ഭാര്യ ആരതിമായുള്ള വിവാഹമോചന കേസില്‍ തമിഴ് നടന്‍ ജയം രവിക്ക് ആശ്വാസം. കേസ് നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഇടക്കാല ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ആരതിയുടെ ആവശ്യം കോടതി തള്ളി. പകരം, കേസ് തീര്‍പ്പാകുന്നത് വരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നല്‍കിയാല്‍ മതിയെന്ന് ചെന്നൈ കുടുംബ കോടതി നിര്‍ദേശിച്ചു.
ഇതിനുപുറമേ മക്കളെ കാണുന്നതിനും സമയം ചെലവഴിക്കുന്നതിനും കൃത്യമായ വ്യവസ്ഥകളോടെ ജയം രവിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന പരാതി നടന്‍ ഉന്നയിച്ചിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിര്‍ണായക തീരുമാനം.
2009 ജൂണ്‍ 4നായിരുന്നു നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. പ്രശസ്ത തമിഴ് ചലച്ചിത്ര എഡിറ്ററായ മോഹന്റെ മകനാണ് ജയംരവി.സെപ്തംബറിലാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുന്നത്. വര്‍ഷങ്ങളായി തന്നെ ഒരു അടിമയെപ്പോലെയാണ് ആരതിയും കുടുംബവും കരുതിയിരുന്നതെന്നും അനാവശ്യമായ അപമാനം തനിക്ക് സഹിക്കാന്‍ കഴിയുന്നതെല്ലെന്നും ജയം രവി പറഞ്ഞിരുന്നു. നിയമപരമായി വിവാഹമോചനം നേടുന്നതു വരെ താന്‍ ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് ജയം രവി വ്യക്തമാക്കിയിരുന്നു.
തന്റെ അറിവോ സമ്മതമില്ലാതെയാണ് വിവാഹമോചനമെന്നായിരുന്നു ആരതിയുടെ പ്രതികരണം. ജയം രവിയും ആരതിയും തമ്മില്‍ വേര്‍പിരിയുകയാണെന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. ജൂണില്‍ 15-ാം വിവാഹവാര്‍ഷിക വേളയില്‍ ആരതി രവിയോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരുന്നു.