ഇന്ത്യന്‍ സിനിമാ ആരാധകര്‍ ആകംക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വിവാദത്തില്‍. രജനീകാന്ത്- ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 2.0. 2010 ല്‍ ഇറങ്ങിയ യന്തിരന്റെ രണ്ടാം പതിപ്പാണ് 2.0. നാളെ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കമ്പനികളാണ് ഇപ്പോള്‍ രംഗത്തെത്തിയത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രൊമോഷണല്‍ വീഡിയോകളും ഉടനടി നിരോധിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
ചിത്രത്തില്‍ ഫോണ്‍ ഉപയോഗംമോശമായി കാണിക്കുന്നുവെന്നാണ് പരാതി. സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ്ഇന്ത്യയാണ്(സി.ഒ.എ.ഐ) പരാതിയുമായി എത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, മൊബൈല്‍ ടവറുകള്‍, മൊബൈല്‍ സര്‍വീസ് എന്നിവയെ മോശമാക്കുന്ന ആന്റി സയന്റിഫിക്ക് പ്രമേയമാണ് ചിത്രത്തിന്റേതെന്ന് ഇവര്‍ ആരോപിക്കുന്നു. തങ്ങളുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് വരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡിനും കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനും പരാതി നല്‍കിയിട്ടുണ്ട്.
ചിത്രത്തില്‍ വില്ലനായെത്തുന്നത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. വില്ലന്‍ കഥാപാത്രം മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരെ ആക്രമിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവരും കൊലയാളികളാണെന്നും പറയുന്നുണ്ട്. മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് അവര്‍ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമയെന്നും പറയുന്നു.
ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയില്‍ കരണ്‍ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.