വംശനാശഭീഷണി നേരിടുന്ന അപൂര്‍വ്വ ഇനം കുരങ്ങുമൊത്തുള്ള റീല്‍ പങ്കുവെച്ചതിന് പിന്നാലെ പ്രമുഖ തമിഴ് ചലച്ചിത്ര താരം വിക്രം വിവാp;pദത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ ചര്‍ച്ചയായതോടെ തമിഴ്നാട് വനംവകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നിയമനടപടികള്‍ ഭയന്ന് നടന്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യുകയായിരുന്നു.
വിക്രമിന്റെ മകളുടെ ഭര്‍തൃപിതാവും പ്രമുഖ വ്യവസായിയുമായ സി.കെ. രംഗനാഥന്റെ കൈവശമുള്ള സംരക്ഷിത വിഭാഗത്തില്‍പ്പെട്ട കുരങ്ങിനെ കേന്ദ്രീകരിച്ചാണ് വനംവകുപ്പിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ചയാണ് വിക്രം ഈ കുരങ്ങുമൊത്തുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍, വിദേശ ഇനത്തില്‍പ്പെട്ട മൃഗത്തെ നിയമവിരുദ്ധമായി കൈവശം വെച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയതോടെ 24 മണിക്കൂറിനുള്ളില്‍ വിക്രം റീല്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.
'ലാര്‍ ഗിബ്ബണ്‍' വിഭാഗത്തില്‍പ്പെട്ടതാണ് ഈ കുരങ്ങ്. വന്യജീവി കച്ചവടത്തിനെതിരെയുള്ള അന്താരാഷ്ട്ര ഉടമ്പടിയായ 'സൈറ്റ്സ്', ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം വംശനാശഭീഷണി നേരിടുന്നതും കനത്ത സംരക്ഷണം നല്‍കേണ്ടതുമായ ജീവിവര്‍ഗമാണിത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മണിപ്പൂരില്‍ നിന്നാണ് ഈ കുരങ്ങിനെ വാങ്ങിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഈ ജീവിയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുവന്നതാകാമെന്ന സംശയവും വനംവകുപ്പ് ഉന്നയിക്കുന്നുണ്ട്. എന്നാല്‍, നിലവിലുള്ള വിശദമായ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണം നല്‍കാന്‍ കഴിയൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സിനിമ മേഖലയില്‍ വലിയ സ്വാധീനമുള്ള നടനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വിജയ് ഇടപെടുമോ എന്ന ചര്‍ച്ചകളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ ചെന്നൈ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ യോഗന്‍ കുലാല, സി.കെ. രംഗനാഥന്റെ വസതിയിലെത്തി നേരിട്ട് അന്വേഷണം ആരംഭിച്ചു. ലാര്‍ ഗിബ്ബണിനെ വീട്ടില്‍ വളര്‍ത്തുന്നതിനോ കൈവശം വെക്കുന്നതിനോ ഉള്ള യാതൊരുവിധ ഔദ്യോഗിക അനുമതിയും അദ്ദേഹത്തിനില്ലെന്നാണ് വിവരം. പ്രമുഖ വ്യവസായ സ്ഥാപനമായ കാവിന്‍കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ രംഗനാഥന്‍, വിക്രമിന്റെ മകള്‍ അക്ഷിതയുടെ ഭര്‍ത്താവ് മനു രഞ്ജിത്തിന്റെ പിതാവാണ്. വിഷയത്തില്‍ നടന്‍ വിക്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, നടന്റെ കാര്യത്തില്‍ മുഖ്യമന്ത്രി വിജയ് ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.