Latest News

തന്റെ ചിത്രം അശ്ലീല വസ്ത്രത്തില്‍ കണ്ടപ്പോള്‍ ഞെട്ടി; അത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി; എ.ഐ അനുഗ്രഹവും ശാപവും'; ഞാന്‍ അങ്ങനെ പോസ് ചെയ്തിട്ടില്ല; കീര്‍ത്തി സുരേഷിന് പറയാനുള്ളത്

Malayalilife
 തന്റെ ചിത്രം അശ്ലീല വസ്ത്രത്തില്‍ കണ്ടപ്പോള്‍ ഞെട്ടി; അത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കി; എ.ഐ അനുഗ്രഹവും ശാപവും'; ഞാന്‍ അങ്ങനെ പോസ് ചെയ്തിട്ടില്ല; കീര്‍ത്തി സുരേഷിന് പറയാനുള്ളത്

മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി കീര്‍ത്തി സുരേഷ്. സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്ന എ ഐയുടെ ദുരുപയോഗത്തെക്കുറിച്ച് താരം ആശങ്ക പങ്കുവെച്ചു. ചെന്നൈയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് എ.ഐയുടെ ഭീഷണി സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സാമൂഹിക പ്രശ്‌നമായി വളരുകയാണെന്ന് കീര്‍ത്തി സുരേഷ് തുറന്നു പറഞ്ഞത്.

'എ.ഐ ഇന്ന് ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊരു അനുഗ്രഹവും അതോടൊപ്പം തന്നെ ഒരു ശാപവുമാണ്,' കീര്‍ത്തി സുരേഷ് പറഞ്ഞു. സാങ്കേതികവിദ്യ മനുഷ്യന്‍ കണ്ടുപിടിച്ചതാണെങ്കിലും, അതിന്മേലുള്ള നിയന്ത്രണം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും, 'ഡീപ്‌ഫേക്കുകള്‍' എന്നറിയപ്പെടുന്ന ഇത്തരം കൃത്രിമ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ വിശ്വസനീയമായ രൂപത്തിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ഇത് ഏതൊരാളുടെയും വ്യക്തിപരമായ ജീവിതത്തില്‍ വലിയ ആഘാതമാണുണ്ടാക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രം ഒരു അശ്ലീല വസ്ത്രത്തില്‍ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും, അത് തനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും താരം വെളിപ്പെടുത്തി. ''അടുത്തിടെ ഒരു സിനിമയുടെ പൂജയ്ക്ക് ഞാന്‍ ധരിച്ച വസ്ത്രം, മോശമായ രീതിയിലേക്ക് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ആ ചിത്രം കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം ചിന്തിച്ചുപോയി. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ആ രീതിയില്‍ ഞാന്‍ പോസ് ചെയ്തിട്ടില്ലെന്ന്. ഇത് തീര്‍ച്ചയായും അരോചകമാണ്. ഒരു വ്യക്തി എന്ന നിലയില്‍ ഇത് വേദനാജനകമാണ്,' അവര്‍ പറഞ്ഞു.

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് സൃഷ്ടിക്കുന്ന നിയമപരവും ധാര്‍മ്മികവുമായ വെല്ലുവിളികള്‍ വളരെ വലുതാണ്. ഇത്തരം സാങ്കേതികവിദ്യകളെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്നും കീര്‍ത്തി സുരേഷ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിന്റെ ഗൗരവം കേവലം സിനിമാ മേഖലയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുന്ന ആരെയും ഇത് ബാധിക്കാവുന്ന ഗുരുതരമായ സൈബര്‍ ഭീഷണിയാണ്.

കലാകാരന്മാരുടെയും പൊതു വ്യക്തികളുടെയും സ്വകാര്യതയെ അപ്പാടെ തകര്‍ക്കുന്ന ഈ പ്രവണത സൈബര്‍ ലോകത്ത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. ഒരു വ്യക്തിയുടെ മുഖമോ ശരീരമോ മറ്റൊരു സന്ദര്‍ഭവുമായി കൂട്ടിച്ചേര്‍ത്ത്, അവര്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാന്‍ എ.ഐക്ക് സാധിക്കുന്നു. ഇത് വ്യക്തിഹത്യക്കും സൈബര്‍ ഭീഷണിക്കും വഴിയൊരുക്കുന്നു.

ഈ വിഷയത്തില്‍ നടി ആന്‍ഡ്രിയ ജെറമിയയും പ്രതികരിച്ചിരുന്നു. വിനോദ മേഖലക്കപ്പുറം എ.ഐ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ആന്‍ഡ്രിയ നിരീക്ഷിച്ചു. 'സാങ്കേതികവിദ്യ പ്രവര്‍ത്തിക്കേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാകണം, അല്ലാതെ തിരിച്ചാകരുത്,' ആന്‍ഡ്രിയ ജെറമിയ പറഞ്ഞു.


 

keerthi suresh about deepfake technology

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES