മേജര്‍ രവിക്കെതിരെ വെജിറ്റബിള്‍ മര്‍ച്ചന്റ് അസോസിയേഷന്‍ രംഗത്ത്. താന്‍ ഇറങ്ങിവന്നത് പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നല്ലെന്ന മേജര്‍ രവിയുടെ പരാമര്‍ശം വിവാദം ആയിരുന്നു. പിന്നാലെയാണ് വെജിറ്റബിള്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
'ഞാന്‍ ഇറങ്ങി വന്നത് പട്ടാളത്തില്‍ നിന്നാണ്, അല്ലാതെ പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നല്ല; അതാരും മറക്കേണ്ടതില്ലെന്നായിരുന്നു മേജര്‍ രവി പറഞ്ഞത്
മേജര്‍ രവി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
തങ്ങളുടെ തൊഴില്‍ മേഖലയെ വേദനിപ്പിച്ച പ്രസ്താവന ഉടനടി പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ഇതിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമവഴികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സമീപകാലത്തായി മേജര്‍ രവി നടത്തുന്ന പല പ്രസ്താവനകളും വലിയ രീതിയിലുള്ള വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്.
ഡല്‍ഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് മേജര്‍ രവി നടത്തിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കാര്‍ഡുകളായും വിഡിയോകളായും പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെയാണ് അസോസിയേഷന്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.