മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് കാവ്യ മാധവന്‍.ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ് കാവ്യ. പൊതുവേദികളില്‍ അടക്കം വളരെ വിരളമായി മാത്രമാണ് ഇപ്പോള്‍ കാവ്യയെ കാണാറുള്ളത്. കുടുംബ കാര്യങ്ങളും മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി കഴിയുകയാണ് കാവ്യ. ഇപ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ താരം വീണ്ടും ക്യാമറയ്ക്ക് മുന്‍പിലെത്തിയതോടെ ആരാധകരും ഹാപ്പിയായി.
നൃത്തകലയിലെ ഗുരു ആനന്ദന്‍ മാസ്റ്ററുടെ പുതിയ സംരംഭത്തിന് ആശംസകള്‍ നേരുന്നതിന് വേണ്ടിയാണ് കാവ്യാ മാധവന്‍ വീണ്ടും ക്യാമറയ്ക്ക് മുന്‍പിലെത്തിയത്.ക്ലാസിക്കല്‍ ഡാന്‍സ് ബാന്‍ഡായ ആനന്ദ വൈഭവം ആണ് അദ്ദേഹത്തിന്റെ പുതിയ സംരംഭം.
'അദ്ദേഹം എന്റെ പിതാവിന്റെയും മാതാവിന്റെയും സഹോദരന്റെയും സ്ഥാനത്തുനില്‍ക്കുന്ന ആളാണ്. എന്തും തുറന്നുപറയാന്‍ പറ്റുന്ന നല്ലൊരു സഹൃത്താണ് മാഷ് എനിക്ക്. നമ്മള്‍ തളര്‍ന്നിരിക്കുന്ന സമയത്ത് രണ്ട് കൈയും തന്ന് നമ്മളെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന നല്ലൊരു മോട്ടിവേറ്ററാണ് മാഷ്. പല പല രൂപങ്ങളിലെനിക്ക് മാഷിനെ നിര്‍വചിക്കാന്‍ പറ്റുമെന്ന്് കാവ്യ വീഡിയോയിലൂടെ പങ്ക് വച്ചു.
വലിയൊരു കലാകാരനായാലും കലാകാരിയായാലും നമ്മള്‍ വിചാരിക്കും, ഇത്രയധികം അറിവുകളൊക്കെയായി ഇനിയിപ്പോള്‍ പുതുതായി എന്ത് ചെയ്യാനാണെന്ന്. പക്ഷേ മാഷ് അങ്ങനെയല്ല. എപ്പോള്‍ കാണുമ്പോഴും മാഷ് എന്തെങ്കിലും പുതിയ കാര്യത്തെക്കുറിച്ചുള്ള ആലോചനയിലായിരിക്കും.
ആ ഒരു ആലോചനയാണ് ഇന്ന് ഈയൊരു സംരംഭത്തില്‍ എത്തിനില്‍ക്കുന്നത്. നമുക്ക് ശിഷ്യന്മാര്‍ക്ക് കൂടി മാഷ് പഠിപ്പിച്ച് തരികയാണ്. കലാകാരന്മാരുടെ യാത്ര ഒരിക്കലും അവസാനിക്കില്ല, ആ യാത്ര തുടര്‍ന്നുകൊണ്ടിരിക്കയാണെന്ന് പഠിപ്പിക്കുകയാണ്.'- കാവ്യ പറഞ്ഞു.
എറണാകുളത്തേക്ക് താമസം മാറി, നൃത്തം പഠിക്കണം എന്ന ആഗ്രഹം വന്നപ്പോള്‍ ഒരു ഗുരുനാഥനെ കണ്ടെത്തേണ്ട ആവശ്യം വന്നു. അങ്ങനെയാണ് ആനന്ദ്മാഷിലേക്കെത്തുന്നത്. അവിടെ നിന്നാണ് കലയോടുള്ള എന്റെ സമീപനം മാറുന്നത് തന്നെ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, വിദ്യാര്‍ഥികളെ അത്രയും മനസിലാക്കിയാണ് അടവുകള്‍ പഠിപ്പിച്ചിരുന്നത്. അഭിനയത്തിനും സ്വരങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുള്ള നൃത്തരൂപങ്ങളാണ് അദ്ദേഹം എനിക്കായി ഒരുക്കിയിരുന്നത്.
കേരളത്തില്‍ ഒരുപാട് നൃത്ത വേദികളില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. അതിന്റെ ഫുള്‍ ക്രെഡിറ്റും മാഷിനുള്ളതാണ്. ഞാന്‍ അത്ര കോണ്‍ഫിഡന്‍സും ധൈര്യവുമുള്ള ആളൊന്നുമല്ല. എന്നിട്ടും നൃത്തം മനോഹരമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അദ്ദേഹം കാരണമാണ്. എനിക്ക് പേടി ആയിരുന്നപ്പോഴൊക്കെ മാഷ് തന്ന ഒരു ധൈര്യം അത് എടുത്തു പറയേണ്ടതാണെന്നും കാവ്യ പങ്ക് വച്ചു.
എന്തായാലും നാളുകള്‍ക്കു ശേഷം കാവ്യയുടെ സംസാരം കേള്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ;കാവ്യ എവിടെയായിരുന്നു ഇത്രയും കാലം എന്നാണ് ഭൂരിഭാഗം ആരാധകരുടെയും ചോദ്യം