Latest News

വിക്രമിന്റെ മകള്‍ അക്ഷിതയുടെ ഭര്‍ത്താവ് മനു രഞ്ജിത്തിന്റെ പിതാവ്; ആ കുരങ്ങിന്റെ ഓണര്‍ പ്രമുഖ വ്യവസായ സ്ഥാപനമായ കാവിന്‍കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.കെ. രംഗനാഥന്‍; മരുമകളുടെ  റീലിട്ടു പെട്ടത് രംഗനാഥന്‍; വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള വീഡിയോയില്‍ വിക്രം പ്രതിസന്ധിയില്‍ 

Malayalilife
 വിക്രമിന്റെ മകള്‍ അക്ഷിതയുടെ ഭര്‍ത്താവ് മനു രഞ്ജിത്തിന്റെ പിതാവ്; ആ കുരങ്ങിന്റെ ഓണര്‍ പ്രമുഖ വ്യവസായ സ്ഥാപനമായ കാവിന്‍കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.കെ. രംഗനാഥന്‍; മരുമകളുടെ  റീലിട്ടു പെട്ടത് രംഗനാഥന്‍; വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള വീഡിയോയില്‍ വിക്രം പ്രതിസന്ധിയില്‍ 

തമിഴ് താരം വിക്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ലളിതമായ ഒരു വിനോദ വീഡിയോ ഇപ്പോള്‍ വന്‍ വിവാദങ്ങളിലേക്കാണ് വഴിതുറന്നിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന 'ലാര്‍ ഗിബ്ബണ്‍' വിഭാഗത്തില്‍പ്പെട്ട അപൂര്‍വ്വ കുരങ്ങിനെ ലാളിക്കുകയും കെട്ടിപ്പുണരുകയും ചെയ്യുന്ന റീല്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നടന്‍ വിക്രമിന് തമിഴ്നാട് വനംവകുപ്പ് നോട്ടീസ് അയച്ചു. ചിത്രീകരണം നടന്ന ലൊക്കേഷനിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് കൈമാറിയത്. 

 എന്നാല്‍ ഈ കേസിന്റെ വേരുകള്‍ ചെന്നെത്തുന്നത് തമിഴ്‌നാട്ടിലെ പ്രമുഖ ബിസിനസ്സ് സാമ്രാജ്യത്തിലാണ്. വിക്രമിന്റെ മകള്‍ അക്ഷിതയുടെ ഭര്‍ത്താവ് മനു രഞ്ജിത്തിന്റെ പിതാവും പ്രമുഖ വ്യവസായ സ്ഥാപനമായ 'കാവിന്‍കെയറി'ന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.കെ. രംഗനാഥനാണ് സംഭവത്തില്‍ ഇപ്പോള്‍ വനംവകുപ്പിന്റെ പ്രധാന നിഴലിലായിരിക്കുന്നത്. ഈജിപ്ഷ്യന്‍, ഏഷ്യന്‍ അപൂര്‍വ്വ ജീവികളെ സ്വന്തമാക്കാന്‍ താത്പര്യമുള്ള സി.കെ. രംഗനാഥന്റെ ഇഞ്ചമ്പാക്കത്തുള്ള വില്ലയില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിവാദമായ കുരങ്ങിനെ കണ്ടെത്തി ഈറോഡേക്ക് മാറ്റിയത്. 

തന്റെ മകളുടെ ഭര്‍തൃപിതാവും അതിസമ്പന്നനുമായ രംഗനാഥന്റെ വീട്ടില്‍ വെച്ചാണ് വിക്രം ഈ വീഡിയോ ചിത്രീകരിച്ചത്. റീല്‍സ് തരംഗമായതോടെ വന്യജീവി സംരക്ഷകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. അന്താരാഷ്ട്ര വന്യജീവി കച്ചവടവിരുദ്ധ ഉടമ്പടിയായ 'സൈറ്റ്‌സ്', ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം അതിതീവ്ര വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗമാണ് ലാര്‍ ഗിബ്ബണ്‍. പെറ്റ്സ് ആയി വളര്‍ത്താന്‍ നിയമപരമായി കടുത്ത നിയന്ത്രണങ്ങളുള്ള ഈ ജീവിയെ കൈവശം വെച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പരാതികളിലാണ് വനംവകുപ്പും 'വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ'യും അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. 

