മലയാള സിനിമയുടെ ചരിത്രത്തില്‍ 200 കോടി ക്‌ളബില്‍ ഇടം നേടുന്ന ആദ്യ ചിത്രമായി മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. തമിഴ്‌നാടും ചിത്രം ഏറ്റെടുത്ത കാഴ്ച തുടരുന്നു.
കഴിഞ്ഞ ഒരുവര്‍ഷമായി ഒന്നാമതായി നിന്ന ജൂഡ് അന്തണി ജോസഫ് ചിത്രം 2018 ന്റെ റെക്കോര്‍ഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തകര്‍ത്തത്. ആഗോള ബോക്‌സ് ഓഫീസില്‍ 175 കോടിയായിരുന്നു 2018 ന്റെ കളക്ഷന്‍. 25 ദിവസം കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഈ കുതിപ്പ്.
ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ് നാട്ടില്‍ നിന്ന് ചിത്രം 50 കോടി ക്‌ളബില്‍ ഇടം നേടിയിരുന്നു. തെലുങ്ക് മൊഴിമാറ്റ പതിപ്പ് ഉടന്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.ചിത്രം കൊടൈക്കനാലിലെ ഗുണാ കേവ്‌സും അതിനോടനുബന്ധിച്ച് നടന്ന യഥാര്‍ത്ഥ സംഭവത്തെയും ആസ്പദമാക്കിയുള്ള സര്‍വൈവല്‍ ത്രില്ലറാണ്
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായിട്ടായിരുന്നു ചിത്രീകരണം.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് നിര്‍മാതാക്കള്‍.