Latest News

ഓര്‍മകള്‍ പൂര്‍ണമായി മറഞ്ഞു പോയ സമയത്തും, അമ്മ ഓര്‍ത്തു വച്ച തിരിച്ചറിഞ്ഞ 2 പേരുകളും, മുഖങ്ങളും എന്റെയും, മമ്മുട്ടി എന്ന മഹാനടന്റെയും മാത്രം; കുറിപ്പുമായി മായ മേനോന്‍; നാലു പതിറ്റാണ്ട് മുമ്പ് പടയോട്ടത്തിന്റെ സെറ്റില്‍വെച്ച് കൈ കൊടുത്തപ്പോള്‍ സംസാരിച്ച അതേ ഊഷ്മളത തന്നെയെന്ന് സംവിധായകന്‍ കെ മധുവിന്റെ കുറിപ്പ്

Malayalilife
ഓര്‍മകള്‍ പൂര്‍ണമായി മറഞ്ഞു പോയ സമയത്തും, അമ്മ ഓര്‍ത്തു വച്ച തിരിച്ചറിഞ്ഞ 2 പേരുകളും, മുഖങ്ങളും എന്റെയും, മമ്മുട്ടി എന്ന മഹാനടന്റെയും മാത്രം; കുറിപ്പുമായി മായ മേനോന്‍; നാലു പതിറ്റാണ്ട് മുമ്പ് പടയോട്ടത്തിന്റെ സെറ്റില്‍വെച്ച് കൈ കൊടുത്തപ്പോള്‍ സംസാരിച്ച അതേ ഊഷ്മളത തന്നെയെന്ന് സംവിധായകന്‍ കെ മധുവിന്റെ കുറിപ്പ്

മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ച് പ്രിയപ്പെട്ടവര്‍ പങ്ക് വച്ച കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്.മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്ന താരങ്ങളില്‍ നടി മായ മേനോന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്റെ അമ്മയ്ക്ക് മമ്മൂട്ടിയോടുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതായിരുന്നു മായയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്:

എന്റെ അനുഭവ കഥ : എന്റെ അമ്മയുടെ മമ്മൂട്ടി സ്നേഹം. മമ്മുക്ക - സിനിമയെ സ്നേഹിക്കുന്ന, സിനിമ സ്വപ്നം കാണുന്ന, സിനിമയില്‍ എന്തെങ്കിലും ആവണം എന്നാഗ്രഹിച്ചു മുന്നോട്ട് പോകുന്ന, ഏതൊരു സാധാരണ മനുഷ്യനും വഴികാട്ടിയാക്കാവുന്ന, കൃത്യമായ സിനിമ എന്ന ലക്ഷ്യബോധത്തിന്റെ, വളരെ വ്യക്തമായ സിനിമ സ്വപ്നങ്ങളുടെ, തെല്ലും മടുപ്പില്ലാത്ത അത്യധ്വാനത്തിന്റെ, ആത്മ സംയമനത്തിന്റെ, സ്വയം ഉണ്ടാക്കിയെടുത്ത ജീവിത ചിട്ടകളുടെ കെടാത്ത പ്രതീക്ഷകളുടെ, പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുവാനും, ചുറ്റുമുള്ള എന്തിനെയും, ആരെയും കൂലംകഷമായി നീരീക്ഷിക്കുവാനും, പഠിക്കുവാനും, അങ്ങിനെ ഇന്നലത്തെ തന്നെക്കാള്‍ ഇന്നത്തെ താന്‍ ആയി അപ്പ്ഡേറ്റ് ചെയ്യാനും ഒക്കെ തയ്യാറാവുന്ന തുറന്ന മനസ്സോടെ ജീവിക്കുന്ന ഒരു കലാകാരന്‍ - അതാണ് നമ്മള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരവും, പരസ്യ അഭിമാനവുമായ സാക്ഷാല്‍ മമ്മുട്ടി എന്ന നമ്മുടെയെല്ലാം പ്രിയപ്പെട്ട മമ്മുക്ക.

