അടുത്തിടെയായിരുന്നു താന്‍ പ്രാഥമിക വിദ്യാഭ്യാസം തുടരാന്‍ തീരുമാനിച്ച കാര്യം നടന് ഇന്ദ്രന്‍സ് പങ്കുവെച്ചത്. നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച താന്‍ പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേരാന്‍ തീരുമാനിച്ചുവെന്നായിരുന്നു താരം അറിയിച്ചത്.
എന്നാല്‍ പത്താം ക്ലാസ് പാസാകുകയെന്ന നടന്റെ മോഹം അല്പം വൈകിയേക്കും. കാരണം നാലാം ക്ലാസ് പാസായ ഇന്ദ്രന്‍സിന് സാക്ഷരതാ മിഷന്റെ ബൈലോ പ്രകാരം ഏഴാം ക്ലാസിലേക്ക് മാത്രമേ പ്രവേശനം അനുവദിക്കാനാകൂ എന്നാണ് ഇപ്പോള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എട്ട് മാസമാണ് ഏഴാം ക്ലാസ് തുല്യത പഠനത്തിന്റെ കാലയളവ്. ജനവരി ആദ്യ ആഴ്ചയിലായിരിക്കും ക്ലാസ് തുടങ്ങിയേക്കുക.
വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുകയായിരുന്നുവെന്നും ആ പേടി മാറ്റാന്‍ കൂടിയാണ് ഇപ്പോള്‍ തുല്യതാ പഠനത്തിന് ചേരുന്നതെന്നും താരം പറഞ്ഞിരുന്നു.
സ്കൂളില്‍ പോകുവാനായി വസ്ത്രങ്ങളും പുസ്തകവും ഇല്ലാത്ത അവസ്ഥ വന്നപ്പോഴാണ് സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് താന്‍ തിരഞ്ഞതെന്ന് ഇന്ദ്രന്‍സ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വായനാശീലം ജീവിതത്തിലുടനീളം തുടര്‍ന്നു. അതുകൊണ്ട് കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചതും അത് വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കി എന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.
അതിനിടെ പത്താം ക്ലാസില്‍ ചേരാനാകാത്ത സാഹചര്യത്തില്‍ ഏഴാം ക്ലാസില്‍ ചേര്‍ന്ന് ഇന്ദ്രന്‍സ് പഠനം തുടരുമോയെന്ന് വ്യക്തമല്ല. ഏഴാം ക്ലാസിലേക്ക് മാത്രമേ ചേരാന്‍ സാധിക്കൂവെന്ന വിവരം അറിയിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് പിന്നീട് അന്വേഷിക്കാം എന്നാണ് താരം അറിയിച്ചു.