പാരിജാതം എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ സീമ. അരുണ എന്നീ ഇരട്ടക്കഥാപാത്രങ്ങളിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രസ്‌ന. വിവാഹശേഷം അഭിനയരംഗത്തുനിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണെങ്കിലും, സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് വൈറലാകുന്നത്. കുടുംബശ്രീ ശാരദയിലൂടെ ശ്രദ്ധേയയായ നീനു രസ്‌നയുടെ സഹോദരിയാണ്. ഇപ്പോളിതാ താരങ്ങളുടെ അമ്മ വീഡിയോയിലൂടെ തന്റെ ദാമ്പത്യജീവിതത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും വെളിപ്പെടുത്തിയ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലൂടെയാണ് സാജിത ജീവിതത്തിലെ സുപ്രധാന വിവരങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ വിവാഹം കഴിഞ്ഞത്, 17 വയസ്സില്‍ അമ്മയുമായി. രണ്ട് മക്കളായതിന് ശേഷം എനിക്ക് ആ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. അത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ പറയുന്നില്ല, കഴിഞ്ഞ ജീവിതത്തില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്ത് തന്നെയായാലും, രണ്ട് പെണ്‍മക്കളുമായി ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് ഞാന്‍ ഇറങ്ങണമെങ്കില്‍ അത്ര നിസ്സാരമായിരിക്കില്ല പ്രശ്നം എന്ന് മാത്രം മനസ്സിലാക്കുക.തന്നെ വിവാഹം കഴിക്കുമ്പോള്‍ ഭര്‍ത്താവിന് 19 വയസ്സായിരുന്നു പ്രായമെന്നും സാജിത പറയുന്നു.
പരസ്പരം സ്‌നേഹമുണ്ടായിരുന്നെങ്കിലും വലിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഡിവോഴ്‌സായ സമയത്ത് കടുത്ത ശത്രുക്കളായിരുന്നെങ്കിലും, കോടതി കേസുകളൊക്കെ നടക്കുന്നതിനിടയിലും തനിക്ക് പലപ്പോഴും മുന്‍ ഭര്‍ത്താവിനെ മിസ്സ് ചെയ്യുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കാന്‍ വേണ്ടി മാത്രം വേറെ നമ്പറില്‍ നിന്ന് വിളിച്ച് മിണ്ടാതിരുന്നിട്ടുണ്ടെന്നും അവര്‍ ഓര്‍ക്കുന്നു.
എന്നാല്‍ കാലം കടന്നുപോയപ്പോള്‍ ശത്രുതയൊക്കെ മാറി മുന്‍ ഭര്‍ത്താവുമായി നല്ല സൗഹൃദത്തിലായെന്ന് സാജിത വ്യക്തമാക്കുന്നു. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് രണ്ട് കുട്ടികളുമായി സന്തോഷത്തോടെ കഴിയുകയാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയും മക്കളും തന്നെ ഫോണില്‍ വിളിക്കാറുണ്ടെന്നും, താന്‍ അവരുടെ വീട്ടില്‍ പോയി ഒന്നിച്ച് ഭക്ഷണം കഴിക്കാറുണ്ടെന്നും സാജിത പറയുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ നിലവില്‍ വളരെ നല്ലൊരു ബന്ധമാണ് ഉള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മക്കളുടെ ഭാവിയെ ഓര്‍ത്ത് രണ്ടാം വിവാഹത്തെക്കുറിച്ച് ഒരു ഘട്ടത്തില്‍ ചിന്തിച്ചിരുന്നുവെന്നും മാട്രിമോണിയില്‍ പ്രൊഫൈല്‍ തുടങ്ങിയിരുന്നുവെന്നും സാജിത പറയുന്നുണ്ട്. എന്നാല്‍ മാട്രിമോണിയിലൂടെ ഇരുന്നൂറിലധികം പ്രൊപ്പോസലുകള്‍ വന്നെങ്കിലും മറ്റൊരു വിവാഹം തനിക്ക് സാധ്യമല്ലെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. മക്കളെ വളര്‍ത്തുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും, മക്കളെക്കാള്‍ വലുതായി ഈ ലോകത്ത് മറ്റൊന്നുമില്ലെന്നും വ്യക്തമാക്കിയ സാജിത തന്റെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും വ്യക്തമാക്കി. നിലവില്‍ യാത്രകളാണ് തന്റെ ഏറ്റവും വലിയ വിനോദമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വേര്‍പിരിയല്‍ സമയത്ത് രസ്ന അഭിനയിച്ചു തുടങ്ങുന്നതേയുള്ളൂ, മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലായിരുന്നുവെന്നും സാജിത പറയുന്നു.മക്കളുമായി എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. രസ്ന ഒന്‍പതാം ക്ലാസിലായിരുന്നു, അപ്പോഴാണ് പാരിജാതം എന്ന സീരിയലിലേക്ക് അവസരം വന്നത്. സീരിയലിലേക്ക് അഭിനയിക്കാന്‍ തിരുവനന്തപുരത്തേക്ക് വരണം, ഇളയ മകളെ എന്റെ വീട്ടിലാക്കി രസ്നയ്ക്കൊപ്പം ഞാന്‍ തിരുവനന്തപുരത്തേക്ക് വന്നു. ഇളയ മകളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരത്ത് ഒരു വാടക വീട് എടുത്ത് അവിടെ നിന്നു.
രസ്നയ്ക്കൊപ്പം ഷൂട്ടിങിന് ഞാന്‍ തന്നെ പോകണം, ഡബിള്‍ റോളാണ്, അവള്‍ക്ക് ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയില്ല. ആറ് മാസത്തിന് ശേഷം പാരിജാതം സീരിയല്‍ വന്‍ ഹിറ്റായി. അതിനൊപ്പം അവള്‍ക്ക് ഒരുപാട് ഉദ്ഘാടനങ്ങളും ഷോകളും വന്നു. ഒരുപാട് എന്ന് പറഞ്ഞാല്‍ ഒരുപാട്, കേരളം മുഴുവന്‍ ഉദ്ഘാടനം, കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും എല്ലാം ഉദ്ഘാടനങ്ങളും ഷോകളും, പരസ്യ ചിത്രങ്ങള്‍, ആല്‍ബങ്ങള്‍... അങ്ങനെ തിരക്കിലായി. മാസത്തില്‍ 15 ദിവസം സീരിയല്‍ ഷൂട്ടിങ്, അത് കഴിഞ്ഞാല്‍ ഉദ്ഘാടനങ്ങളും ഷോകളും. രസ്നയുടെ എല്ലാ കാര്യങ്ങളും നോക്കുന്നതും, ഡേറ്റ് ഷെഡ്യൂള്‍ ചെയ്യുന്നതും, പേമെന്റ് സംസാരിക്കുന്നതും എല്ലാം ഞാന്‍ തന്നെയായിരുന്നു.
ആ കാശുകളൊന്നും അനവാശ്യമായി ഞാന്‍ കളഞ്ഞില്ല, എല്ലാം സേവ് ചെയ്തു വച്ചു, കുറച്ചധികം പല ഇന്‍വെസ്റ്റുകളിലായി നിക്ഷേപിച്ചു. ആ നിക്ഷേപത്തില്‍ നിന്ന് കുറച്ച് തുക എടുത്ത് വീട് പണിതു. വീട് പണിയാനുള്ള മുഴുവന്‍ തുകയും ഞങ്ങളുടെ കൈയ്യില്‍ ഉണ്ടായിരുന്നുവെങ്കിലും, അത് മുഴുവനായി എടുക്കാതെ, കുറച്ച് ലോണ്‍ എടുത്തു.
ആറ് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്ക് വീടായി, കാറായി, ജീവിതം സെറ്റായി. ആ സമയത്തായിരുന്നു രസ്നയുടെ പ്രണയ വിവാഹം. വിവാഹത്തിന് മുന്‍പേ അവള്‍ ആ ലോണ്‍ എല്ലാം അടുത്ത തീര്‍ത്തു തന്നിരുന്നു. പ്രണയത്തോട് ആദ്യം എനിക്ക് എതിര്‍പ്പായിരുന്നുവെങ്കിലും, ഇപ്പോള്‍ അതങ്ങനെയല്ല.
രസ്നയ്ക്ക് ശേഷം നീനു അഭിനയത്തിലേക്ക് ഇറങ്ങി. എട്ട് വര്‍ഷത്തോളമായി അവളും അഭിനയത്തില്‍ സജീവമാണ്. അവള്‍ക്കൊപ്പം സെറ്റുകളിലേക്ക് പോകുന്നതും, അവളുടെ കാര്യങ്ങള്‍ നോക്കുന്നതും എല്ലാം ഞാനായിരുന്നു. പക്ഷേ ഇപ്പോള്‍ മൂന്ന് വര്‍ഷമായി അവള്‍ തന്നെ എല്ലാം ഒറ്റയ്ക്ക് നോക്കുന്നുണ്ട്. ജീവിതത്തിന്റെ പാതിയും മക്കള്‍ക്ക് വേണ്ടി മാറ്റിവച്ച ഞാന്‍ ഇപ്പോള്‍ എന്റെ ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കുകയാണ്. മുന്‍പ് മാറ്റിവച്ച നിക്ഷേപത്തില്‍ നിന്ന് നല്ലൊരു തുക പ്രോഫിറ്റായിട്ടുണ്ട്, അതിനൊപ്പം ഞാനിപ്പോള്‍ വര്‍ക്ക് ചെയ്യുകയും ചെയ്യുന്നുണ്ട്. അവര് സമ്പാദിച്ച കാശില്‍ നിന്ന് എടുത്ത നിക്ഷേപ തുക അവര്‍ക്കായി തന്നെ മാറ്റിവച്ചിട്ടുണ്ട്, ആ പ്രോഫിറ്റ് ആണ് എന്റെ ബലം. ഇപ്പോള്‍ മക്കളും കുടുംബവും എല്ലാം എനിക്കൊപ്പമുണ്ട്, പക്ഷേ എന്റെ ജീവിതം ഒറ്റയ്ക്കാണ് - സജിത പറഞ്ഞു.
ഞങ്ങള്‍ മൂന്നുപേരും ഒരുപോലെ കഷ്ടപ്പെട്ടിട്ടാണ് ഈ നിലയില്‍ എത്തിയത്. മകള്‍ നിനുവും ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. സ്‌കൂളുള്ള ദിവസങ്ങളില്‍ അവള്‍ അടുത്തവീട്ടിലെ ചേച്ചിമാരുടെ കൂടെയായിരുന്നു നില്‍ക്കുക. അക്കാലത്ത് എപ്പോഴും പുറത്തുനിന്ന് ഹോട്ടല്‍ ഭക്ഷണം വാങ്ങി കഴിക്കുന്ന രീതിയില്ലായിരുന്നു. ഞാന്‍ ബിരിയാണിയൊക്കെ ഉണ്ടാക്കി ഫ്രിഡ്ജില്‍ വച്ചിട്ടാണ് പോവുക, അവരത് എടുത്ത് ചൂടാക്കി കഴിക്കും. അങ്ങനെ ആറുവര്‍ഷത്തോളം ഞങ്ങള്‍ മൂന്നുപേരും ഒരേപോലെ ത്യാഗം സഹിച്ചു.
ആളുകള്‍ക്ക് പാരിജാതം മാത്രമേ അറിയുള്ളൂവെങ്കിലും അതുകൂടാതെ അഞ്ചാറു സീരിയലുകളില്‍ അവള്‍ വേറെയും അഭിനയിച്ചിരുന്നു. എന്നോട് പലരും ചോദിക്കുന്ന കാര്യമാണ് രസ്‌നയോട് മിണ്ടാറുണ്ടോ എന്നത്. മക്കളോട് എങ്ങനെയാണ് നമുക്ക് പിണങ്ങാനാവുക? നമുക്ക് വേണ്ടി ജീവിച്ച മക്കളാകുമ്പോള്‍ എങ്ങനെ അവരോടും പിണങ്ങും. അവളുടെ മൂന്ന് പ്രസവ സമയത്തും ഞാന്‍ തന്നെയാണ് അവളെ നോക്കിയത്. ആദ്യത്തെ പ്രസവശേഷം ഒരു വര്‍ഷം അവള്‍ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു.
അതിനുശേഷം ഇളയ മകള്‍ നീനുവിന് ഷൂട്ടിങ് തുടങ്ങി. അവള്‍ക്കൊപ്പം പോകണം. എട്ട്, പത്ത് വര്‍ഷമായി നീനു സീരിയല്‍ അഭിനയത്തില്‍ സജീവമാണ്. അവള്‍ക്കൊപ്പം അവള്‍ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് ഒപ്പം നിന്നു. ഞങ്ങള്‍ മൂന്നാളും കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടു മാത്രമാണ് ജീവിച്ചത്. കിട്ടിയ വരുമാനം ഞാന്‍ ബുദ്ധിപൂര്‍വ്വം പലയിടങ്ങളിലായി ഇന്‍വെസ്റ്റ് ചെയ്തു. അതില്‍ നിന്ന് കിട്ടിയ പ്രോഫിറ്റ് എടുക്കാതെ വീണ്ടും റീ-ഇന്‍വെസ്റ്റ് ചെയ്താണ് ഞങ്ങള്‍ സാമ്പത്തികമായി വളര്‍ന്നതും ഇന്നത്തെ നിലയില്‍ എത്തിയതും.
ദൈവാനുഗ്രഹത്താല്‍ ഞാന്‍ ആഗ്രഹിച്ചതെല്ലാം നേടിയെടുത്തു. ഇപ്പോള്‍ കുറച്ചുകാലമായി ഒരു ഇന്ത്യന്‍ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ സീനിയര്‍ ഡെവലപ്മെന്റ് ഓഫീസറായി ഞാന്‍ ജോലി ചെയ്യുന്നുണ്ട്. പണ്ട് ഞാന്‍ മാറ്റിനിര്‍ത്തിയ തുക ബിസിനസ്സിലും മറ്റും ഇന്‍വെസ്റ്റ് ചെയ്തതിലൂടെ കിട്ടുന്ന പ്രോഫിറ്റും ഇപ്പോള്‍ ഈ ജോലിയിലൂടെ ലഭിക്കുന്ന ശമ്പളവും കൊണ്ടാണ് ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നത്. അന്ന് രസ്‌നയുമൊത്ത് വച്ച ആ വീട് അടുത്തിടെ ഞാന്‍ സ്വന്തം പണം മുടക്കി പുതുക്കിപ്പണിതു. അതിന്റെ എല്ലാ പണികളും ഞാന്‍ തന്നെയാണ് മുന്‍കൈ എടുത്തു ചെയ്യിപ്പിച്ചത്.
ഞാന്‍ പണത്തിന്റെ കാര്യത്തില്‍ ഭയങ്കര പിശുക്കത്തിയായിരുന്നു. നമ്മള്‍ ആഗ്രഹിച്ച ലക്ഷ്യത്തില്‍ എത്തുന്നതുവരെ കയ്യില്‍ കിട്ടുന്ന പണം അപ്പോള്‍ തന്നെ ചെലവാക്കി കഴിഞ്ഞാല്‍ ഒടുവില്‍ ഒന്നും ബാക്കിയുണ്ടാവില്ല. ആദ്യം പണം സേവ് ചെയ്യുക, ആ തുക ഉപയോഗിച്ച് ബിസിനസ്സോ ഇന്‍വെസ്റ്റ്മെന്റോ ചെയ്ത് അതില്‍ നിന്ന് പണം ഉണ്ടാക്കുക എന്നതാണ് എന്റെ രീതി.
പ്രധാനപ്പെട്ട ഒരു കാര്യം, ഒരിക്കലും ;വിത്ത് എടുത്ത് തിന്നരുത് വിത്ത് കുഴിച്ചിട്ട് അതില്‍ നിന്ന് പൊട്ടിമുളച്ചുണ്ടാകുന്ന ഫലം മാത്രമേ നമ്മള്‍ എടുക്കാന്‍ പാടുള്ളൂ. മകള്‍ കഷ്ടപ്പെട്ട് അഭിനയിച്ചുണ്ടാക്കിയ ആ മെയിന്‍ ഫണ്ട് അഥവാ വിത്ത് ഞാന്‍ ഒരിക്കലും തൊട്ടിട്ടില്ല. അതില്‍ നിന്ന് ഉണ്ടാകുന്ന ലാഭം മാത്രമാണ് ഞാന്‍ ഉപയോഗിച്ചത്. അങ്ങനെ ചെയ്താല്‍ നമുക്ക് ഒരിക്കലും സാമ്പത്തിക തകര്‍ച്ച വരില്ല.