പക്ഷെ മമ്മുക്ക, എനിക്ക് നിങ്ങളോടുള്ള പ്രത്യേക ഇഷ്ടം അത് കൊണ്ടൊന്നുമല്ല. കാരണം, അതെല്ലാം ജീവിത വിജയം,കരിയര്‍ വിജയം വിജയം ഒക്കെ ആഗ്രഹിക്കുന്ന ഏതൊരാളും ചെയ്യേണ്ട കാര്യങ്ങള്‍ തന്നെയാണ് താങ്കളും ചെയ്തുള്ളൂ. പക്ഷെ ഇതൊന്നുമല്ല ഞാന്‍ അങ്ങയെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണം. ഞാന്‍ അങ്ങയെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടാനുള്ള ഏറ്റവും വലിയ കാരണം, അത്, എന്റെ മരിച്ചു പോയ അമ്മയ്ക്ക് ഏറ്റവും ഇഷ്ടം ഉള്ള നടന്‍ അങ്ങ് ആയിരുന്നു എന്നത് തന്നെയാണ്. Dementia (പ്രായം കൊണ്ട് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന കടുത്ത മറവിരോഗം) എന്ന അസുഖം വന്നു അവസാന കാലത്ത്, ഓര്‍മകള്‍ പൂര്‍ണമായി മറഞ്ഞു പോയ സമയത്തും, അമ്മ ഓര്‍ത്തു വച്ച തിരിച്ചറിഞ്ഞ 2 പേരുകളും, മുഖങ്ങളും എന്റെയും, മമ്മുട്ടി എന്ന മഹാനടന്റെയും മാത്രമാണ് എന്നത് തന്നെയാണ് എനിക്ക് അങ്ങയോടുള്ള ഏറ്റവും വലിയ ആത്മബന്ധം.

കുട്ടിക്കാലം മുതല്‍ സിനിമ ഭ്രാന്തിയായ, അസ്സലായി, expressions & gestures സഹിതം കഥകള്‍ അത് സിനിമക്കഥ ആയാലും, ശ്രീകൃഷ്ണ കഥകള്‍ ആയാലും, പറഞ്ഞു തരുവാന്‍ കഴിവുള്ള അമ്മ, എന്നിലെ ചിന്താശേഷിയെ, സ്വപ്നം കാണാനുള്ള കഴിവിനെ, എന്നിലെ എഴുത്തുകാരിയുടെ സാഹിത്യഭാവന വളര്‍ത്തുന്നതില്‍,എന്നിലെ കലാകാരിയെ വളര്‍ത്തുന്നതില്‍ എല്ലാം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് സാഭിമാനം പറയട്ടെ...

എന്റെ അച്ഛനും അങ്ങനെ തന്നെ. അത് കൊണ്ട് തന്നെ എന്റെ കലാ-സാഹിത്യ രംഗത്തുള്ള ഓരോ നേട്ടങ്ങളും ഞാനെന്നും എന്റെ മാതാപിതാക്കള്‍ക്ക് തന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നു. പറഞ്ഞു വന്നത്, കുട്ടിക്കാലത്ത് ഞാന്‍ സിനിമ കണ്ടു തുടങ്ങിയ സമയത്ത് അമ്മ എപ്പോഴും പറയുന്ന ഒരു പേരാണ് മമ്മുട്ടി, അദേഹത്തിന്റെ ഓണ്‍സ്‌ക്രീന്‍ ഗാംഭീര്യത, പുരുഷ സൗന്ദര്യം, അദ്ദേഹത്തിന്റെ ശബ്ദം, ഒരു നടന്‍ എന്ന നിലയില്‍ ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ അഭിനയം പോളിഷ്ഡ് ആവുന്നത്, പുരോഗമിക്കുന്നത് ഒക്കെ സന്തോഷത്തോടെ അമ്മ ശ്രദ്ധിച്ചു ഞങ്ങളോടൊക്കെ ചര്‍ച്ച ചെയ്യുമായിരുന്നു.

അവസാനം അമ്മ മരിക്കുന്നതിന് ഒരാഴ്ച മുന്‍പ്, മറവി കൂടി സംസാരം മറന്നു നിര്‍ത്തുന്നതിന്റെ തലേന്ന്, സീലിംഗില്‍ കറങ്ങുന്ന ഫാന്‍ നോക്കി എന്നോട് പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു, 'നമ്മുടെ മമ്മുട്ടിയെ എന്റെ പിറന്നാളിന് ക്ഷണിച്ചുവോ?' എന്നാണ്. (ഞാന്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത, വാട്സ്ആപ്പില്‍ മാത്രം കുറച്ചു നാള്‍ സംസാരിച്ചിട്ടുള്ള ഒരാളെ, ഞാന്‍ എന്ത് പറഞ്ഞു എന്റെ അമ്മയുടെ പിറന്നാളിന് ക്ഷണിയ്ക്കും? എന്ന് ഞാനന്ന്, ഉള്ളില്‍ ചിരിച്ചുവെങ്കിലും,അമ്മയുടെ അപ്പോഴത്തെ ഓര്‍മ്മകളില്‍ പോലും, സ്വന്തം പിറന്നാളിന് പ്രത്യേകം ക്ഷണിക്കേണ്ട, ഏറ്റവും പ്രിയപ്പെട്ട ഒരു ബന്ധുവായിട്ടായിരിക്കും മമ്മുട്ടി എന്ന ഇതിഹാസ നടനെ, മലയാളത്തിന്റെ മഹാനടനെ, അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ, ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളുടെ ഓര്‍മയില്‍ തോന്നിയിട്ടുണ്ടാവുക...പാവം.

