സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ നടൻ മോഹൻലാലിനെതിരെ 'കൈ തോക്ക്' ഷോയിൽ അലൻസിയറിനെതിരെ രൂക്ഷ വിമർശനവുമായി ജോയ് മാത്യു. സത്യത്തിൽ വിരൽ ചൂണ്ടാൻ മാത്രം മോഹൻലാൽ ചെയ്ത തെറ്റ് എന്താണ്. മോഹൻലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹർജി നിഷ്‌കരുണം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ സാംസ്‌കാരിക മന്ത്രിക്ക് നേരെയല്ലേ ആ 'വിരൽ വെടി' ഉതിർക്കേണ്ടിയിരുന്നത് എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
അതല്ല മോഹൻലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നേരെയാണ് ആ 'വിരൽ വെടി പോയതെങ്കിലോ. അപ്പോൾ ശരിക്ക് വിവരമറിയും അനീതികൾക്ക് നേരെ ആരുടെ നേർക്കും മുട്ടിടിക്കാതെ വിരൽ ചൂണ്ടുന്നവനായിരിക്കണം കലാകാരൻ.
അല്ലാതെ സഹപ്രവർത്തകനെ പൊതുവേദിയിൽവെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച് അപമാനിക്കുന്നത് എം .ആർ.രാധ രാഷ്ട്രീയപ്രേരിതമായി എം.ജി.ആറിന് നേർക്കു ഉതിർത്ത വെടിയുണ്ടയേക്കാൾ മാരകമാണെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു. ഫേസ്‌ബുക്കിലൂടെയാണ് ജോയ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.