കരുതി മാത്രമാണ് ഞാന്‍ പ്രതികരിക്കാതെ എല്ലാം സഹിച്ചു നിന്നത്; പക്ഷേ ഇനി അതില്ല!'
'ഇന്നുവരെ എനിക്ക് സ്വന്തമായി ഒരു വ്യക്തിഗത ബാങ്ക് അക്കൗണ്ട് പോലും ഇല്ല. എനിക്ക് ഉണ്ടായിരുന്നത് ഒരു ജോയിന്റ് അക്കൗണ്ട് മാത്രമാണ്. ഞാന്‍ ചെറിയൊരു തുക പോലും പിന്‍വലിച്ചാല്‍, 'എന്തിനാണ് പണം എടുത്തത്?' എന്ന് ഉടന്‍ വിളി വരുമായിരുന്നു. ഞാന്‍ അത് സ്വന്തം ആയി സമ്പാദിച്ചിട്ടും അന്നൊക്കെ ഞാന്‍ മൗനമായി സഹിച്ചു.'
''എന്റെ വീട്ടില്‍ നിന്നും ഒന്നുമില്ലാതെയാണ് ഞാന്‍ ഇറങ്ങഇയത്. ഇന്ന് ഞാന്‍ വാടക വീട്ടിലാണ് ജീവിക്കുന്നത്. ഞാന്‍ കെട്ടിയ വീട് ഇപ്പോഴുമുണ്ട്. കഠിനാധ്വാനത്തിലൂടെ ഞാന്‍ കെട്ടിയ വീട്ടില്‍ എനിക്ക് സന്തോഷമായി ജീവിക്കാമായിരുന്നു. പക്ഷെ ഒരാളെ സമാധാനത്തോടെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ലെങ്കില്‍ എങ്ങനെ രക്ഷപ്പെടും? ആളുകള്‍ എന്നെ എത്ര കളിയാക്കിയാലും ഞാനുമൊരുമനുഷ്യനാണ്'' എന്നും താരം പറഞ്ഞു. മക്കളുടെ സ്‌കൂള്‍ ഫീസായ 50 ലക്ഷം ഇത്രയും നാള്‍ താന്‍ തന്നെയാണ് നല്‍കിയിരുന്നതെന്നും രവി പറഞ്ഞു.
''അവര്‍ എന്റെ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല. അവരുടെ സ്‌കൂളിലേക്ക് ബോഡി ഗാര്‍ഡ്സിനെ അയക്കുന്നു. അവരുമായുള്ള ഫോണ്‍ ബന്ധം പോലും വിച്ഛേച്ചിരിക്കുകയാണ്. ഞാന്‍ സ്വയം മുറിപ്പെടുത്താന്‍ തുടങ്ങി. ഈ കൈ നോക്കൂ. ഇതാണ് സംഭവിക്കുന്നത്. ഞാന്‍ ഇതുവരെ എല്ലാം സഹിച്ചു. പക്ഷെ ഇനിയില്ല'' എന്നും രവി മോഹന്‍ പറഞ്ഞു. തന്റെ കൈയിലെ മുറിപ്പാട് ചൂണ്ടിക്കാണിച്ചായിരുന്നു താരം സംസാരിച്ചത്. ''ഒരു ദിവസം ഞാന്‍ ഈ ലോകം ഉപേക്ഷിക്കും. അതിന് മുമ്പ് അഴരുടെ സമാധാനം ഞാന്‍ അവസാനിപ്പിക്കും. ഇനി ഞാന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യില്ല. ആദ്യം എന്റെ വ്യക്ത്ി ജീവിതം ശരിയാക്കും. എന്റെ പേര് തിരികെ നേടും. അതിന് ശേഷമേ അഭിനയത്തിലേക്ക് മടങ്ങി വരൂ'' എന്നും താരം പറയുന്നു.