ബോളിവുഡിലെ യുവനായിക നടിമാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ആലിയ ഭട്ട്. കരിയറില്‍ തുടക്കകാലത്ത് നേരിട്ട വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി മികച്ച സിനിമകളിലൂടെ തന്റെതായ ഇടം ബോളിവുഡില്‍ കണ്ടെത്താന്‍ ആലിയക്ക് കഴിഞ്ഞിരുന്നു. ഇപ്പോളിതാ താന്‍ നേരിടുന്ന രോഗാവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആലിയ.
സമീപകാലത്ത് താന്‍ നടത്തിയ സൈക്കോളജിക്കല്‍ ടെസ്റ്റില്‍ തനിക്ക് എഡിഎച്ച്ഡി (അറ്റന്‍ഷന്‍ ഡിഫന്‍സി/ ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍) ഉണ്ടെന്ന് തിരിച്ചറിഞ്ഞതായി ആലിയ വെളിപ്പെടുത്തി. കുട്ടിക്കാലം മുതലേ എപ്പോഴും സംസാരിച്ചുകൊണ്ടെ ഇരിക്കുമായിരുന്നു. പലപ്പോഴും ക്ലാസില്‍ നിന്ന് സംസാരിച്ചതിന്റെ പേരില്‍ തന്നെ പുറത്താക്കിയിരുന്നെന്നും എന്നാല്‍ അന്നൊന്നും എഡിഎച്ച്ഡി ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും ആലിയ പറഞ്ഞു.
ആലിയയുടെ പുതിയ ചിത്രമായ ജിഗ്രയുടെ റിലീസിന് പിന്നാലെ ദി ലാലന്‍ടോപിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് എഡിഎച്ച്ഡി ഉള്ള കാര്യം ആലിയ തുറന്നു പറഞ്ഞത്. 'സമീപകാലത്ത് ഞാന്‍ ഒരു സൈക്കോളജിക്കല്‍ ടെസ്റ്റ് നടത്തി, അതില്‍ എനിക്ക് എഡിഎച്ച്ഡി സ്പെക്ട്രം ഉയര്‍ന്നതാണെന്ന് കണ്ടെത്തി. എന്റെ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറയുമ്പോഴെല്ലാം, 'ഞങ്ങള്‍ക്ക് അത് അറിയാമായിരുന്നു' എന്നായിരുന്നു അവര്‍ പറഞ്ഞത്,' ആലിയ പറഞ്ഞു.
നീണ്ട സമയം ശ്രദ്ധയോടെയും പൂര്‍ണമായ മനസാന്നിധ്യത്തോടെയും ഇരിക്കാന്‍ കഴിയുന്ന വളരെ കുറച്ച് സന്ദര്‍ഭങ്ങളെ തന്റെ ജീവിതത്തിലുള്ളുവെന്നും ആലിയ പറഞ്ഞു. അതിലൊന്ന് മകള്‍ രാഹയ്ക്കൊപ്പമുള്ളതും, മറ്റൊന്ന് ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി നില്‍ക്കുമ്പോഴാണെന്നും
ആലിയ പറഞ്ഞു. അതേസമയം തന്റെ മേക്കപ്പിന് ആയി 45 മിനിറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാവില്ലെന്ന് മറ്റൊരു അഭിമുഖത്തില്‍ ആലിയ പറഞ്ഞിരുന്നു.
നേരത്തെ നടന്‍ ഫഹദ് ഫാസിലും തനിക്ക് എഡിഎച്ച്ഡി അവസ്ഥയുള്ള കാര്യം തുറന്നുപറഞ്ഞിരുന്നു. കുട്ടിക്കാലത്ത് തന്നെ ഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നുമായിരുന്നു ഫഹദ് ഫാസില്‍ പറഞ്ഞത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സംസാരിച്ചപ്പോഴായിരുന്നു ഫഹദ് ഇക്കാര്യം തുറന്നുപറഞ്ഞത്.
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരവസ്ഥയാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്ഡി. പ്രത്യേകമായി ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാത്തതും അടങ്ങിയിരിക്കാന്‍ സാധിക്കാത്തതുമാണ് എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളില്‍ ചിലത്. ഷോര്‍ട് മെമ്മറിയും ഒരു കാര്യം വീണ്ടും വീണ്ടും ഉറപ്പുവരുത്തുന്നതും ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.