മമ്മൂട്ടി എളിയവന്റെ തോഴന്‍; 'പ്രിയ പ്രതിഭ'യ്ക്ക് തുണയായത് പ്രതിഫലമില്ലാതെയെന്ന് ജന്മദിനാശംസാ കുറിപ്പില്‍ കാതോലിക്കാബാവ; നിങ്ങളുടെ ചൂടില്ലാതെ അതിജീവിക്കാനാവില്ലെന്ന് കുറിച്ച് ദുല്‍ഖര്‍; മഹാനടന് പിറന്നാള്‍ ആശംസയറിച്ച് പ്രിയതാരങ്ങള്‍ പങ്ക് വച്ച കുറിപ്പുകള്‍ ഇങ്ങനെ

Malayalilife
 മമ്മൂട്ടി എളിയവന്റെ തോഴന്‍; 'പ്രിയ പ്രതിഭ'യ്ക്ക് തുണയായത് പ്രതിഫലമില്ലാതെയെന്ന് ജന്മദിനാശംസാ കുറിപ്പില്‍ കാതോലിക്കാബാവ; നിങ്ങളുടെ ചൂടില്ലാതെ അതിജീവിക്കാനാവില്ലെന്ന് കുറിച്ച് ദുല്‍ഖര്‍; മഹാനടന് പിറന്നാള്‍ ആശംസയറിച്ച് പ്രിയതാരങ്ങള്‍ പങ്ക് വച്ച കുറിപ്പുകള്‍ ഇങ്ങനെ

മലയാള സിനിമയുടെ മേഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 74-ാം പിറന്നാള്‍ ഇന്നലെയായിരുന്നു. ഇന്നലെ സോഷ്യല്‍മീഡിയ ഫീഡുകളില്‍ നിരവധി പേരാണ് നടന്റെ തിരിച്ചവരവും പിറന്നാളും ഒക്കെയായി അനുഭവങ്ങള്‍ പങ്ക് വച്ച് എത്തിയത്. ഇപ്പോളിതാ പിറന്നാള്‍ പിറ്റേന്ന് എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ കുറിക്കുകയാണ്.

സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള 'പ്രിയ പ്രതിഭ' കറിപൗഡര്‍ യൂണിറ്റിന് മമ്മൂട്ടി തുണയായ കഥ വിവരിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കോടികള്‍ പ്രതിഫലം നല്കി മമ്മൂട്ടിയെ പരസ്യത്തില്‍ അഭിനയിപ്പിക്കാന്‍ വലിയ കമ്പനികള്‍ കാത്തുനില്‌കെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ അദ്ദേഹം കറിപൗഡര്‍ നിര്‍മാണയൂണിറ്റിന് പ്രചാരം നല്കിയതിന്റെ വിശദാംശങ്ങളും കാതോലിക്കാബാവ മമ്മൂട്ടിക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ പങ്കിട്ടു. 

കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട മമ്മൂട്ടിക്കുള്ള ഒരു ദിനം വൈകിയ ആശംസയാണിത്. ഇന്നലെ മുഴുവന്‍ ആശംസകളുടെ മഴയായിരുന്നുവല്ലോ. ഇന്ന് മരംപെയ്യട്ടെ. ലോകമറിയാനായി ഇനി പറയുന്ന കഥയാണ് അദ്ദേഹത്തിനായുള്ള ആശംസാവാചകങ്ങള്‍. 

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള അനേകം  ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൊന്നാണ് 'പ്രിയ പ്രതിഭ' എന്ന പേരിലുള്ള കറിപൗഡര്‍ നിര്‍മ്മാണം. കച്ചവടമല്ല ലക്ഷ്യം. ഒരുപാട് പേരുടെ വിശപ്പ് മാറ്റാനും വേദനിക്കുന്നവര്‍ക്ക് സൗഖ്യം നല്‍കാനുമുള്ള ദൗത്യം. വിവിധ ശാരീരിക വൈകല്യങ്ങളാല്‍ മറ്റു ജോലികളൊന്നും ചെയ്യാന്‍ സാധിക്കാതെ സഭയ്ക്ക് കീഴില്‍ പുനരധിവസിപ്പിക്കപ്പെട്ടവരെ പരിശീലിപ്പിച്ചാണ് കറിപൗഡര്‍ നിര്‍മാണത്തിന് സജ്ജമാക്കിയത്. അവരുടെ പുനരുത്ഥാനം കൂടിയായി മാറി അങ്ങനെ അത്. 2002-ല്‍ ചെറിയ തോതിലായിരുന്നു തുടക്കം. 

