സാംസങ് ഗാലക്സി എസ്26 സീരീസ് വിപണി കീഴടക്കി വെറും രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ, അടുത്ത തലമുറ മോഡലായ ഗാലക്സി എസ്27 നെക്കുറിച്ചുള്ള ആവേശകരമായ വിവരങ്ങള്‍ പുറത്തുവരുന്നു. സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ വേഗതയുടെ പുതിയ തലങ്ങളിലേക്ക് നയിക്കുന്ന യുഎഫ്എസ് 5.0 (UFS 5.0) സ്റ്റോറേജ് സാങ്കേതികവിദ്യയാകും ഈ സീരീസിലെ പ്രധാന ആകര്‍ഷണം.
നേവറില്‍ പ്രചരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാംസങ് തങ്ങളുടെ വരാനിരിക്കുന്ന ഫ്‌ലാഗ്ഷിപ്പ് സീരീസില്‍ അതിവേഗ സ്റ്റോറേജ് സംവിധാനമായ യുഎഫ്എസ് 5.0 ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നു. 2026 അവസാനത്തോടെയോ 2027 തുടക്കത്തോടെയോ ഈ സാങ്കേതികവിദ്യ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ചിപ്സെറ്റ്, മെമ്മറി ക്ഷാമം കണക്കിലെടുത്ത് എല്ലാ മോഡലുകളിലും സാംസങ് ഈ ഫീച്ചര്‍ നല്‍കിയേക്കില്ല. പ്രധാനമായും ഗാലക്സി എസ്27 അള്‍ട്ര മോഡലിലാകും യുഎഫ്എസ് 5.0 എത്തുക. സാധാരണ എസ്27, എസ്27+ മോഡലുകള്‍ നിലവിലെ യുഎഫ്എസ് 4.0 അല്ലെങ്കില്‍ 4.1 സാങ്കേതികവിദ്യ തന്നെ തുടരാനാണ് സാധ്യത. പ്രതീക്ഷിക്കുന്ന ഫീച്ചറുകള്‍ സ്റ്റോറേജിലെ മാറ്റത്തിന് പുറമെ പ്രകടനത്തിലും ക്യാമറയിലും വലിയ കുതിച്ചുചാട്ടമാണ് അള്‍ട്ര മോഡലില്‍ പ്രതീക്ഷിക്കുന്നത്. പ്രോസസര്‍: കസ്റ്റം മെയ്ഡ് സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 6 പ്രോ ചിപ്സെറ്റാകും കരുത്ത് പകരുക.
ക്യാമറ: 200 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോട് കൂടിയ ക്വാഡ് ക്യാമറ സജ്ജീകരണം. ലോഫിക് (LOFIC) സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും. മറ്റുള്ളവ: എസ് പെന്‍ പിന്തുണയും മെച്ചപ്പെടുത്തിയ ഡിജിറ്റൈസര്‍ സിസ്റ്റവും അള്‍ട്രയില്‍ തുടരും.