സംഗീത ലോകത്തെ പ്രിയഗായകന്‍ എം.ജി. ശ്രീകുമാറും ഭാര്യ ലേഖയും ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ്. യാത്രകളിലും സംഗീത സദസ്സുകളിലും എപ്പോഴും ഒരുമിച്ചെത്തുന്ന ഇരുവരുടെയും പുതിയ അഭിമുഖത്തിലെ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡിഡി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചും സംഗീത ജീവിതത്തെക്കുറിച്ചും മനസ് തുറന്നത്.
സംഗീതമാണ് തങ്ങളെ തമ്മില്‍ ഒന്നിപ്പിച്ചതെന്ന് ലേഖ ശ്രീകുമാര്‍ ഓര്‍ത്തെടുക്കുന്നു. വീട്ടില്‍ എല്ലാവരും പാടുമായിരുന്നെങ്കിലും തനിക്ക് ഡാന്‍സിലായിരുന്നു താല്പര്യമെന്ന് ലേഖ പറയുന്നു. 'പിന്നീടാണ് ശ്രീക്കുട്ടനെ കണ്ടുമുട്ടുന്നത്. 'ചിത്രം', 'വന്ദനം' തുടങ്ങിയ സിനിമകളിലെ പാട്ടുകളൊക്കെ ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു അത്. വഴിയില്‍ വെച്ച് കാസറ്റുകള്‍ തരുമായിരുന്നു. ഫോണിലൂടെ ഒരുപാട് സംസാരിച്ചു. അങ്ങനെ മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്,' ലേഖ വ്യക്തമാക്കി. താന്‍ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും മ്യൂസിക്കിനെ ഈശ്വരനായാണ് കാണുന്നതെന്നും ലേഖ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ജീവിതത്തില്‍ രണ്ടുപേരല്ലാതെ മറ്റ് മാനേജര്‍മാരൊന്നുമില്ലെന്ന് എം.ജി. ശ്രീകുമാര്‍ പറഞ്ഞു. 'ഇവളാണ് എന്റെ മാനേജര്‍, ഞാന്‍ ഇവളുടെ മാനേജരും. ഏത് സ്റ്റേജില്‍ പാടിയാലും ലേഖ മുന്നിലുണ്ടാകും. പാട്ടിനിടയില്‍ സൗണ്ട് ഓക്കെയാണോ എന്ന് ഞാന്‍ ആംഗ്യം കാണിക്കും. ശബ്ദം കുറവാണെങ്കില്‍ കമാന്‍ഡ് മൈക്ക് വഴി സൗണ്ട് എഞ്ചിനീയര്‍ക്ക് കൃത്യമായി നിര്‍ദ്ദേശം നല്‍കുകയും ചെയ്യും,' എംജി വ്യക്തമാക്കുന്നു.
ലേഖ നന്നായി പാടുമെന്നും എന്നാല്‍ പാടാന്‍ ഒരു മൈന്‍ഡ് ബ്ലോക്ക് ഉണ്ടെന്നും എംജി ചിരിയോടെ പറഞ്ഞു. 'പത്തിരുപത് വര്‍ഷം റിയാലിറ്റി ഷോകളില്‍ ജഡ്ജായ ആളാണ് ഞാന്‍. അതുകൊണ്ട് ഞാന്‍ പറയുന്നത് വിശ്വസിക്കാം, ലേഖ നന്നായി പാടും.
വീട്ടില്‍ സ്വന്തമായി സ്റ്റുഡിയോയും എഞ്ചിനീയറുമൊക്കെയുണ്ട്. ആരോടും ചോദിക്കാതെ അവിടെ പോയിരുന്ന് പാടാം, പക്ഷെ ഒരു മൈന്‍ഡ് ബ്ലോക്ക്! അത് എന്നെങ്കിലും ശരിയാകും,' എംജി കൂട്ടിച്ചേര്‍ത്തു. ലഭിക്കുന്ന ഒഴിവുസമയങ്ങളെല്ലാം യാത്രകള്‍ക്കായി മാറ്റിവെക്കുന്നവരാണ് ഇരുവരും. ഒരാഴ്ച സമയം കിട്ടിയാല്‍ ഉടന്‍ വിദേശത്തേക്ക് പറക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും നടക്കാനും പടികയറാനും ആരോഗ്യമുള്ള കാലത്തോളം യാത്രകള്‍ ചെയ്യണമെന്നതാണ് തങ്ങളുടെ നയമെന്നും എം.ജി. ശ്രീകുമാര്‍ പറഞ്ഞു.