മുന്‍ പങ്കാളിയുമായുള്ള പ്രണയത്തകര്‍ച്ചയെത്തുടര്‍ന്ന് താന്‍ നേരിട്ട ക്രൂരമായ സൈബര്‍ ആക്രമണങ്ങളെയും അധിക്ഷേപങ്ങളെയും കുറിച്ച് വെളിപ്പെടുത്തി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്റെ ഇരുപതുകളുടെ അവസാനത്തില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവെന്നും താരം പറഞ്ഞു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ മനസ്സുതുറന്നത്.
താന്‍ ദുര്‍മന്ത്രവാദിനിയാണെന്നും ആഭിചാരം നടത്തുന്നവളാണെന്നും വരെ ചിലര്‍ പ്രചരിപ്പിച്ചുവെന്ന് കങ്കണ വെളിപ്പെടുത്തി. 'മുന്‍ കാമുകന്‍ എനിക്കെതിരെ കേസുകൊടുത്തു. ഞാന്‍ രക്തം കുടിക്കുന്നവളാണെന്നും ദുര്‍മന്ത്രവാദിനിയാണെന്നും അവര്‍ പറഞ്ഞുപരത്തി. 26-27 വയസ്സുള്ളപ്പോഴാണ് എനിക്ക് ഇതെല്ലാം നേരിടേണ്ടി വന്നത്'- കങ്കണ പറഞ്ഞു. നടിയുമായി പ്രണയത്തിലായിരുന്ന നടന്‍ അധ്യയന്‍ സുമന്‍ നേരത്തെ കങ്കണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അര്‍ധരാത്രിയില്‍ ഇരുട്ടുമൂടിയ മുറിയിലും ശ്മശാനത്തിലും പൂജകള്‍ക്കായി കങ്കണ തന്നെ കൊണ്ടുപോയിരുന്നുവെന്നായിരുന്നു അധ്യയന്റെ ആരോപണം.
'റാസ് 2' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് ഈ ബന്ധം തകരുകയായിരുന്നു. തന്നെ തകര്‍ക്കാനായി നടത്തിയ ആസൂത്രിതമായ നീക്കങ്ങളായിരുന്നു ആ അധിക്ഷേപങ്ങളെന്ന് കങ്കണ വിശ്വസിക്കുന്നു. കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു വ്യക്തിജീവിതത്തിലെ ഈ വെല്ലുവിളികള്‍ കങ്കണയ്ക്ക് നേരിടേണ്ടി വന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം രാഷ്ട്രീയത്തിലും സിനിമയിലും സജീവമായി നില്‍ക്കുമ്പോഴാണ് കങ്കണ ആ പഴയ കയ്‌പ്പേറിയ അനുഭവങ്ങള്‍ വീണ്ടും പങ്കുവെക്കുന്നത്.