പൗരോഹിത്യം സ്വീകരിച്ച സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് നടി അനുശ്രീ. ചിത്രങ്ങളോടൊപ്പമാണ് സമൂഹ മാധ്യമങ്ങളില്‍ അനുശ്രീ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സച്ചുവിന്റെ പൗരോഹിത്യ സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് അനുശ്രീ കുറിപ്പ് പങ്കുവെച്ചത്. പട്ടമേല്‍ക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അനുശ്രീ പങ്കുവെച്ചു.
'എത്ര വര്‍ഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹിത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം,' അനുശ്രീ കുറിച്ചു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ചടങ്ങ് നേരിട്ട് കാണുന്നതെന്നും, സന്തോഷവും സങ്കടവും കലര്‍ന്ന നിരവധി മുഖങ്ങള്‍ കണ്ടെന്നും അവര്‍ പറയുന്നു.
അനുശ്രീ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം...
സച്ചുവേ. ഒരുപാട് സന്തോഷം. ഒരുപാട് അഭിമാനം. കാരണം എത്രത്തോളം വര്‍ഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹിത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം. ജീവിതത്തില്‍ ആദ്യമായാണ് ഈ ചടങ്ങ് ഞാന്‍ നേരിട്ട് കാണുന്നത്. സന്തോഷവും സങ്കടവും കലര്‍ന്ന ഒരുപാട് മുഖങ്ങള്‍ ഞാന്‍ അവിടെ കണ്ടു. അതിനെല്ലാം ഒടുവില്‍ നിന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി. നിന്നെ ഓര്‍ത്ത് ഞങ്ങള്‍ എന്നും അഭിമാനിക്കും. കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേര്‍ന്ന് നിന്ന് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിനക്ക് കഴിയട്ടെ. ഈശോയോട് എന്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം.