ചെങ്ങന്നൂരില്‍ നടന്ന കുടുംബശ്രീ ദേശീയ സരസ് മേളയുമായി ബന്ധപ്പെട്ട നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയത് നടന്‍ മോഹന്‍ലാല്‍ ആയിരുന്നു. നടന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടുന്നത്.മോഹന്‍ലാലിനെ പൂച്ചെണ്ട് കൊടുത്ത് സ്വീകരിച്ചത് ചെങ്ങന്നൂര്‍ നഗരസഭയിലെ ഹരിതകര്‍മ സേനാംഗമായ പൊന്നമ്മയാണ്.
പരിപാടിയുടെ മുഖ്യ സംഘാടകനായമന്ത്രി സജി ചെറിയാനാണ് നടന്‍ മോഹന്‍ലാലിനെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കാന്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മ സേനാംഗമായ പൊന്നമ്മ ദേവരാജിനെ തിരഞ്ഞെടുത്തത്. മുഖ്യാതിഥിയെ സ്വീകരിക്കുന്നതിനായി സജി ചെറിയാന്‍ പൊന്നമ്മയെ വേദിയിലേക്ക് ക്ഷണിച്ചപ്പോള്‍ വലിയ ആരവമാണ് കാണികളില്‍ നിന്നുണ്ടായത്. വേദിയിലെത്തിയ പൊന്നമ്മ നിറചിരിയോടെ മോഹന്‍ലാലിന് പൂച്ചെണ്ട് നല്‍കുകയും അത് സ്വീകരിച്ച മോഹന്‍ലാല്‍, പൊന്നമ്മയുടെ ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തു.
ഈ നിമിഷം വലിയ കരഘോഷമാണുണ്ടായത്. മോഹന്‍ലാലിന് പൂച്ചെണ്ട് നല്‍കിയ ശേഷം തിരികെ പോകുന്ന പൊന്നമ്മയെ സജി ചെറിയാനും മന്ത്രി എം ബി രാജേഷും സന്തോഷപൂര്‍വം കെട്ടിപിടിക്കുന്നതും വീഡിയോയില്‍ കാണാം. പ്രസംഗത്തിനിടയില്‍ തനിക്ക് ലഭിച്ച പൂച്ചെണ്ടിന് മോഹന്‍ലാല്‍ പൊന്നമ്മയ്ക്ക് നന്ദി പറയുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
https://www.facebook.com/reel/1268853417741870