വില്പനയില്‍ നിന്നുള്ള വരുമാനം ഒരുനേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് മുതല്‍ കാന്‍സര്‍  രോഗികള്‍ക്കുവരെയായി മാറ്റിവയ്ക്കപ്പെട്ടു. കര്‍ഷകരില്‍ നിന്ന് നേരിട്ട് സമാഹാരിക്കുന്ന ഉത്പന്നങ്ങളാണ് കറിപൗഡറുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്. അങ്ങനെയത് അവര്‍ക്കും ഒരു തുണയായിരുന്നു. പക്ഷേ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ കോവിഡ് മഹാമാരി വന്നതോടെ ഈ സംരംഭം പ്രതിസന്ധിയിലായി. പക്ഷേ അപ്പോള്‍ ദൈവദൂതനെ പോലൊരാള്‍ അവതരിച്ചു. അത് മമ്മൂട്ടിയായിരുന്നു. കോട്ടയത്ത് കാന്‍സര്‍രോഗികള്‍ക്കുവേണ്ടി നടത്തിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തോട് 'പ്രിയ പ്രതിഭ'യെക്കുറിച്ച് പറഞ്ഞു. 

നിറഞ്ഞ മനസ്സോടെ മമ്മൂട്ടി അതിന് കൂട്ടുവന്നു. അദ്ദേഹത്തെവച്ചുള്ള പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവിടാന്‍ വലിയ കമ്പനികള്‍ തയ്യാറായി നില്‍ക്കെ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയുള്ള പ്രചാരണദൗത്യം. മമ്മൂട്ടിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ 'പ്രിയ പ്രതിഭയെ'ക്കുറിച്ച് ലോകമറിഞ്ഞു,തളര്‍ച്ചമാറി ആ പ്രസ്ഥാനം വീണ്ടും തളിര്‍ത്തു. ഇന്ന് നാടെങ്ങും അതിന്റെ രുചി നിറയുമ്പോള്‍ കുറെയേറെ ജീവിതങ്ങള്‍ ചിരിക്കുന്നു,കുറെയേറെ വയറുകള്‍ നിറയുന്നു. 

'അവന്‍ താണവരെ ഉയര്‍ത്തുന്നു,ദു:ഖിക്കുന്നവരെ രക്ഷയിലേക്ക് കയറ്റുന്നു'വെന്ന ബൈബിള്‍ വചനമാണ് ഈ വേളയില്‍ ഓര്‍മിക്കുന്നത്. എളിയവന്റെ പ്രത്യാശയാകുന്നു എന്നത് കൂടിയാണ് മമ്മൂട്ടിയെ ലോകത്തിന് പ്രിയപ്പെട്ടവനാക്കുന്നത്. മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍. ദൈവകൃപ എപ്പോഴും ജീവിതത്തില്‍ നിറയട്ടെ എന്നാണ് അദ്ദേഹം കുറിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചത് ഇങ്ങനെയാണ്,

സൂര്യന്റെ ചൂടില്ലാതെ തങ്ങള്‍ അതിജീവിക്കാനാവില്ലെന്ന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. ഭൂമി വീണ്ടും പച്ചപ്പിലാണ് എന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. മമ്മൂട്ടിയുടെ ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. 

പ്രിയപ്പെട്ട സൂര്യന്, ചിലപ്പോഴൊക്കെ നിങ്ങള്‍ വളരെ തിളക്കത്തോടെ പ്രകാശിക്കുമ്പോള്‍, മഴമേഘങ്ങള്‍ നിങ്ങളെ സംരക്ഷിക്കാനായി വരും. നിങ്ങളോടുള്ള അവയുടെ സ്നേഹം വളരെ തീവ്രമാണ്. നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹത്തിന്റെ ആഴം അവ പരീക്ഷിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു, കാരണം നിങ്ങളുടെ ചൂടില്ലാതെ ഞങ്ങള്‍ക്ക് അതിജീവിക്കാനാവില്ല. 

