അവതരണ രംഗത്ത് തന്റേതായൊരു ശൈലിയുമായി മുന്നേറിയ ആളാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായിരുന്നു രഞ്ജിനിയുടെ കരിയര്‍ മാറിമറിഞ്ഞത്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന സംസാര രീതി രഞ്ജിനിയെ ശ്രദ്ധേയയാക്കുകയായിരുന്നു. ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു രഞ്ജിനിക്ക് ലഭിച്ചത്. 2007-ല്‍ താന്‍ ടി.വി അവതാരകയായി വന്നപ്പോള്‍ മുതല്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും തന്റെ വ്യക്തിജീവിതത്തെ കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍ രഞ്ജിനി. ഐ ആം വിത്ത് ധന്യ വര്‍മ എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ര്ഞ്ജിനി തന്റെ വിശേഷങ്ങള്‍ പങ്ക് വച്ചത്.
അടക്കവും ഒതുക്കവുമില്ല, കേരളത്തനിമയില്ല, ആളുകളെ കെട്ടിപ്പിടിക്കുന്ന, കാല് കവച്ച് വെക്കുന്ന, ഇംഗ്ലീഷ് സംസാരിക്കുന്ന, അട്ടഹസിക്കുന്ന തന്നെ ആളുകള്‍ക്ക് ഭയങ്കര പ്രശ്നമായിരുന്നുവെന്ന് രഞ്ജിനി പറഞ്ഞു. അന്ന് തനിക്ക് പ്രായം കുറവായിരുന്നു. ഇത്തരത്തില്‍ കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ കേട്ടപ്പോള്‍ അതൊന്നും തന്നെ ബാധിച്ചില്ലെന്നും അതിന് കാരണം താന്‍ വളര്‍ന്ന രീതിയാണെന്നും രഞ്ജിനി പറയുന്നു.പാര്‍ട്ടി ചെയ്യുന്നതുകൊണ്ടും മറ്റും ഞാനൊരു മോശം വ്യക്തിയാണെന്ന് കുറേ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതെല്ലാം വളരെ ചെറിയ പ്രായത്തില്‍ കേട്ടതുകൊണ്ട് എനിക്കൊന്നും തോന്നിയില്ല.
ഇന്ന് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ സാധാരണമാണ്. അതങ്ങനെ അല്ലാതിരുന്ന സമയത്ത് നേരിട്ടയാള്‍ ഞാനാണ്. ഇപ്പോള്‍ എല്ലാവരേയും ടാര്‍ഗറ്റ് ചെയ്യുന്നു. അന്നത് ഒരുദിശയില്‍ മാത്രമേയുള്ളൂ. ഇന്ന് ഇങ്ങോട്ട് പറഞ്ഞാല്‍ എനിക്ക് അങ്ങോട്ട് തിരിച്ച് പറയാം. അതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമേയില്ല. അന്നേ എന്നെ അതൊന്നും ബാധിച്ചിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു. അതെല്ലാം ഒരു അതിജീവനത്തിന്റെ ഭാഗമായാണ് എനിക്ക് തോന്നുന്നത്. ചെറിയ പ്രായത്തിലേ അച്ഛന്‍ നഷ്ടപ്പെട്ടു. മുത്തച്ഛനാണ് എന്നെയും അമ്മയേയും വളര്‍ത്തിയത്. സാമ്പത്തികമായി നോക്കിയതെല്ലാം അവരാണ്.
കുട്ടിക്കാലത്ത് ആരും തന്നെ സ്വാധീനിച്ചിട്ടില്ല. ജീവിതമാണ് തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ആളുകള്‍ നല്‍കിയ അനുഭവങ്ങളുടെ അത്രയൊന്നും ആരും തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് രഞ്ജിനി പറഞ്ഞു. ജീവിതത്തിലെ എല്ലാ നിമിഷങ്ങളും നമ്മെ രൂപപ്പെടുത്തുന്നുണ്ടെന്നാണ് താന്‍ വിചാരിക്കുന്നതെന്നും അച്ഛന്റെ മരണമടക്കം ടന്നുപോയിട്ടുള്ള എല്ലാ അനുഭവങ്ങളും തന്നെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു.