പിന്നെ ഞങ്ങളുടെ കുട്ടിക്കാലത്ത് ഒരു ട്രെന്‍ഡ് ഉണ്ടായിരുന്നു.അന്നൊക്കെ,എല്ലാ പെണ്‍കുട്ടികള്‍ക്കും, ആണ്‍കുട്ടികള്‍ക്കും പ്രിയപ്പെട്ട നടീ നടന്മാരുടെ ഫോട്ടോസ് പുസ്തകത്തില്‍ ഒട്ടിച്ചു സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. ആ സമയത്ത് എന്റെ ചേച്ചിയും, അവരുടെ കൂട്ടുകാരികളും, വിവിധ സിനിമ വാരികകളില്‍ നിന്നും, അത് കൂടാതെ ഫോട്ടോസ് ആയിട്ട് തന്നെ പൈസ കൊടുത്തു വാങ്ങിയും, സ്റ്റാമ്പ് കളക്ഷന്‍ പോലെ തന്നെ കൂടുതല്‍ ഫോട്ടോസ് വാങ്ങി ശേഖരിച്ചു സൂക്ഷിച്ചിരുന്നത് മമ്മുക്കയുടെ വിവിധ സിനിമകളിലെ കഥാപാത്രങ്ങളുടെ ഫോട്ടോസ് ആയിരുന്നു.

ഒപ്പം വിവിധ സിനിമകളില്‍ അദ്ദേഹത്തിന്റെ മികച്ച പെയര്‍ ആയിരുന്ന സുഹാസിനിയുടെയും. എന്നാല്‍ പ്രായത്തില്‍ കുറേക്കൂടി ഇളയതായിരുന്ന ഞാന്‍ ആ സമയത്ത് കൂടുതല്‍ സൂക്ഷിച്ചിരുന്നത് റഹ്മാന്‍, ശോഭന, നദിയ മൊയ്തു, ദിവ്യഭാരതി, ഷാരുഖ് ഖാന്‍ എന്നിവരുടെ ചിത്രങ്ങള്‍ ആയിരുന്നു. കാരണം, അന്നും സ്വന്തം നിലയില്‍ സ്വന്തം ടാലന്റ് കൊണ്ട്, അല്ലെങ്കില്‍ കഷ്ടപ്പെട്ട് കയറി വരുന്നവരെ തന്നെയായിരുന്നു ഞാനും ശ്രദ്ധിച്ചിരുന്നത് എന്ന് തോന്നുന്നു..പിന്നെ ഓണ്‍സ്‌ക്രീന്‍ റോമിയോ, ഡാന്‍സര്‍, ഗ്രേറ്റ് ഓണ്‍സ്‌ക്രീന്‍ പെര്‍ഫോമര്‍ ആയിരുന്ന റഹ്മാനോട് ഇത്തിരി ക്രഷും ഉണ്ടായിരുന്നു..ട്ടാ.

മമ്മുക്ക അന്നും, ഇന്നും നമ്മുടെ ഓണ്‍സ്‌ക്രീന്‍ / ഓഫ് സ്‌ക്രീന്‍ വല്യേട്ടന്‍ ആണ്. എന്നും, അത്, അങ്ങിനെ തന്നെ ആയിരിക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ഇന്ന്, അദ്ദേഹത്തിന്റെ 75-ആം പിറന്നാള്‍ ദിവസം,എനിക്ക് വല്യേട്ടനോ, പിതൃതുല്യനോ ഒക്കെ ആയ അദ്ദേഹത്തിന്, എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നതോടൊപ്പം, ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ അദ്ദേഹം ഇപ്പോഴുള്ളതിലുമധികം മനോഹരവും, വ്യത്യസ്തവുമായ അനവധി, നിരവധി കഥാപാത്രങ്ങള്‍ ചെയ്തു അദ്ദേഹത്തിന് ഒരു കലാകാരന്‍ എന്ന നിലയില്‍ കൂടുതല്‍ കൂടുതല്‍ സംതൃപ്തിയും, നമ്മള്‍ പ്രേക്ഷകര്‍ക്ക് മുഴുവന്‍ ആനന്ദവും, അത്ഭുതവും നല്‍കട്ടെ എന്ന് ആശംസിക്കുന്നു... പ്രാര്‍ത്ഥിക്കുന്നു. Happiest Birthday legend... Our dearmost Mammukka.


.കഥാപാത്രമായി മാറുകയും ആ കഥാപാത്രത്തില്‍ നിന്ന് തിരിച്ച് മമ്മൂട്ടിയായി തീരുകയും ചെയ്യുന്ന അത്ഭുതകരമായ സര്‍ഗ്ഗാത്മകത ഞാന്‍ നാല്‍പതു വര്‍ഷമായി കാണുകയാണെന്നും കെ. മധു പങ്ക് വച് കുറിപ്പില്‍ പറയുന്നു.

