'അടി കപ്യാരെ കൂട്ടമണി' സംഘത്തിന്റെ പുതിയ ചിത്രം 'ഉറിയടി'യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 2018 നവംബര്‍ മാസം ആയിരുന്നു ചിത്രീകരണത്തിന് തുടക്കം. പോലീസ് കഥ പറയുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ എക്കാലത്തും ഓര്‍ക്കപ്പെടുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച താരങ്ങളുമായാണ് വരവ്.
തിരുവനന്തപുരം നഗരത്തിലുള്ള ഒരു പോലീസ് ക്വാര്‍ട്ടേഴ്സും അവിടുത്തെ താമസക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡി-ഡ്രാമ ജോണറില്‍പ്പെട്ട 'ഉറിയടി' ജനുവരി 17-ന് തിയറ്ററുകളിലെത്തുന്നു.
ഡി.വൈ.എസ്.പി മുതല്‍ കോണ്‍സ്റ്റബിള്‍ വരെയുള്ളവര്‍ കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ് എന്നിവര്‍ അണിനിരക്കുന്നു. ഒന്നില്‍ കൂടുതല്‍ നായകന്മാരുണ്ടാവും.സിദ്ദിഖ്, ബൈജു, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, സുധി കോപ്പ, നോബി, വിനീത് മോഹന്‍, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് ഉറിയടിയിലെ മറ്റു താരങ്ങള്‍.
ത്രി.എഫ്. ആന്റ് ഫിഫ്റ്റിസിക്സ് സിനിമാസിന്റെ ബാനറില്‍ നൈസാം എസ് സലീം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് ദാമോദര്‍ എഴുതുന്നു. ജെമിന്‍ ജെ അയ്യനേത്താണ് ഛായാഗ്രഹണം. അനില്‍ പനച്ചൂരാന്‍, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്കു ഇഷാന്‍ ദേവ് സംഗീതം പകരുന്നു.