മക്കളായ ഉയിരിന്റെയും ഉലകിന്റെയും പിറന്നാള്‍ അതിമനോഹരമായി ആഘോഷിച്ച് നയന്‍താരയും വിഘ്‌നേഷ് ശിവനും.നാലാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ നയന്‍താര പങ്കിട്ടു. മക്കള്‍ക്കും വിഘ്‌നേഷിനുമൊപ്പമുള്ള ചിത്രങ്ങളും കേക്കിന്റെ ചിത്രവും ആഘോഷങ്ങളുടെ ചിത്രവുമെല്ലാം നയന്‍സ് പങ്കുവച്ചിട്ടുണ്ട്. വൈറ്റ് ഹാര്‍ട്ട് ഇമോജി ക്യാപ്ഷനായി നല്‍കിയാണ് താരത്തിന്റെ പോസ്റ്റ്.
സമൃദ്ധമായ പച്ചപ്പും മരങ്ങളും മൃഗങ്ങളുടെ രൂപത്തിലുള്ള അലങ്കാരങ്ങളും പ്രത്യേക തീമിലുള്ള കേക്കുകളും ഉള്‍പ്പെടുത്തി, കാടിന്റെ പശ്ചാത്തലമൊരുക്കിയുള്ളതായിരുന്നു ബര്‍ത്ത്‌ഡേ ആഘോഷം. ഒരു ചിത്രത്തില്‍, സമൃദ്ധമായ ചെടികളും മരങ്ങളും കാടിന്റെ പ്രതീതിയുണര്‍ത്തുന്ന അലങ്കാരങ്ങളും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ സ്‌നേഹത്തോടെ മക്കളെ എടുത്തുപിടിച്ച് പോസ് ചെയ്യുന്ന വിക്കിയെയും നയന്‍സിനെയും കാണാം.
അവര്‍ക്ക് മുന്നിലായി നിരവധി കേക്കുകളും വെച്ചിട്ടുണ്ട്. രണ്ടാമത്തെ ചിത്രത്തില്‍, ജംഗിള്‍ തീമില്‍ മനോഹരമായ മൃഗങ്ങളുടെ രൂപങ്ങളും നിരവധി അലങ്കാരങ്ങളും അടങ്ങിയ, രണ്ട് തട്ടുകളുള്ള ജന്മദിന കേക്ക് കാണാം.
സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന്റെ പോസ്റ്റിന് ആശംസകള്‍ നേരുന്നുണ്ട്.
'ഉലഗിനും ഉയിരിനും ജന്മദിനാശംസകള്‍... ആ തീം വളരെ ഇഷ്ടമായി...' എന്നാണ് പേര്‍ളി മാണി നല്‍കിയ കമന്റ്. ഹാര്‍ട്ട് ഐ ഇമോജി ശ്രീനിഷിന്റെ കമന്റ്. 'ഈ കൊച്ചു കുരുന്നുകള്‍ക്ക് ജന്മദിനാശംസകള്‍...' എന്നാണ് പി.വി.സിന്ധു കുറിച്ചത്. 'അവര്‍ രണ്ടുപേര്‍ക്കും വളരെ സന്തോഷകരമായ ജന്മദിനാശംസകള്‍ നേരുന്നു. അവരുടെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സഫലമാകട്ടെ; ഒപ്പം അവരുടെ ജീവിതം എപ്പോഴും സ്‌നേഹവും ചിരിയും സന്തോഷവും കൊണ്ട് നിറയട്ടെ....' എന്നാണ് ശരണ്യ ഭാഗ്യരാജ് കുറിച്ചത്.
അതേസമയം, തങ്ങളുടെ മക്കളായ ഉയിറും ഉലഗും ഊര്‍ജ്ജസ്വലമായി നൃത്തം ചെയ്യുന്ന മനോഹരമായ ഒരു വീഡിയോ നയന്‍താരയും വിഗ്‌നേഷും ഇന്നലെ പങ്കുവെച്ചിരുന്നു. തങ്ങളുടെ ജീവിതത്തില്‍ മക്കള്‍ വന്നതിലുള്ള നന്ദി അവര്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. ''ഞങ്ങളുടെ ജീവിതത്തിലെ സന്തോഷം, അനുഗ്രഹം, അര്‍ത്ഥം, സംഗീതം, ഊര്‍ജ്ജം, വികാരം, ഞങ്ങളുടെ 'ഉയിരും'...'ഉലകും' - നിങ്ങള്‍ രണ്ടുപേര്‍ക്കും ജന്മദിനാശംസകള്‍... ഉയിര്‍, ഉലഗ് - ഞങ്ങളുടെ ജീവിതത്തിന്റെ സ്പന്ദനങ്ങള്‍...
ഓരോ നിമിഷവും, ഓരോ സെക്കന്‍ഡിലും, നിങ്ങളെ ഞങ്ങള്‍ക്ക് നല്‍കിയതിന് അമ്മയും അച്ഛനും ദൈവത്തോട് നന്ദി പറയുന്നു; നിങ്ങളെ ഞങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നു...'' എന്നാണവര്‍ കുറിച്ചത്.