വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവിലാണ് തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും ആന്റണി തട്ടിലും ഡിസംബര്‍ 12 ന് വിവാഹിതരായത്. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോളിതാ വൈകുന്നേരം നടന്ന ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്ത് വരുന്നത്.
കീര്‍ത്തി തന്നെ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അച്ഛന്‍ സുരേഷ് കുമാറിന്റെ കൈ പിടിച്ച് വിവാഹ വേദിയിലേക്ക് കയറുന്നതിന്റെയും ഭര്‍ത്താവ് ആന്റണി തട്ടിലിനെ ചുംബിക്കുന്നതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഗോവയില്‍ വെച്ചായിരുന്നു വിവാഹം. വെള്ള ഗൗണായിരുന്നു കീര്‍ത്തിയുടെ വേഷം. വെള്ള സ്യൂട്ടാണ് വരന്‍ ആന്റണി ധരിച്ചത്.ഫോര്‍ ദ ലവ് ഓഫ് നൈക്ക് എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ഇവര്‍ വിഹവാഹിതരായിരിക്കുന്നത്. സ്‌കൂള്‍ മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഡിസംബര്‍ 12ന് ഗോവയില്‍ വെച്ചാണ് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നിരുന്നത്. ഈ ചടങ്ങിലും ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വര്‍ക്കും ചേര്‍ത്തിട്ടുണ്ട്. സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്‌തെടുത്തത്.
എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. പൈലറ്റ്സ്, കുബേരന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായാണ് കീര്‍ത്തി സിനിമയിലേക്ക് എത്തുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ നായികയായുള്ള അരങ്ങേറ്റം.