ഒരു മലയാള ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. ഗുണ കേവ്‌സ് പശ്ചാത്തലമായി വരുന്ന, കമല്‍ ഹാസന്‍ ചിത്രമായ ഗുണയുടെ റെഫറന്‍സുകളുള്ള ഈ സിനിമ തമിഴ്‌നാട്ടില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന മലയാളം ഡയറക്ട് റിലീസ് ചിത്രമായി ഇതിനകം മാറിക്കഴിഞ്ഞു.ഇപ്പോഴിതാ തമിഴ്‌നാട്ടിലെ ഒരു തിയറ്ററില്‍ വച്ച് ചിത്രം കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
വിനീതിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി:
ഒരു സിനിമാ പ്രേമി എന്ന നിലയില്‍, അത്രമേല്‍ ഇഷ്ടം തോന്നിയ സിനിമകള്‍ നല്‍കിയ അനുഭവങ്ങള്‍ ഞാന്‍ ഓര്‍ത്തുവയ്ക്കാറുണ്ട്. ഇന്‍സെപ്ഷന്‍, ഷേപ്പ് ഓഫ് വാട്ടര്‍, ലാ ലാ ലാന്‍ഡ് തുടങ്ങിയ സിനിമകള്‍ കാണുമ്പോള്‍ എന്‍ഡ് ടൈറ്റില്‍ പൂര്‍ത്തിയാകുന്നത് വരെ ഞാന്‍ സ്‌ക്രീനില്‍ നോക്കിയിരുന്നിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ അവസാനിച്ചപ്പോള്‍ തിയറ്ററില്‍ നിന്ന് വേ?ഗം ഇറങ്ങിപ്പോരാനാണ് ഞാന്‍ നോക്കിയത്. കാരണം ഞാന്‍ കരയുന്നത് മറ്റുള്ളവര്‍ കാണരുതെന്ന് കരുതി.
ഇന്നലെ മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടതിന് ശേഷം ഞാന്‍ സ്‌ക്രീനിലേക്ക് ഉറ്റുനോക്കിയിരുന്നു. മലയാളികളല്ലാത്തവര്‍ തിങ്ങിനിറഞ്ഞ ഒരു സിനിമാ തിയറ്ററില്‍, എനിക്കറിയാവുന്ന കുറച്ചുപേര്‍, ഞാന്‍ ബഹുമാനിക്കുന്ന കുറച്ചുപേര്‍ ചേര്‍ന്ന് നിര്‍മിച്ച ആ സിനിമ ഞാന്‍ കണ്ടു. അതില്‍ കുറച്ചുപേര്‍ എന്റെ സുഹൃത്തുക്കളുമാണ്. എനിക്ക് അഭിമാനം തോന്നി. മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റിമറിക്കുന്നു. നമ്മള്‍ ആരെക്കാളും മുമ്പേ സുഷിന്‍ അത് മനസിലാക്കിയിരുന്നെന്ന് തോന്നുന്നു.
ഒരു യഥാര്‍ത്ഥ സംഭവത്തെ സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് ഈ സിനിമയില്‍. ഫെബ്രുവരി 22 ന് അവിടെ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് ഈ ഞായറാഴ്ച മാത്രം 1000 ല്‍ അധികം തിയറ്ററുകളില്‍ ഷോ ഉണ്ടായിരുന്നു. ശനിയാഴ്ച വരെയുള്ള കണക്കില്‍ മാത്രം തമിഴ്‌നാട്ടില്‍ നിന്ന് ചിത്രം 10 കോടിയിലധികം നേടി. ഗുണ കേവ്‌സ് പശ്ചാത്തലമായി വരുന്ന, കമല്‍ ഹാസന്‍ ചിത്രം ഗുണയുടെ റെഫറന്‍സുകളുള്ള ചിത്രം ഒരു തമിഴ് ചിത്രം പോലെയാണ് തമിഴ്‌നാട്ടില്‍ സ്വീകരിക്കപ്പെടുന്നത്.