ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ നടന്‍മാര്‍ക്കെതിരെ മീടൂ ആരോപണങ്ങള്‍ കടുക്കുകയാണ്. ചിലര്‍ക്കെതിരെ കേസെടുക്കുകുയും ചെയ്തു. പലരും പ്രതികരണങ്ങളില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍, പുറത്തുവരുന്ന പരാതികളില്‍ തനിക്ക് ഞെട്ടല്‍ ഇല്ലെന്നാണ് നടിയും അവതാരകയുമായി രഞ്ജിനി ഹരിദാസ് പറയുന്നത്. പ്രധാന നടന്മാര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഞെട്ടിയില്ലെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്. നാളെ ഇത് സംഭാവിക്കാതെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. ഈ കഥകള്‍ ഇതിന് മുന്‍പ് തന്നെ കേട്ടിട്ടുണ്ട്. ഈ മേഖലയില്‍ ഇങ്ങനെ സംഭവിക്കുന്നില്ലെന്നും പറയുന്നത് ശരിയല്ല. എല്ലാവരും ഇത്തരം ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. അത് സത്യമാകുകയാണെന്നും രഞ്ജിനി തുറന്നടിച്ചു. ന്യൂസ് 18 കേരള ചാനലില്‍ അപര്‍ണ കുറുപ്പിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.
ഇന്ന് ഈ പെണ്‍കുട്ടികള്‍ ധൈര്യത്തോടെ വന്ന് കാര്യങ്ങള്‍ തുറന്നുപറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. 10, 20 വര്‍ഷം മുന്‍പ് ഇത് തുറന്നുപറഞ്ഞ പെണ്‍കുട്ടികളെ അഹങ്കാരികളും ധിക്കാരികളും പിഴച്ചവളും വേശ്യകളും എന്ന് വിളിച്ച ആ സമൂഹത്തില്‍ തന്നെയാണ് ഇന്ന് ഈ മാറ്റം വരുന്നത്. നിരവധി പേര്‍ തങ്ങള്‍ക്ക് സംഭവിച്ച കാര്യം തുറന്നുപറയാന്‍ തയ്യാറായി അതില്‍ എനിക്ക് സന്തോഷമുണ്ട്. ഡബ്യൂസിസിയെ ആദ്യം വിമര്‍ശിച്ചവര്‍ ഇന്ന് അതിനൊപ്പം നില്‍ക്കുകയാണ്.
ഇപ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കണ്ടിട്ട് ഞാന്‍ ഞെട്ടിയില്ല.ഇതൊക്കെ ഇന്നും ഇന്നലെയും സംഭവിച്ചിരുന്നു. നാളെ സംഭാവിക്കാതെ ഇരിക്കണമെന്നാണ് ആഗ്രഹം. ഈ കഥകള്‍ ഞാന്‍ മാത്രമല്ല സിനിമ മേഖലയില്‍ അടുത്ത് പ്രവര്‍ത്തിക്കുന്നവരും അവരുടെ ഡ്രൈവര്‍മാരും ജോലിക്കാരുമെല്ലാം കേട്ടിട്ടുണ്ടാകും.
ഇവരെക്കുറിച്ച് മാത്രമല്ല എല്ലാവരെയും കുറിച്ച് കേട്ടിട്ടുണ്ട്. അതില്‍ പലതും സത്യം ആവണമെന്നില്ല.ഒരു പെണ്ണ് എവിടെയുണ്ടോ,? ആ പെണ്ണിനെക്കുറിച്ച് അവിടെയുള്ളവര്‍ കാര്യങ്ങള്‍ പറഞ്ഞിട്ട് ഉണ്ടാകും. സിനിമയില്‍ ലൈംഗികാതിക്രമം നടക്കുന്നില്ലെന്ന് പറയുന്നവര്‍ നുണപറയുകയാണ്. സിനിമമേഖലയില്‍ അധികം അടുത്ത് നില്‍ക്കാത്ത ഞാന്‍ തന്നെ ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. എനിക്ക് വരെ ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്',- താരം വ്യക്തമാക്കി.കണ്ണൂരില്‍ വച്ച് നടന്ന പരസ്യ ഷൂട്ടിംഗില്‍ അത്തരം അനുഭവമുണ്ടായെന്നും, ശക്തമായി പ്രതികരിക്കുകയാണ് ചെയ്തതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.
' എനിക്ക് ഷര്‍ട്ട് ഇല്ലാത്ത ഫോട്ടോ അയച്ച ഒരു നടന്‍ ഉണ്ട്. എന്തിനാണ് അങ്ങനെയൊരു ചിത്രം അയച്ചതെന്ന് ചോദിച്ചപ്പോള്‍ ഇത് പോലത്തെ ഫോട്ടോ തനിക്ക് തിരിച്ചയയ്ക്കൂ എന്നായിരുന്നു അയാളുടെ മറുപടി. അപ്പോള്‍ തന്നെ അതിന് നല്ല മറുപടി ഞാന്‍ കൊടുത്തു. Wrong window എന്നാണ് അന്ന് അയാള്‍ക്ക് മറുപടി അയച്ചത്. ആ ഫോട്ടോ ഇപ്പോള്‍ കയ്യിലില്ല, അതുകൊണ്ടാണ് പേര് പറയാത്തതെന്നും ' രഞ്ജിനി പറഞ്ഞു......
ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെക്കാള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത് പ്രമുഖ നടിമാരാണ്. ഭാവി നശിക്കാതിരിക്കാന്‍ അവരാരും പുറത്തുപറയുന്നില്ല എന്ന് മാത്രം. അച്ഛനോ അമ്മയോ വലിയ നടീനടന്മാര്‍ ആണെങ്കിലോ. നിര്‍മ്മാതാക്കളുടെ കുടുംബം ആണെങ്കിലോ ഇത്തരം അനുഭവങ്ങള്‍ വരില്ല. എന്നാല്‍ ആരെയും അറിയാതെ സിനിമ മോഹം കൊണ്ട് വരുന്നരാണ് ഇത്തരം കുഴിയില്‍ വീഴുന്നതെന്നും താരം പറയുന്നു.