കെ. മധുവിന്റെ കുറിപ്പ്:

കഥാപാത്രമായി മാറുകയും ആ കഥാപാത്രത്തില്‍ നിന്ന് തിരിച്ച് മമ്മൂട്ടിയായി തീരുകയും ചെയ്യുന്ന അത്ഭുതകരമായ സര്‍ഗ്ഗാത്മകത ഞാന്‍ നാല്‍പതു വര്‍ഷമായി കാണുകയാണ്. അതിനുമെത്രയോ വര്‍ഷങ്ങള്‍ക്കു മുന്നേ ഞങ്ങളുടെ സൗഹൃദം ഊട്ടി ഉറപ്പിച്ചിരുന്നു...

മധു സാറിനോടൊപ്പം പടയോട്ടത്തിന്റെ സെറ്റില്‍ 1982 ല്‍ ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാന്‍ സഹായി ആയി പോയതാണ്. ഞങ്ങള്‍ മലമ്പുഴയിലെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഇങ്ങോട്ട് വന്ന് എന്നെ പരിചയപ്പെട്ടതാണ് മമ്മൂട്ടി . സഹസംവിധായകന്‍ മധു വൈപ്പില്‍ അല്ലേ എന്ന് എന്നോട് ചോദിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ വലിയൊരു സൗഹൃദത്തിന്റെ തുടക്കം അന്നേ അറിഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിംങ്ങുമായി ബന്ധപ്പെട്ട ആദ്യം കാണുന്നത് എം കൃഷ്ണന്‍ നായര്‍ സാറിന്റെ പടത്തിന്റെ ലൊക്കേഷനില്‍ പാലക്കാടു വച്ചാണ്.

പിന്നീട് മണിയറ, മണിതാലി തുടങ്ങിയ ചിത്രങ്ങളില്‍ അക്കാലത്ത് സഹകരിച്ചു. ആദ്യം മുതല്‍ തന്നെ മമ്മൂട്ടിയെ ആശാനെ എന്നാണ് ഞാന്‍ വിളിച്ചിരുന്നത്. ഇതെങ്ങനെ തുടങ്ങി എന്ന് എനിക്കും മമ്മൂട്ടിക്കും ഓര്‍മ്മയില്ല. അന്നും ആശാനേ എന്നു വിളിച്ചു ഇന്നും ആശാനെ എന്നു വിളിക്കുന്നു . ആ സൗഹൃദത്തിന്റെ ആഴം തിരിച്ചറിയണമെങ്കില്‍ ആ വിളികള്‍ക്കുള്ള ഹൃദയം തൊട്ടുള്ള പ്രതികരണങ്ങള്‍ കേള്‍ക്കണം. അന്നുതൊട്ട് ചെറിയ പരിഭവങ്ങളും ഇണക്കവും പിണക്കവും ഒക്കെയായി ആണ് ഈ കാണുന്ന എല്ലാ സിനിമകളും ഞങ്ങള്‍ ചെയ്തത്.

എന്റെ ആദ്യ സിനിമ ആയ മലരും കിളിയും തൊട്ട് തമിഴ് ചിത്രമായ മൗനം സമ്മതം തുടങ്ങി ആ ബന്ധം തളിര്‍ത്തു പന്തലിച്ചു. മമ്മുട്ടിയുടെ ആദ്യ തമിഴ് സിനിമയാണ് മൗനം സമ്മതം. നാലു പതിറ്റാണ്ട് മുമ്പ് പടയോട്ടത്തിന്റെ സെറ്റില്‍വെച്ച് കൈ കൊടുത്തപ്പോള്‍ സംസാരിച്ച അതേ ഊഷ്മളത തന്നെയാണ് ഇന്നും ഒരു ടെലിഫോണ്‍ വിളിയില്‍ മമ്മൂട്ടിയുടെതായി മറുതലക്കല്‍ നിന്ന് കേള്‍ക്കുക. എന്തിനേറെ പറയുന്നു സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനായി തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ക്കായി പല കാലത്തായി ഒപ്പം നിന്ന നടനാണ് മമ്മൂട്ടി. എന്റെയും എസ് എന്‍ സ്വാമിയുടെയും ഒപ്പം എക്കാലവും മമ്മൂട്ടി ഉണ്ടായിരുന്നിരുന്നു, ഇനിയും ഉണ്ടാവും. പ്രീയപ്പെട്ട 'ആശാന്' എന്റെ പിറന്നാള്‍ ആശംസകള്‍!


 

Read more topics: # മമ്മൂട്ടി
maya menon and director k madhu about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES