പഴശ്ശി രാജയ്ക്ക് ശേഷം ചരിത്ര പുരുഷന്റെ റോളില്‍ മമ്മൂട്ടി എത്തുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ പടുകൂറ്റന്‍ സെറ്റുകളും യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ചേകവനായി മമ്മൂട്ടിയുടെ രൂപവും ഏറെ പോസ്റ്ററുകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരില്‍ ആകാംഷയുടെ തീകോരിനിറച്ചാണ് മാമാങ്കത്തിന്റെ പുതിയ ട്രെയിലറെത്തിരിക്കുന്നത്.
ചുരികവീശി കച്ചകെട്ടിയാണ് രണഭൂമിയില്‍ അടരാടാന്‍ മമ്മൂട്ടിയെത്തുന്നത്. ട്രെയിലറിലെ മമ്മൂട്ടിയുടെ ഡയലോഗുകള്‍ പോലും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 'കല്ലായി തുറമുഖത്തെ ഖുറേഷിമാരോട് ചോദിച്ചറിയണമായിരുന്നു ചന്ദ്രോത്തെ ചുരികച്ചൂര്..'എന്ന മാസ് ഡയലോഗാണ് ട്രെയിലറില്‍ മമ്മൂട്ടിയുടെ പഞ്ച് നിറയ്ക്കുന്ന സംഭാഷണം.
വടക്കന്‍ വീരഗാഥയ്്ക്കും പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ആതീവ ആകാംഷയിലാണ് പ്രേക്ഷകര്‍. സജീവ് പിള്ള പത്തുവര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് മാമാങ്കത്തിന്റെ തിരക്കഥ ഒരുക്കിയത്. ആദ്യഘട്ടത്തില്‍ സജീവ് തന്നെ സംവിധാനം നിര്‍വഹിച്ചിരുന്നു എങ്കിലും പിന്നീട് ഇദ്ദേഹത്തെ മാറ്റുകയായിരുന്നു. പിന്നീട് ചിത്രത്തിന്റെ സംവിധാന ചുമത എം. പത്മകുമാറിലേക്ക് എത്തുകയും ചെയ്തു.
പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. മലയാള സിനിമയില്‍ മറ്റൊരു ചരിത്രമാകാന്‍ പോകുന്ന ചിത്രമാണിതെന്ന് ഇതിനോടകം സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി മാമാങ്കം അണിയിച്ചൊരുക്കുന്നത്.
മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇതെന്നാണ് കണക്ക്. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ചുതന്‍ തുടങ്ങി. വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് നായികമാര്‍. മനോജ് പിള്ളയാണ് ഛായാഗ്രഹകന്‍.