ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹന അപകടസമയത്ത് നടന്‍ മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ താരത്തിനെതിരെയുള്ള മദ്യപിച്ച് വാഹനമോടിച്ചു എന്ന കുറ്റം പോലീസ് ഒഴിവാക്കി. എന്നാല്‍, അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം മാത്രം നടന്ന രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയില്ലെന്ന വസ്തുത നിലനില്‍ക്കെ, അന്വേഷണത്തിലെ കാലതാമസം വീണ്ടും ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്ന മണിയന്‍പിള്ള രാജുവിന്റെ കാറിലേക്ക് ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അപകടത്തിന് പിന്നാലെ വാഹനം നിര്‍ത്താതെ താരം പോയത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. സംഭവത്തിന് ശേഷം താരത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടം നടന്ന് ഏകദേശം എട്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് താരം പോലീസിനെ വിവരം അറിയിക്കുന്നത്. പിറ്റേന്ന് രാവിലെ പത്ത് മണിയോടെയാണ് അദ്ദേഹം പോലീസ് സ്റ്റേഷനില്‍ ഹാജരായത്. അതായത് അപകടം നടന്ന് കൃത്യം 12 മണിക്കൂറിന് ശേഷമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്.
സാധാരണഗതിയില്‍ ഒരാള്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ അത് രക്തപരിശോധനയിലൂടെ കണ്ടെത്താന്‍ എട്ടു മണിക്കൂര്‍ വരെയുള്ള സമയം മാത്രമാണ് ഫലപ്രദം. ഇവിടെ ആ പരിധി കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ട ശേഷമായിരുന്നു പരിശോധന നടന്നത്. പരിശോധന വൈകിയ സാഹചര്യത്തില്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കാണാത്തത് സ്വാഭാവികമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എട്ടു മണിക്കൂറിന് ശേഷം ശരീരത്തിലെ മെറ്റബോളിസം വഴി മദ്യത്തിന്റെ സാന്നിധ്യം രക്തത്തില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ട്. 12 മണിക്കൂര്‍ വൈകിയുള്ള പരിശോധനാഫലം മദ്യപിച്ചിട്ടില്ലെന്ന് കാണിച്ചെങ്കിലും, അപകടസമയത്തെ അവസ്ഥയെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ തെളിവ് ലഭിക്കാന്‍ ഈ റിപ്പോര്‍ട്ട് അപര്യാപ്തമാണെന്ന ആരോപണം ഉയരുന്നുണ്ട്.
മദ്യപിച്ച് വാഹനം ഓടിച്ചു എന്ന ഗുരുതരമായ കുറ്റാരോപണത്തില്‍ നിന്ന് പരിശോധനാ ഫലത്തോടെ താരം താല്‍ക്കാലികമായി മുക്തനായെങ്കിലും, മറ്റ് കേസുകളില്‍ കുരുക്ക് മുറുകുകയാണ്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയതിനും പരിക്കേറ്റവര്‍ക്ക് സഹായം നല്‍കാതിരുന്നതിനും മണിയന്‍പിള്ള രാജുവിനെതിരെ പോലീസ് കേസ് നിലനില്‍ക്കുന്നുണ്ട്. സംഭവസ്ഥലത്ത് നിന്ന് പരിക്കേറ്റവരെ അവഗണിച്ചു പോയത് നിയമപരമായി വലിയ തെറ്റാണെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടം നടന്ന ഉടനെ രക്തപരിശോധന നടത്താന്‍ കഴിയാത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണോ അതോ പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ ബോധപൂര്‍വ്വമായ കാലതാമസമാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. അപകടം നടന്ന് രാത്രി തന്നെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നുവെങ്കിലും താരത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. അപകടസമയത്ത് താരം മദ്യപിച്ചിരുന്നതായി ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള ദൃക്‌സാക്ഷികള്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഇതിനെ സാധൂകരിക്കാന്‍ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ കൃത്യസമയത്ത് ശേഖരിക്കാന്‍ കഴിയാത്തത് പ്രൊസിക്യൂഷന് തിരിച്ചടിയായേക്കാം. 12 മണിക്കൂര്‍ വൈകിയുള്ള പരിശോധന കേസ് അട്ടിമറിക്കാനുള്ള സാധ്യതയായിട്ടാണ് നിയമവിദഗ്ധര്‍ കാണുന്നത്. അപകടത്തില്‍ പരിക്കേറ്റവരുടെ മൊഴി വരും ദിവസങ്ങളില്‍ പോലീസ് വീണ്ടും രേഖപ്പെടുത്തും. കാര്‍ അമിതവേഗതയിലായിരുന്നോ എന്നും അശ്രദ്ധമായിട്ടാണോ ഓടിച്ചിരുന്നതെന്നും പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ഇതില്‍ നിന്ന് കാറിന്റെ വേഗതയെക്കുറിച്ചും അപകടത്തിന്റെ സ്വഭാവത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. മണിയന്‍പിള്ള രാജുവിനെതിരെയുള്ള തുടര്‍നടപടികള്‍ പോലീസ് വേഗത്തിലാക്കും.
പരിക്കേറ്റവര്‍ക്ക് സഹായം നല്‍കാതെ പോയതിന് (ഒശ േമിറ ഞൗി) കടുത്ത ശിക്ഷ തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്. മദ്യപാന ആരോപണം നീങ്ങിയെങ്കിലും താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യത്വരഹിതമായ നടപടിയില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ലബ്ബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ നടന്ന ഈ അപകടം വിഐപി സുരക്ഷയെയും നഗരത്തിലെ ട്രാഫിക് നിയമപാലനത്തെയും വീണ്ടും ചോദ്യം ചെയ്യുന്നു. സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട കേസുകളില്‍ പരിശോധനകള്‍ വൈകുന്നത് നീതി നടപ്പിലാക്കുന്നതിന് തടസ്സമാകുമെന്ന ആശങ്കയും പൊതുജനങ്ങള്‍ക്കിടയിലുണ്ട്. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയാകും ഇനി അന്തിമ തീരുമാനം എടുക്കുക.