സിനിമയില്‍ സജീവമല്ലെങ്കിലും കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായകനാണ് സുരേഷ് ഗോപി. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ കാരണം അഭിനയരംഗത്ത് നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെങ്കിലും, അദ്ദേഹത്തിന്റെ പഴയ അഭിമുഖങ്ങളും അനുഭവങ്ങളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. അത്തരത്തില്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ഭാര്യ രാധികയുമായുള്ള രസകരമായ അനുഭവങ്ങളെക്കുറിച്ചും സുരേഷ് ഗോപി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
സിനിമയില്‍ ലിപ് ലോക്ക് രംഗങ്ങള്‍ വന്നാല്‍ ചെയ്യുമോ എന്ന ചോദ്യത്തിന്, താനൊരു കലാകാരനാണെന്നും സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം വിഷയങ്ങളില്‍ വീട്ടില്‍ ചര്‍ച്ചകള്‍ പോലും ഉണ്ടാകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ദൂരരേഖ' എന്ന സിനിമയിലെ ഒരു പാട്ട് ടിവിയില്‍ വരുമ്പോള്‍ രാധിക കാണാറുണ്ടെങ്കിലും, പായയില്‍ രണ്ടുപേരും കിടക്കുന്ന ഒരു രംഗമെത്തുമ്പോള്‍ രാധിക പതുക്കെ എഴുന്നേറ്റ് പോകുന്നത് താന്‍ നാലഞ്ചു തവണ ശ്രദ്ധിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി ഓര്‍ത്തെടുക്കുന്നു.
എന്നാല്‍, ശോഭനയുടെ കൂടെ അഭിനയിക്കുന്നത് കാണുമ്പോള്‍ 'ഇവരാണല്ലോ ശരിക്കും ഭാര്യയും ഭര്‍ത്താവും' എന്ന് രാധിക ഇപ്പോഴും പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ഹിറ്റ് ചിത്രമായ 'മാനത്തെ കൊട്ടാര'ത്തില്‍ നടി ഖുശ്ബുവിനെ കോരിയെടുക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ തന്റെ നടുവിന് പരിക്കേറ്റിരുന്നു. എന്നാല്‍ പടം കണ്ട് വീട്ടിലെത്തിയ രാധിക, സിനിമയിലേതുപോലെ തന്നെയും കോരിയെടുക്കണമെന്ന് കൊച്ചുകുട്ടികളെപ്പോലെ ശാഠ്യം പിടിച്ചു. ഒടുവില്‍ രാധികയെയും താന്‍ അതുപോലെ എടുത്തതായി സുരേഷ് ഗോപി ഓര്‍ത്തെടുത്തു.
തനിക്ക് ലാളിക്കപ്പെടുന്നത് ഏറെ ഇഷ്ടമാണെന്ന് താരം പറയുന്നു. 'രാവിലെ പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ രാധിക എനിക്ക് വാരി തരാറുണ്ട്, എനിക്കതൊരു കൊഞ്ചല്‍ പോലെയാണ് തോന്നാറുള്ളത്. എന്നാല്‍ ഉത്തരവാദിത്തങ്ങളുടെ തിരക്കില്‍ പലപ്പോഴും ആ കൊഞ്ചലുകള്‍ മുങ്ങിപ്പോകാറുണ്ട്. രണ്ട് ഇഡ്ഡലിക്ക് മുകളില്‍ ഒരു ഉരുള കൂടി വന്നാല്‍ മതി, ചമ്മന്തിക്ക് രുചി കൂടിയാല്‍ ഒരു ഇഡ്ഡലി കൂടുതല്‍ കഴിക്കും...'- കുടുംബവിശേഷങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി പറഞ്ഞു.