മുപ്പതാം വയസ്സിലാണ് അമ്മ വിധവയായത്. എനിക്കന്ന് ഏഴ് വയസ്സാണ്. അന്ന് ഒരു പരാജയപ്പെട്ട, നിസ്സഹായയായ സ്ത്രീയായിരുന്നു അമ്മ. അമ്മയുടെ 22-ാം വയസ്സിലാണ് ഞാന്‍ ജനിക്കുന്നത്. അമ്മയ്ക്ക് ജോലിയുണ്ടായിരുന്നില്ല. 12-ാം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠിക്കണോ വിവാഹം കഴിക്കണോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് വിവാഹം കഴിച്ചാല്‍ മതിയെന്നായിരുന്നു അമ്മ പറഞ്ഞത് . മദ്യപിക്കാത്ത ഒരാളെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കമെന്നായിരുന്നു അപ്പൂപ്പന്റെ ആഗ്രഹം. എന്നാല്‍ അമ്മയെ കെട്ടണമ
മെന്ന ആഗ്രഹത്താല്‍ മദ്യപിക്കില്ലെന്ന് കള്ളം പറഞ്ഞാണ് അച്ഛന്‍ അമ്മയെ വിവാഹം കഴിച്ചതെന്നും രഞ്ജിനി വ്യക്തമാക്കി..
തന്റെ പ്രണയങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്നും രഞ്ജിനി പറയുന്നുണ്ട്. എനിക്ക് വളരെ പെട്ടെന്നു തന്നെ ബോറടിക്കും. അതുകൊണ്ടാകും ഞാനിപ്പോഴും വിവാഹം കഴിക്കാതിരിക്കുന്നത് എന്നാണ് രഞ്ജിനി ചിരിച്ചു കൊണ്ട് പറയുന്നത്. 42-ാം വയസിലും ഞാന്‍ വിവാഹം കഴിക്കാത്തത് എന്തുകൊണ്ട് എന്ന് ആലോചിക്കുമ്പോള്‍ ഒരുപാട് കാരണങ്ങളുണ്ട്. അമ്മ ഒറ്റയ്ക്കാണ് ഞങ്ങളെ വളര്‍ത്തിയത്. പണവും വീടും ജീവിക്കാനുള്ള കാര്യങ്ങളുമുണ്ടെങ്കില്‍ ഒരാള്‍ കൂടെ വേണമെന്നില്ലെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നും താരം പറയുന്നു. പിന്നാലെ തന്റെ പ്രണയങ്ങളെക്കുറിച്ചും രഞ്ജിനി സംസാരിക്കുന്നുണ്ട്.
ഞാന്‍ റൊമാന്റിക് ആയൊരു ആളല്ല. ഷാരൂഖ് ഖാന്റെ സിനിമയൊക്കെ കണ്ടപ്പോള്‍ 1990 ല്‍ ഉണ്ടായിരുന്നു. പിന്നീട് അതൊക്കെ നുണയാണെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ ഒട്ടും റൊമാന്റിക് അല്ല. എനിക്ക് പിഡിഎ ഒന്നും സാധിക്കില്ല. കെട്ടിപ്പിടിക്കുന്നതിലും ഉമ്മ വെക്കുന്നതിലുമൊന്നും പ്രശ്നമില്ല. എന്റെ റൊമാന്‍സ് അകത്താണ്. അത് പുറത്ത് കാണിക്കാന്‍ സാധിക്കില്ലെന്നാണ് രഞ്ജിനി പറയുന്നത്.
എനിക്ക് ഒരുപാട് പ്രണയങ്ങളുണ്ടായിട്ടുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. അതേസമയം തന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ റിലേഷന്‍ഷിപ്പ് ശരത്തുമായുള്ളതാണെന്നാണ് രഞ്ജിനി പറയുന്നത്. എന്റെ റിലേഷന്‍ഷിപ്പുകളൊക്കെ ഒന്നൊന്നരവര്‍ഷം കഴിയുമ്പോള്‍ തകരാറാണ് പതിവ്. ഒരേ ആളെ തന്നെ മൂന്ന് വട്ടമൊക്കെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. ഒക്കെ ശ്രമിച്ചു നോക്കുന്നതാണ്. പിന്നീട് മനസിലാകും ആളുകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന്. അതോടെ നിര്‍ത്തിയെന്നും താരം പറയുന്നു.
തുടക്കത്തില്‍ ഉണ്ടാകുന്ന സ്വഭാവമായിരിക്കില്ല പിന്നീട്. സെലിബ്രിറ്റി ടാഗൊക്കെ വരുമ്പോള്‍ അവരിലും മാറ്റം സംഭവിക്കുന്നത് കാണാന്‍ സാധിക്കുമെന്നും താരം പറയുന്നു. റിലേഷന്‍ഷിപ്പിനെ മതം മാറിയവരും മതം മാറ്റാന്‍ ശ്രമിച്ചവരുമൊക്കെയുണ്ട്. 20 കളിലും 30 കളിലും 40 കളിലും പ്രണയിച്ചിട്ടുണ്ടെന്നും രഞ്ജിനി പറയുന്നു. അതേസമയം, ശരത്തിനെ എനിക്ക് 16 വയസ് മുതല്‍ അറിയാം. ഞങ്ങള്‍ അത്ര ചെറുപ്പത്തില്‍ തന്നെ സുഹൃത്തുക്കളായിരുന്നുവെന്നും രഞ്ജിനി പറയുന്നുണ്ട്.