അകലെയും അരികിലുമുള്ളവരെല്ലാം ഒന്നായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. പകലുകള്‍ രാത്രികളാണെന്ന് തോന്നിയ ഇരുണ്ട ദിനങ്ങളില്‍ പോലും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ഒടുവില്‍, ആ പ്രാര്‍ത്ഥനകള്‍ മഴമേഘങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമായി. ആ മേഘങ്ങള്‍ കീഴടങ്ങി. ഇടിമുഴക്കത്തോടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തോടെയും അവ പൊട്ടിത്തെറിച്ചു. അവ മഴ പെയ്യിക്കുകയും നിങ്ങളോട് ഉള്ള എല്ലാ സ്നേഹവും ഞങ്ങളുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. ഞങ്ങളുടെ ഒന്നിച്ചുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി. ഇപ്പോള്‍ ഞങ്ങളുടെ വരണ്ട ഭൂമി വീണ്ടും പച്ചപ്പിലാണ്. നമുക്ക് ചുറ്റും മഴവില്ലുകളും മഴത്തുള്ളികളും ഉണ്ട്. ഞങ്ങള്‍ സ്നേഹത്താല്‍ നനഞ്ഞിരിക്കുന്നു. ലോകമെമ്പാടും ഇളംചൂടും വെളിച്ചവും പരത്തിക്കൊണ്ട് ഞങ്ങളുടെ സൂര്യന്‍ തിരിച്ചെത്തിയിരിക്കുന്നു. ലോകമെമ്പാടും തന്റെ ഊഷ്മളതയും വെളിച്ചവും വ്യാപിപ്പിക്കുന്നു. സൂര്യന് ജന്മദിനാശംസകള്‍, ഉപാധികളില്ലാതെ ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നുവെന്ന് കുറിച്ചത്.


'മമ്മൂക്ക കലാമൂല്യമുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ഒരു സിനിമ പോലെയാണ്. എവിടെയായാലും വീണ്ടും കാണാന്‍ തോന്നും. നല്ല സിനിമകള്‍ അത്ഭുതമാണ്, മമ്മൂക്കയും അതുപോലെ' തന്റെ ഫേസ്ബുക്കില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പിഷാരടി കുറിച്ചു.


ഒരു സിനിമയെ ഇഷ്ടപ്പെടാന്‍ നൂറു കാരണങ്ങള്‍ ഉണ്ടാകും. അത് കാലത്തെ അതിജീവിക്കും. വീണ്ടും വീണ്ടും കാണാന്‍ തോന്നും. കണ്ടവര്‍ കാണാത്തവരോട് പറയുകയും ചെയ്യും. മറ്റു ഭാഷകളിലും അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യും. ചെറിയ ഇടവേളയ്ക്ക് ശേഷം അതിഗംഭീരമായി മുന്നോട്ടുപോകും. കരഞ്ഞും ചിരിച്ചും കയ്യടിച്ചും ആ കഥയില്‍ നമ്മളും പങ്കുചേരും,' എന്നാണ് പിഷാരടിയുടെ കുറിപ്പ്.


ഇതൊരു Birthday അല്ല Rebirthday ആണെന്നും ഒരു പോരാട്ടത്തില്‍ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനമാണെന്നും ജോണ്‍ ബ്രിട്ടാസ് കുറിച്ചു. മുന്‍പോട്ടുള്ള പ്രയാണത്തിന് ഈ ജന്മദിനം ഒരു ചവിട്ടുപടി ആകട്ടേയെന്നും ജോണ്‍ പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് ജോണ്‍ ബ്രിട്ടാസ് ആശംസ പങ്കുവെച്ചത്.

'പ്രിയപ്പെട്ട മമ്മുക്ക, ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍. ഈ ജന്മദിനത്തിന് ഒരു പ്രത്യേകതയുണ്ട്...ഇന്നലെ നമ്മള്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞപോലെ, ഇതൊരു Birthday അല്ല Rebirthday ആണ്. ഒരു പോരാട്ടത്തില്‍ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം. മുന്‍പോട്ടുള്ള പ്രയാണത്തിന് ഈ ജന്മദിനം ഒരു ചവിട്ടുപടി ആകട്ടെ എന്ന് ഞാന്‍ ഹൃദയത്തില്‍ നിന്ന് ആശംസിക്കുന്നു...', ജോണ്‍ ബ്രിട്ടാസ് കുറിച്ചു.

