കാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ വയനാട് സ്വദേശിയായ സി.ആര്‍.പി.ഫ് ജവാന്‍ വസന്ത്കുമാറിന്റെ വീട്ടില്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി ബാഷ്പാഞ്ജലി അര്‍പ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മമ്മൂട്ടി അരമണിക്കൂറോളം അവിടെ ചെലവഴിച്ചു.
മമ്മൂട്ടിട്ടിക്കൊപ്പം അബുസലീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും വസന്ത് കുമാറിന് ബാഷ്പാഞ്ജലി അര്‍പ്പിച്ചു. രാജ്യ സേവനത്തിനിടെ ജീവന്‍ നഷ്ടമായ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശില്‍ നടന്ന യാത്ര സിനിമയുടെ വിജയാഘോഷത്തില്‍ മമ്മൂട്ടി സംസാരിച്ചു തുടങ്ങിയത്.
പുല്‍വാമയില്‍ ജവാന്മാര്‍ക്കെതിരെ ഉണ്ടായ ആക്രമണം അത്യന്തം ദുഃഖകരമാണെന്ന് മമ്മൂട്ടി നേരത്തെ ട്വിറ്ററില്‍ കുറിച്ചിരിന്നു. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ആക്രമണത്തില്‍ പരുക്കേറ്റ ജവാന്മാര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇന്ത്യയുടെ വീരപുത്രന്മാര്‍ക്ക് സല്യൂട്ട് അര്‍പ്പിച്ചാണ് മമ്മൂട്ടി തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്.
മെഗാതാരം ഇപ്പോള്‍ ഉണ്ട എന്ന തന്റെ പുതിയ ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണവുമായി വയനാട്ടില്‍ ഉണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് മമ്മൂട്ടി വസന്ത്കുമാറിന്റെ വീട്ടിലേക്ക് സന്ദര്‍ശനം നടത്തിയത്.