തിരുവനന്തപുരം: നടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന 40,000 യൂണിറ്റ് രക്തദാനം എന്ന വലിയ ക്യാമ്പെയിനിന് പിന്തുണയുമായി കേരളത്തിലെ വിവിധ ജില്ലകളിലായി മുപ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശ്രുംഘലയായ എംജിഎം ഗ്രൂപ്പ്.
എംജിഎം ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പി.ടി.എ. പ്രതിനിധികള്‍,നാട്ടുകാര്‍ എന്നിവരടങ്ങുന്ന വലിയൊരു കൂട്ടായ്മയാണ് ഈ രക്തദാന ക്യാമ്പെയിനിന്റെ ഭാഗമാകുന്നത്. എംജിഎമ്മിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിലൂടെയാണ് ഈ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനം നടപ്പാക്കുന്നത്.അതാതു സ്ഥാപനങ്ങളിലെ N S S യൂണിറ്റുകള്‍ ആണ് രക്തദാന ക്യാമ്പേയിനുകള്‍ ഏകോപിപ്പിക്കുന്നത്
''ജീവാമൃതം'' എന്ന പേരില്‍ എംജിഎം ഗ്രൂപ്പ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 8-ന് തിരുവനന്തപുരത്ത് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ പിറ്റേന്ന് നടക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രൂപം നല്‍കിയ രക്തദാന ക്യാമ്പെയിന്‍ കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പെയിനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 17 രാജ്യങ്ങളിലെ രക്തദാതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
മമ്മൂട്ടി ആരാധകര്‍ക്ക് പുറമെ വിവിധ മലയാളി സംഘടനകള്‍, വ്യാപാര-വ്യവസായ സമൂഹങ്ങള്‍, സാമൂഹിക സംഘടനകള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ക്യാമ്പെയിനിന് പിന്തുണ പ്രഖ്യാപിക്കുകയും ഇതിനോടകം പദ്ധതിയുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.
''സംസ്ഥാനത്തെ യുവാക്കള്‍ ഒരുമിച്ച് ചേര്‍ന്ന് തുടക്കം കുറിച്ചിരിക്കുന്ന ഈ രക്തദാന ക്യാമ്പെയിന്‍ ലോകത്തിന് തന്നെ മാതൃകയാകുന്ന ഒരു മഹത്തായ സാമൂഹിക സംരംഭമാണ്. രക്തദാനത്തിലൂടെ അനേകം ജീവനുകള്‍ക്ക് പ്രതീക്ഷയും പുതുജീവനും നല്‍കാന്‍ കഴിയുന്ന ഈ പദ്ധതിക്ക് പരമാവധി പിന്തുണ ഉറപ്പാക്കുക എന്നതാണ് എംജിഎം ഗ്രൂപ്പിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികളും യുവജനങ്ങളും അധ്യാപകരും പി.ടി.എ. പ്രതിനിധികളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുന്നത് വലിയൊരു സാമൂഹിക മാറ്റത്തിന് വഴിയൊരുക്കും,'' എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ പറഞ്ഞു.
രക്തദാനത്തിലൂടെ സമൂഹത്തിന് നല്‍കാവുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നായ ജീവന്‍ രക്ഷിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ''ജീവാമൃതം'' ക്യാമ്പെയിന്‍ സംഘടിപ്പിക്കുന്നതെന്ന് എംജിഎം അധികൃതര്‍ അറിയിച്ചു.
എംജിഎമ്മിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന രക്തദാന ക്യാമ്പുകളിലേക്ക് സംസ്ഥാനത്തെ വിവിധ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെയും അംഗീകൃത രക്തബാങ്കുകളുടെയും സഹകരണം ലഭിക്കുന്നുണ്ട്. ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളും വിദഗ്ധരുടെ മേല്‍നോട്ടവും ഉറപ്പാക്കിയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
മമ്മൂട്ടിയുടെ ജന്മദിനത്തെ ഒരു സാമൂഹിക സേവനത്തിന്റെ അവസരമാക്കി മാറ്റുന്ന ഈ സംരംഭം ഇതിനോടകം തന്നെ വലിയ ജനപിന്തുണ നേടിയിട്ടുണ്ട്.
വിവരങ്ങള്‍ക്ക്:
7902997111