ഇടയ്‌ക്കൊരു ബാങ്ക് തട്ടിപ്പില്‍ പെട്ടതൊഴിച്ചാല്‍, ഇത്രയും കാലം ഞാന്‍ നടത്തിയ ഇന്‍വെസ്റ്റ്മെന്റുകളിലൊന്നും എനിക്ക് ചതി പറ്റിയിട്ടില്ല. നമ്മള്‍ എപ്പോഴും വലുതായി ആഗ്രഹിക്കുകയും സ്വപ്നം കാണുകയും വേണം. മലയോളം ആഗ്രഹിച്ചാല്‍ കുന്നോളമെങ്കിലും പടച്ചോന്‍ നമുക്ക് തരും. കൂടുതല്‍ കൂടുതല്‍ സ്വപ്നങ്ങള്‍ കാണുക, അതില്‍ ഞാന്‍ എത്തുക തന്നെ ചെയ്യും. ദൈവം 100 ശതമാനവും നമ്മളോടൊപ്പം ഉണ്ടാകും. ഇപ്പോള്‍ കയ്യില്‍ പണമുള്ളതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നാം. പക്ഷേ, ഞാനൊരിക്കലും വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളല്ല, കഠിനാധ്വാനം ചെയ്ത് ജീവിച്ചു ജയിച്ചതാണ്
പൈസയുള്ളതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളല്ല ഞാന്‍. ഞാനും എന്റെ മക്കളും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാക്കിയ പണമാണിത്. ആണുങ്ങളില്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍, 100% പറ്റും എന്ന് ഞാന്‍ പറയും. എനിക്ക് ആണുങ്ങളോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല, ഒരുപാട് പുരുഷന്മാരായ കൂട്ടുകാര്‍ എനിക്കുമുണ്ട്. പക്ഷേ ഒരു പുരുഷന്റെ സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍, അത് സാധിക്കുമെന്ന് ഞാനും എന്റെ മക്കളും ജീവിതം കൊണ്ട് തെളിയിച്ചതാണ്.
ഞങ്ങള്‍ ഒരാളുടെയും ഒരു രൂപ പോലും അനര്‍ഹമായി വാങ്ങിയിട്ടില്ല. ഒരു അനാവശ്യ വഴികളിലൂടെയും ഞാനും എന്റെ മക്കളും ഒരു നൂറു രൂപ പോലും ഉണ്ടാക്കിയിട്ടുമില്ല. പടച്ചോനെ ഓര്‍ത്ത്, എന്റെ രണ്ടു മക്കളെയും തൊട്ട് ഞാന്‍ പറയുകയാണ്; ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു മാത്രം ഉണ്ടാക്കിയ പണമാണിത്. അല്ലാതെ ആരുടെയും ഒരു പൈസയും ഞങ്ങളുടെ കയ്യിലില്ലെന്നും അവര്‍ പങ്ക് വക്കുന്നു,
മലയാളത്തിന് പുറമെ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള രസ്‌ന പാരിജാതം അടക്കമുള്ള സീരിയലുകളുടെ സംവിധായകനായ ബൈജു ദേവരാജിനെയാണ് വിവാഹം ചെയ്തത്. അതൊരു പ്രണയ വിവാഹമായിരുന്നു. മാത്രമല്ല വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച വിവാഹവുമായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബൈജുവിനെ വിവാഹം ചെയ്യുമ്പോള്‍ ഇരുപതുകള്‍ പിന്നിട്ടതെ ഉണ്ടായിരുന്നുള്ളു നടി.
ബൈജു ജീവിതത്തിലേക്ക് വന്നശേഷം രസ്‌ന പേരും മതവും മാറ്റി. ഹിന്ദു മതം സ്വീകരിച്ച് സാക്ഷി ബി ദേവരാജായി. നടി മുസ്ലീം കുടുംബാംഗമായിരുന്നു. താരത്തിന്റെ സഹോദരി മെര്‍ഷീന നീനു ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ്.