സുഹൃത്തായ ശരത്ത് പുളിമൂടിനെ കുറിച്ച് രഞ്ജിനി പറഞ്ഞത് ഇങ്ങനെ. കൊവിഡ് സമയത്താണ് ശരത്തുമായി പ്രണയത്തിലാകുന്നത്. ഇടയ്ക്കിടെ ശരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ രഞ്ജിനി പങ്കിടാറുണ്ട്. താനും ശരത്തും ഒരേ പോലെയുള്ള വ്യക്തികളാണെന്ന് രഞ്ജിനി പറയുന്നു. ശരത്ത് ഡിവോഴ്‌സിയാണെന്നും രഞ്ജിനി പറഞ്ഞു.
'ഞാന്‍ വിവാഹത്തിലേക്ക് പോയിട്ടില്ലെങ്കിലും എനിക്ക് ഒരുപാട് റിലേഷന്‍ഷിപ്പ്‌സ് ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും വര്‍ക്കായില്ല. പക്ഷെ ശരത്തുമായുള്ള എന്റെ ബന്ധവും കോംപ്ലിക്കേറ്റഡ് തന്നെയാണ്. സ്മൂത്തായാണ് പോകുന്നതെന്ന് പറയാനാവില്ല. കാരണം ഞാനും ശരത്തും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. സിമിലാരിറ്റീസുള്ള ആള്‍ക്കാര്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ്‌സ് നിലനില്‍ക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കൊവിഡ് സമയത്താണ് ഞങ്ങള്‍ ഡേറ്റ് ചെയ്യാന്‍ ആരംഭിച്ചത്.
പിന്നീട് ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു', എന്ന് രഞ്ജിനി പറയുന്നു.
ഒരുമിച്ച് താമസിച്ചപ്പോഴാണ് ഞങ്ങള്‍ പാട്‌നേഴ്‌സ് എന്ന രീതിയില്‍ ഗംഭീരമാണെന്ന് ഞാന്‍ മനസിലാക്കിയത്. കൊവിഡ് കഴിഞ്ഞപ്പോള്‍ ആ ചിന്തയില്‍ മാറ്റം വന്നു. ശരത്തിന് വലിയൊരു സോഷ്യല്‍ സര്‍ക്കിളുണ്ട്. ഞാന്‍ സോഷ്യലാണ്. പക്ഷെ ശരത്തിനെപ്പോലെയാകാന്‍ എനിക്ക് പറ്റില്ല. പിന്നീട് ശരത്ത് ദുബായിക്ക് പോയി. ഞാനും പോകണമെന്ന് ആദ്യം കരുതിയാണ്. പിന്നീട് വേണ്ടെന്ന് വെച്ചു'എന്നും രഞ്ജിനി പറയുന്നു.
ജീവിതത്തില്‍ എനിക്ക് പേടിയുണ്ടായിരുന്ന ഏക വ്യക്തി അച്ഛനായിരുന്നുവെന്നും അച്ഛന്‍ ദേഷ്യപ്പടുമ്പോള്‍ ഞാന്‍ കരയും. അച്ഛന്റെ ഒരുപാട് സ്വഭാവങ്ങള്‍ എനിക്കുണ്ടെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. തന്റെ അടിസ്ഥാനാവശ്യങ്ങള്‍ക്ക് ആരുടേയും സഹായം ആവശ്യമായിരുന്നില്ല. സഹോദരനും അമ്മയുമെല്ലാം അങ്ങനെയാണ് വളര്‍ന്നുവന്നത്.
അച്ഛനില്ലാതെ വളര്‍ന്ന കൊച്ച്, കൂറേക്കൂടി സൂക്ഷിക്കണം തുടങ്ങിയ കണ്ടീഷണിങ് എല്ലാം ഒരുഭാഗത്ത് നടത്താന്‍ നോക്കിയിരുന്നു. മറുഭാഗത്ത് നമ്മള്‍ കുറേക്കൂടി ശക്.മായി നിന്നാല്‍ അത് പോകില്ലേ എന്നാണ് ഞാന്‍ ചിന്തിച്ചത്. ആ ശക്തി സ്വഭാവികമായി ഉണ്ടായിവരികയാണ് ചെയ്യുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു..