Latest News

സാബു.എം.ജേക്കബ് വഞ്ചിച്ചു; 20 ലക്ഷത്തിന്റെ ബൈക്ക് വിറ്റാണ് തൃക്കാക്കരയില്‍ മത്സരിച്ചത്! പ്രചാരണത്തിന് രണ്ടേ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്; സാബുവിന്റേത് വ്യക്തിപരമായ നേട്ടത്തിനുള്ള പാര്‍ട്ടി; ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല; തിരഞ്ഞെടുപ്പിലെ ദുരനുഭവങ്ങള്‍ തുറന്നടിച്ച് അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു 

Malayalilife
 സാബു.എം.ജേക്കബ് വഞ്ചിച്ചു; 20 ലക്ഷത്തിന്റെ ബൈക്ക് വിറ്റാണ് തൃക്കാക്കരയില്‍ മത്സരിച്ചത്! പ്രചാരണത്തിന് രണ്ടേ രണ്ടുപേര്‍ മാത്രമാണ് ഉണ്ടായിരുന്നത്; സാബുവിന്റേത് വ്യക്തിപരമായ നേട്ടത്തിനുള്ള പാര്‍ട്ടി; ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല; തിരഞ്ഞെടുപ്പിലെ ദുരനുഭവങ്ങള്‍ തുറന്നടിച്ച് അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു 

സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും മുന്നോട്ട് ഒരുമിച്ച് സഹകരിച്ചു പോകാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് അഖിലിന്റെ പടിയിറക്കം. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം. ജേക്കബിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അഖില്‍ മാരാര്‍ ഉന്നയിച്ചിരിക്കുന്നത്. ട്വന്റി 20 എന്നത് സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. 

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അഖില്‍ മാരാര്‍ ട്വന്റി 20യുമായി സഹകരിക്കാന്‍ തുടങ്ങിയത്. തൃക്കാക്കര മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ കൊട്ടാരക്കര സീറ്റ് ഉറപ്പുനല്‍കിയാണ് സാബു ജേക്കബ് തന്നെ പാര്‍ട്ടിയില്‍ എത്തിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും അഖില്‍ പറയുന്നു. 

തൃക്കാക്കരയില്‍ പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞാണ് തന്നെ അങ്ങോട്ട് അയച്ചതെങ്കിലും കേവലം രണ്ടുപേര്‍ മാത്രമാണ് പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്നത്. സാബുവിനെ എതിര്‍ത്ത ആരും തന്നെ തനിക്കായി പ്രചാരണത്തിന് ഇറങ്ങിയില്ല. 20 ലക്ഷം രൂപ കൊടുത്ത് ആഗ്രഹിച്ച് വാങ്ങിയ സ്വന്തം ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണം കണ്ടെത്തിയത്. ബിജെപി നല്‍കിയ പണം പോലും സാബു ജേക്കബ് ഉപയോഗിച്ചില്ലെന്നും അഖില്‍ ആരോപിച്ചു. 'സാബുവുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളുണ്ട്. സീറ്റ് നല്‍കിയ ശേഷമാണ് രശ്മിയെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. 

രാജീവ് ചന്ദ്രശേഖറിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ മറന്നുപോയെന്നാണ് പറഞ്ഞത്. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് അഖില്‍ മാരാറിനു കൊടുക്കണമെന്ന് ബിജെപി നിര്‍ദേശിച്ചു. ആര്‍എസ്എസിന്റെ ഇടപെടലും ഉണ്ടായിരുന്നു. എന്നാല്‍ സാബു തന്നത് തൃക്കാക്കര സീറ്റ് ആയിരുന്നു. ചോദിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് എഴുതിവന്നത് ഇങ്ങനെയാണെന്നാണ് പറഞ്ഞത്. അവിടെ പാര്‍ട്ടിയുണ്ടെന്നൊക്കെ പറഞ്ഞിട്ട് ചെന്നപ്പോള്‍ ആകെ രണ്ടേ രണ്ട് പേര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. സാബുവിനെ എതിര്‍ത്ത ആരും പ്രചാരണത്തിനു വേണ്ടി ഇറങ്ങിയില്ല.'- അഖില്‍ മാരാര്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടര മാസമായി ഒരു മറുപടിയും ലഭിച്ചിട്ടില്ല. സാബു ജേക്കബ് തൃക്കാക്കരയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ ആവശ്യപ്പെടുമ്പോള്‍ പ്രതികരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് തനിക്ക് മാത്രമല്ല അനുഭവം ഉണ്ടായതെന്നും, നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അഞ്ജലി തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഏറ്റുമാനൂരില്‍ മത്സരിച്ച ആര്യയ്ക്കും സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കിയാണ് അഖില്‍ മാരാര്‍ പാര്‍ട്ടി വിട്ടത്.

akhil marar quits twenty20

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES