മലയാള സിനിമയില്‍ താന്‍ നേരിടുന്ന പ്രതിസന്ധികളെയും നിര്‍മാതാക്കളുടെ നിലപാടുകളെയും കുറിച്ചുള്ള തുറന്നപറച്ചലുമായി സംവിധായകന്‍ ലാല്‍ ജോസ്. പുതിയ തലമുറയിലെ സംവിധായകര്‍ക്ക് കോടികളുടെ ബജറ്റുകള്‍ എളുപ്പത്തില്‍ ലഭിക്കുമ്പോള്‍, മുന്‍തലമുറയിലുള്ള തന്നെപ്പോലെയുള്ള പഴയ സംവിധായകരെ നിര്‍മാതാക്കള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വേണ്ടത്ര വിജയം നേടാത്തതാകാം ഈ അവിശ്വാസത്തിന് കാരണമെന്ന് സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രേക്ഷകര്‍ പുതിയ സിനിമകളെ മുന്‍കാല ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നതും വലിയൊരു പ്രശ്‌നമാണെന്നും, തന്റെ മുന്‍കാല ഹിറ്റുകള്‍ തന്നെ ഇപ്പോള്‍ തനിക്ക് വലിയൊരു ബാധ്യതയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുപ്പത് കോടി രൂപ മുതല്‍മുടക്കില്‍ 'പൊനം' എന്ന നോവല്‍ സിനിമയാക്കാന്‍ നാല് വര്‍ഷമായി താന്‍ പരിശ്രമിച്ചുവരികയാണെന്നും, രണ്ട് പ്രധാന താരങ്ങളെ ആവശ്യപ്പെടുന്ന ഈ ചിത്രം ഈ ആഗസ്റ്റില്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്നെങ്കിലും നിര്‍മാതാക്കളുടെ പിന്തുണ ലഭിക്കാത്തതിനാല്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടേണ്ടി വന്നുവെന്നും ലാല്‍ ജോസ് വെളിപ്പെടുത്തി. എക്കാലത്തും ഒഴുക്കിനൊപ്പം നീന്താത്ത, വ്യത്യസ്തമായ വഴികള്‍ തിരഞ്ഞെടുത്ത സംവിധായകനാണ് താനെന്നും, തന്റെ ഒരു വിജയചിത്രത്തിന്റെയും ശൈലി പിന്നീട് ആവര്‍ത്തിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വ്യത്യസ്തമായ വഴികള്‍ തേടുമ്പോള്‍ വഴികള്‍ മുടങ്ങിപ്പോകുകയോ കുഴിയില്‍ വീഴുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഒടുവിലത്തെ ചിത്രങ്ങളായ 'തട്ടിന്‍പുറത്ത് അച്യുതന്‍', 'വെളിപാടിന്റെ പുസ്തകം', 'സോളമന്റെ തേനീച്ചകള്‍', 'മ്യാവു' എന്നിവയ്ക്ക് തിയേറ്ററുകളില്‍ അര്‍ഹമായ കളക്ഷന്‍ നേടാനാകാതെ പോയത് കരിയറിനെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. 'തട്ടിന്‍പുറത്ത് അച്യുതന്‍' സിനിമയുടെ കഥ കേട്ടപ്പോള്‍ തോന്നിയ ഭംഗിയും കൗതുകവും അത് തിരക്കഥയായി മാറിയപ്പോള്‍ നഷ്ടപ്പെട്ടുപോയെന്ന് അദ്ദേഹം വിലയിരുത്തി. അന്നത്തെക്കാലത്ത് സംവിധായകരില്‍ നിര്‍മാതാക്കള്‍ക്കും നടന്മാര്‍ക്കും വലിയ വിശ്വാസമുണ്ടായിരുന്ന സ്ഥിതിയായിരുന്നുവെന്നും, കഥ കേട്ടാല്‍ നിര്‍മാതാക്കള്‍ സമ്മതിക്കുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.
ചിത്രീകരണ സമയത്തെ തിരക്കുകള്‍ കാരണം മനസ്സിലുദ്ദേശിച്ച രീതിയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും തിരിച്ചടിയായി. 'വെളിപാടിന്റെ പുസ്തകം' വലിയൊരു അന്താരാഷ്ട്ര പ്രമേയമാണ് ചര്‍ച്ച ചെയ്തതെങ്കിലും, ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാല്‍ ചിത്രത്തിലെ 'ജിമിക്കിക്കമ്മല്‍' എന്ന കലാലയത്തിലെ തമാശപ്പാട്ട് എണ്‍പത് മില്യണിലധികം കാഴ്ചക്കാരുമായി വലിയ തോതില്‍ തരംഗമായി മാറിയതോടെ പ്രേക്ഷകര്‍ക്ക് സിനിമയോട് തികച്ചും വ്യത്യസ്തമായ മുന്‍വിധികളും പ്രതീക്ഷകളുമുണ്ടാവുകയും അത് ചിത്രത്തിന്റെ സ്വീകാര്യതയെ ബാധിക്കുകയും ചെയ്തു.
നല്ല പ്രമേയവുമായി എത്തിയ 'മ്യാവു' തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും, പില്‍ക്കാലത്ത് ഒ.ടി.ടി വഴി ചിത്രം കണ്ട നിരവധി പേര്‍ അതൊരു നല്ല സിനിമയാണെന്ന് പ്രശംസിച്ച കാര്യം ലാല്‍ ജോസ് എടുത്തുപറഞ്ഞു. ഒരു സിനിമ പരാജയപ്പെട്ടാല്‍ സംവിധായകനും എഴുത്തുകാരനും അഭിനേതാക്കളുമടക്കം എല്ലാവരും കുറ്റക്കാരായി മാറുന്ന സാഹചര്യമാണുള്ളത്. തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് 'മ്യാവു' എന്നും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യപരമായി തിയേറ്ററുകളില്‍ പരാജയപ്പെട്ട തന്റെ സിനിമകളെല്ലാം ഒ.ടി.ടിയിലും സാറ്റലൈറ്റ് ചാനലുകളിലും വരുമ്പോള്‍ വീണ്ടും കാണാന്‍ തോന്നുന്ന റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങളാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. ആളുകള്‍ അവിടെ അത് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. 'രസികന്‍' അന്ന് ഉദ്ദേശിച്ച രീതിയില്‍ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും, അതൊരു നല്ല വിനോദചിത്രമാണെന്നും തനിക്ക് ഇപ്പോഴും ആളുകള്‍ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷത്തിനും അന്ന് ആ സിനിമ തിയേറ്ററില്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല, അത്രയേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.