 വിവാദം കൊടുമ്പിരിക്കൊണ്ടതോടെ നടന്‍ വിക്രം വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തെങ്കിലും, നിയമനടപടികളില്‍ നിന്ന് അത് അദ്ദേഹത്തെ ഒഴിവാക്കിയില്ല. ഒരു സാധാരണ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ റീലിട്ട് പെട്ടത് മരുമകളുടെ പിതാവായ സി.കെ. രംഗനാഥനാണെന്നതാണ് സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. മൃഗത്തിന്റെ ഉടമസ്ഥാവകാശം, ഇത് വാങ്ങിയതിന്റെയും സൂക്ഷിച്ചതിന്റെയും നിയമപരമായ രേഖകള്‍ എന്നിവ ഹാജരാക്കാന്‍ വനംവകുപ്പ് സി.കെ. രംഗനാഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അന്വേഷണത്തില്‍ തെളിഞ്ഞത് ഈ അപൂര്‍വ്വ കുരങ്ങിന്റെ അനധികൃതമായ വലിയൊരു അന്തരസംസ്ഥാന കടത്താണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന ഇവയെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍ വഴി ഇന്ത്യയിലേക്ക് കടത്തുകയായിരുന്നു. ജൂണ്‍ മാസത്തില്‍ മണിപ്പൂരില്‍ നിന്നും ഈറോഡ് പെരുന്തുറയിലുള്ള കെ. കേശവനാഥന്‍ എന്ന മൃഗവളര്‍ത്തല്‍ കേന്ദ്രം ഉടമ മൂന്ന് ലാര്‍ ഗിബ്ബണുകളെ വാങ്ങിയതായി കണ്ടെത്തി. അവിടെ നിന്നാണ് ഓഗസ്റ്റ് ആദ്യവാരത്തില്‍ രണ്ട് കുരങ്ങുകളെ സി.കെ. രംഗനാഥന്‍ ചെന്നൈയിലേക്ക് മാറ്റിയത്. 

എന്നിരുന്നാലും നിയമങ്ങള്‍ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തിയാണ് ഈ കടത്തു നടന്നിരിക്കുന്നത്. ഇന്ത്യയിലെ ലിവിങ് അനിമല്‍ സ്പീഷീസ് (റിപ്പോര്‍ട്ടിംഗ് ആന്റ് രജിസ്ട്രേഷന്‍) റൂള്‍സ്, 2024 പ്രകാരം ഇത്തരം അപൂര്‍വ്വ ജീവികളെ കൈവശം വെക്കുകയോ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യുമ്പോള്‍ വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയും ഓണ്‍ലൈന്‍ രജിസ്ട്രേഷനും നിര്‍ബന്ധമാണ്. പെരുന്തുറയില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റിയ പ്രക്രിയയില്‍ രണ്ടു മാസത്തിലേറെ കാലതാമസവും ചട്ടലംഘനവും ഉണ്ടായതായി ഈറോഡ് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കെ.വി. അപ്പല നായിഡു വ്യക്തമാക്കി. 

കൂടുതല്‍ ഞെട്ടിക്കുന്ന വിവരം, ഈ സംഘം വാങ്ങിയ മൂന്ന് ലാര്‍ ഗിബ്ബണുകളില്‍ ഒരെണ്ണം മൃഗവളര്‍ത്തല്‍ കേന്ദ്രത്തില്‍ വെച്ച് തന്നെ മരണപ്പെട്ടിരുന്നു എന്നതാണ്. ഒരു അപൂര്‍വ്വ ജീവി ചത്താല്‍ മൃഗഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സഹിതം വനംവകുപ്പിനെ ഉടന്‍ വിവരമറിയിക്കണം എന്ന നിയമവും ഇവര്‍ പൂര്‍ണ്ണമായി ലംഘിച്ചു. ഈ മരണം ഒളിച്ചുവെച്ചതിനും അധികൃതര്‍ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവം വന്യജീവി നിയമങ്ങളുടെ സങ്കീര്‍ണ്ണമായ വലക്കണ്ണികളിലേക്കാണ് ഇരുവരേയും തള്ളിയിട്ടിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ കഢ പ്രകാരം രജിസ്ട്രേഷന്‍ ഇല്ലാതെ അല്ലെങ്കില്‍ തെറ്റായ രീതിയില്‍ ഇത്തരം ജീവികളെ കൈവശം വെക്കുകയോ, ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയോ കനത്ത സാമ്പത്തിക പിഴയോ അല്ലെങ്കില്‍ രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണ്. കേസില്‍ രംഗനാഥന് വ്യക്തമായ അനുമതി പത്രങ്ങള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ നിയമനടപടി കടുക്കുമെന്ന ഉറപ്പാണ്. 

തമിഴ് സിനിമയിലെ സൂപ്പര്‍താരമായ വിക്രമിന്റെ സാന്നിധ്യമാണ് കേസിലെ ജനശ്രദ്ധ വര്‍ദ്ധിപ്പിച്ചത്. വിക്രം നേരിട്ട് വന്യജീവി കടത്ത് നടത്തിയിട്ടില്ലെങ്കിലും അത്തരം ജീവിയെ പരസ്യമായി പ്രദര്‍ശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് കുറ്റകരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. സിനിമകളില്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച വിക്രമിന്, ഈ ഇന്‍സ്റ്റഗ്രാം റീല്‍ വലിയൊരു നിയമപോരാട്ടത്തിലേക്കുള്ള വാതിലാണ് തുറന്നിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് വിക്രമോ സി.കെ. രംഗനാഥനോ തയ്യാറായിട്ടില്ല. വിക്രമിന്റെ വക്താക്കള്‍ അറിയിച്ചത് വനംവകുപ്പ് ആവശ്യപ്പെട്ട രേഖകളും വിശദീകരണങ്ങളും കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നാണ്. വരും ദിവസങ്ങളില്‍ നടന്‍ വിക്രം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകുന്നതോടെ കേസിലെ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് വനംവകുപ്പ് നല്‍കുന്ന സൂചന.
 

Read more topics: # വിക്രം
files Case Against Actor Vikram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES