ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ച അഭിപ്രായത്തില്‍ അവതാരകയും നടിയുമായ പേളി മാണിക്കെതിരെ വിമര്‍ശനങ്ങള്‍ തുടരുന്നു. താന്‍ പങ്കുവെച്ച കുറിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും മെച്ചപ്പെട്ട മനുഷ്യനാകാന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കി പേളി രംഗത്തെത്തിയെങ്കിലും, ആ വിശദീകരണ വീഡിയോയ്ക്കും താഴെ നെഗറ്റീവ് കമന്റുകളുടെ പ്രവാഹമാണ് ഉണ്ടായത്.
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് 'വീട്ടില്‍ പോകാന്‍' പറഞ്ഞത് അവരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി മാത്രമാണെന്നും, സമരം നിര്‍ത്തിവെക്കാന്‍ പറയാന്‍ താന്‍ ആരുമല്ലെന്നും പേളി വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തനിക്ക് ഇഷ്ടമാണെന്നും ആത്മാര്‍ത്ഥമായി എഴുതിയ പോസ്റ്റ് ഇത്രത്തോളം നെഗറ്റീവായി പ്രചരിച്ചതില്‍ വലിയ വിഷമമുണ്ടെന്നും പേളി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ ക്ഷമാപണത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നാണ് ഒരു വിഭാഗം ആളുകള്‍ ഇപ്പോഴും വാദിക്കുന്നത്. അതേസമയം, സമൂഹമാധ്യമങ്ങളില്‍ കടുത്ത ആക്രമണം നേരിടുന്ന പേളി മാണിയെ പിന്തുണച്ച് ആര്‍ജെ അഞ്ജലി രംഗത്തെത്തി. തെറ്റ് പറ്റാത്ത മനുഷ്യരില്ലെന്നും മാപ്പ് പറഞ്ഞിട്ടും തൃപ്തിയാകാത്തവര്‍ എങ്ങനെയാണ് മനുഷ്യരാകുന്നതെന്നും അഞ്ജലി ചോദ്യമുയര്‍ത്തി. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരാള്‍ മാപ്പ് പറയുമ്പോള്‍ പോലും ഇത്രയധികം ചോദ്യം ചെയ്യപ്പെടുന്നത് ശരിയല്ലെന്നും, മാപ്പ് എന്നാല്‍ തെറ്റ് സമ്മതിച്ചു എന്ന ഒറ്റ അര്‍ത്ഥമേ ഉള്ളൂവെന്നും അഞ്ജലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.