മമ്മുക്കയുടെ പിറന്നാള്‍ ദിനം ഹൃദയം തൊടുന്ന ഒരു കുറിപ്പുമായി സലിം കുമാറിന്റെ മകനും നടനും ആയ ചന്തുവുമെത്തി. തനിക്ക് തന്റെ സൂപ്പര്‍ ഹീറോ, മാലാഖ ജീവിതത്തില്‍ അറിഞ്ഞും അറിയാതെയും ഒപ്പം നിന്ന ആളാണ് തന്റെ മമ്മുക്കയെന്നും ചന്തു കുറിച്ചു

ഈയടുത്ത രണ്ട് മൂന്ന് ആഴ്ചകളായി ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ചോദ്യമാണ്.Who is your superhero ?എത്ര വലുതായാലും ഏതൊരു ആളുടെയും അച്ഛന്‍ അല്ലെങ്കില്‍ അമ്മ തന്നെയായിരിക്കും അവരുടെ സൂപ്പര്‍ഹീറോസ്.എന്റെയും അങ്ങനെ തന്നെയാണ്.പക്ഷേ എല്ലാവരുടെയും ലൈഫില്‍ മറ്റൊരു സൂപ്പര്‍ ഹീറോ കൂടെയുണ്ടാകും, ചെറുപ്പം മുതല്‍ ആരാധിക്കുന്ന, അടുത്തറിയുമ്പോള്‍ ഉടഞ്ഞുപോകാത്ത വിഗ്രഹമായി മാറുന്ന ഒരാള്‍.അയാള്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നിങ്ങളുടെ ജീവിതത്തില്‍ ഓരോ മാറ്റങ്ങള്‍ കൊണ്ടുവരും.

താന്‍ പാതി ദൈവം പാതി, എന്നൊരു ചൊല്ലുണ്ട്, നമ്മള്‍ താന്‍ പാതി ചെയ്താല്‍ മതി ബാക്കി ദൈവം നോക്കിക്കോളും എന്നൊരു ലൈന്‍ ആണത്. ആ ദൈവം പാതി പരിപാടി ചെയ്യാന്‍ ചിലരെ ഈ ദൈവം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അത്തരത്തിലൊരു ദൈവം എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവും.

മറ്റാരും അംഗീകരിക്കാത്തപ്പോള്‍, അയാള്‍ മാത്രം നിങ്ങളെ അംഗീകരിക്കും. അയാള്‍ നിങ്ങളെക്കുറിച്ച് മറ്റുള്ളവരോട് പറയും. അയാള്‍ നിങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസം ആയിരിക്കും നിങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പകരുന്നത്

അത്തരത്തിലൊരാളുടെ വാക്കുകളാണ് എന്നെ എപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നത്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അയാള്‍ എനിക്ക് വേണ്ടി പലതും ചെയ്യുന്നുണ്ട്. ചിലതെല്ലാം അയാള്‍ അറിഞ്ഞുകൊണ്ടും, ചിലതൊക്കെ അയാള്‍ അറിയാതെയും.

പലരും അയാള്‍ വീണുപോയെന്നും, ഇനി തിരിച്ചു വരില്ലെന്നും, പലതും പറയും. പക്ഷേ നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിങ്ങള്‍ക്ക് അറിയാം, അയാള്‍ വരുമെന്ന്. മായാവി സിനിമയില്‍ സായികുമാര്‍ ഗോപികയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്, നീ പറയാറില്ലേ..എല്ലാ ആപത്തില്‍ നിന്നും രക്ഷിക്കാന്‍ കാവല്‍ മാലാഖയെ പോലെ ഒരാള്‍ വരുമെന്ന്.അയാള്‍ വരും.

ചിലരുടെ ജീവിതത്തില്‍ ഈ അയാള്‍ ഒരു ദൈവമായിരിക്കും.ചിലര്‍ക്ക്, ഈ അയാള്‍ ഒരു കൂട്ടുകാരനായിരിക്കും. ചിലര്‍ക്ക്, ഈ അയാള്‍ ഒരു അജ്ഞാതനായിരിക്കും.എന്റെ ജീവിതത്തില്‍, ഈ അയാള്‍ മമ്മുക്കയാണ്.ഞങ്ങളുടെ മൂത്തോന്‍.ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ മമ്മുക്ക. ചന്തു കുറിച്ചു. 

നടന്‍ ഇര്‍ഷാദ് കുറിച്ചത് ഇങ്ങനെയാണ്.

അസാന്നിധ്യം' കൊണ്ട്  നിറഞ്ഞു നില്‍ക്കുന്ന മമ്മൂക്ക!കഴിഞ്ഞ ആറുമാസത്തിനിടെ മലയാളികള്‍ ഏറ്റവും കൂടുതല്‍ തിരക്കിയത് ഒരുപക്ഷെ ഈ മനുഷ്യനെ കുറിച്ചാവും...ഒട്ടും പരിചയമില്ലാത്ത മനുഷ്യര്‍ പോലും കാണുമ്പോള്‍ അടുത്ത് വന്നു വേവലാതിയോടെ തിരക്കിയിട്ടുണ്ട്,'മൂപ്പര്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ, മൂപ്പരു ഓക്കെ അല്ലെ? ' എന്നൊക്കെ...

മമ്മൂക്കയെ കാണാന്‍ കൊതിച്ച്,വിശേഷങ്ങള്‍ അറിയാന്‍ ആഗ്രഹിച്ച് എത്രയോ ലക്ഷം മനുഷ്യര്‍...ഇതിനിടയില്‍,  അമ്മ ജനറല്‍ ബോഡി മീറ്റിംഗ്, അമ്മ ഇലക്ഷന്‍, ഇപ്പോള്‍  ഓണം... എത്രയോ  വിശേഷാവസരങ്ങള്‍ കടന്നുപോയി...അവിടെയെല്ലാം 'അസാന്നിധ്യത്തിനിടയിലും നിറഞ്ഞു നിന്നു' മമ്മൂക്ക....ഇവിടെ ഉണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു! മമ്മൂക്ക ഉണ്ടായിരുന്നെങ്കില്‍ ഏത് കോസ്റ്റുമിലാവും വരിക, ഏത് വണ്ടിയിലായിരിക്കും വന്നിറങ്ങുക? മമ്മൂക്കയുടെ കയ്യൊപ്പുള്ള ആ മാസ്സ് എന്‍ട്രി അത്രയേറെ മിസ് ചെയ്തിരുന്നല്ലോ! 

കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി  ജീവിതത്തിന്റെ ഭാഗമായ ആ മനുഷ്യനെ മലയാളികളൊക്കെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്നും അതിന്റെ തീവ്രത അളക്കാന്‍ ആവാത്തതാണെന്നും തിരിച്ചറിഞ്ഞത്  ഈ ദിവസങ്ങളില്‍ ആണ്...'ഒടുവിലെ  ടെസ്റ്റും ഞാന്‍ പാസ്സായി കഴിഞ്ഞെടാ ' എന്ന ആ വാക്കുകള്‍ നമ്മളൊക്കെ  എത്ര ആശ്വാസത്തോടെയാണ് കേട്ടത്.

പാസ്സാവാതെ എവിടെ പോവാന്‍!ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ലാത്ത മനുഷ്യരുടെ പോലും, 'എവിടെയാണെങ്കിലും സുഖമായി, ആരോഗ്യത്തോടെ ഇരിക്കണേ!' എന്ന എണ്ണിയാലൊടുങ്ങാത്ത പ്രാര്‍ത്ഥനകള്‍ പരിച തീര്‍ത്തിരുന്നല്ലോ  മമ്മൂക്കയ്ക്ക് ചുറ്റും...കാത്തിരിപ്പിനോളം വലിയ പ്രാര്‍ത്ഥനയില്ലെന്ന് എം ടി പറഞ്ഞത് എത്ര സത്യമാണ്...

കൊതിയോടെ കാത്തിരിക്കുകയാണ് മമ്മൂക്കയെ സ്‌നേഹിക്കുന്നവരെല്ലാം...കണ്‍നിറയെ വീണ്ടും കാണാന്‍...മമ്മൂക്ക നിറയുന്ന വേദികള്‍ക്കായി, വിസ്മയിപ്പിക്കുന്ന പകര്‍ന്നാട്ടങ്ങള്‍ക്കായി....
പടച്ചവന്റെ ഖജനാവില്‍ നിങ്ങളുടെ ആയുസ്സും ആരോഗ്യവും നിറഞ്ഞു കവിയാന്‍  ഞങ്ങളുടെ ആയുസ്സ് പകരം തരാം എന്ന് പറയാന്‍ നിങ്ങള്‍ക്ക് എത്ര മലയാളികളെ വേണം! ജന്മദിനാശംസകള്‍ മമ്മുക്കാ..... ഇര്‍ഷാദ് കുറിച്ചു.

അഖില്‍ മാരാരിന്റെ കുറിപ്പ് ഇങ്ങനെ:

''ഷാജി കൈലാസ് സാറിന്റെ ആഗസ്ത് 15 എന്ന സിനിമയുടെ ഷൂട്ടിംഗ് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ നടക്കുന്നു അവിടെ പോയാല്‍ മമ്മൂക്കയെ കാണാം എന്ന് എന്റെ ഒരു സുഹൃത്തു പറഞ്ഞു.. ആ സിനിമയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയ MS മനുവിനെ ആരോമ ഹോട്ടലില്‍ പോയി കണ്ട് ലൊക്കേഷനില്‍ കയറി പറ്റി.. ലൊക്കേഷനില്‍ ചെന്നപ്പോള്‍ ദാ അവിടെ ഇരിക്കുന്നു മറ്റൊരു രാജാവ്... റോയല്‍ എന്‍ഫീല്‍ഡ് ഗ്രീന്‍ സിംഗിള്‍ സീറ്റ്.. ആ ബുള്ളറ്റില്‍ ഒന്ന് തൊട്ട് നോക്കി അതിന്റെ അടുത്ത് തന്നെ ഞാന്‍ നിന്നു.. അപ്പോഴാണ് എന്റെ മുന്നിലേക്ക് മമ്മൂക്ക നടന്നു വരുന്നു..മമ്മൂക്കയെ കണ്ടതും എന്റെ തലച്ചോര്‍ എനിക്ക് മുന്നിലുള്ള കാഴ്ച ഒരു തീയേറ്റര്‍ സ്‌ക്രീന്‍ ആക്കി മാറ്റി.. ബാക്കി ഒന്നും ഞാന്‍ കാണുന്നില്ല.. ഞാന്‍ സൃഷ്ടിച്ച സങ്കല്പിക ഫ്രെയിമില്‍ എന്റെ മമ്മൂക്ക നടന്നു വരുന്നു..ഒരു മായ കാഴ്ച പോലെ ഞാന്‍ മമ്മൂക്കയെ നോക്കി നിന്നു.. പെട്ടെന്ന് എന്റെ കൈയില്‍ ഒരു തട്ട്.. ഞാന്‍ പിടിച്ചു നിന്ന ബുള്ളറ്റ് ഒരു ട്രയല്‍ ഓടിച്ചു നോക്കാന്‍ വന്നതായിരുന്നു മമ്മൂക്ക..ഒന്ന് കൂടി കൈയില്‍ തട്ടാമോ മമ്മൂക്ക എന്നൊക്കെ ചോദിക്കാന്‍ തോന്നി.. അപ്പോഴേക്ക് മാറി നിക്ക് മാറി നിക്ക് ബഹളമായി...അങ്ങനെ തുടങ്ങിയ യാത്ര..

ഇന്നിപ്പോള്‍ ബിഗ് ബോസിന് ശേഷം മോനെ ഞാന്‍ നിന്റെ ഒരു ഫാന്‍ ആടാ നിന്നെ വെച്ച് ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞു ഷാജി കൈലാസ് സാര്‍ എന്നെ വിളിച്ചു.. മമ്മൂക്കയെ പല തവണ കണ്ടു..സുഖമില്ലാതെ ഇരിക്കുമ്പോഴും അയയ്ക്കുന്ന മെസ്സേജുകള്‍ക്ക് പ്രണാമം റിപ്ലൈ എങ്കിലും തരും.. സിനിമയുടെ ട്രെയിലര്‍ അയച്ചപ്പോഴും all the best ആശംസ അയച്ചു..എന്റെ പ്രിയപ്പെട്ട മമ്മൂക്ക അങ്ങയുടെ ജന്മ ദിനത്തില്‍ ജനിക്കാന്‍ കഴിഞ്ഞതും മഹാ മേരുവായി അങ്ങ് നിലനില്‍ക്കുന്ന ഈ മേഖലയില്‍ ഭാഗമാകാന്‍ കഴിഞ്ഞതും വലിയ അനുഗ്രഹമായി കാണുന്നു..

ഈ ജന്മ ദിനം മറ്റേതൊരു ജന്മ ദിനത്തേക്കാള്‍ അങ്ങേയ്ക്ക് വിലപ്പെട്ടതാണ്.. ആയുരാരോഗ്യ സൗഖ്യത്തോടെ അങ്ങ് തിരിച്ചു വരുന്നു.. എല്ലാ വിധ പ്രാര്‍ത്ഥനകളും..അഭിനേതാവ് എന്ന നിലയില്‍ എന്റെ ആദ്യ ചുവട് ഈ സെപ്റ്റംബര്‍ 12ന് വെയ്ക്കുന്നു.. അത് കൊണ്ട് ഈ ജന്മ ദിനം നമുക്ക് ഒരുമിച്ചു ആഘോഷിക്കാം..ഒരായിരം ജന്മദിനാശംസകള്‍ മമ്മൂക്ക'', എന്നാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
 

Read more topics: # മമ്മൂട്ടി
mammootty Birthday post in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES