Latest News

ആ നിയമങ്ങള്‍ കേന്ദ്രത്തിന്റേത്; മുഖ്യമന്ത്രി വി ഡി സതീശന് ഒന്നും ചെയ്യാന്‍ കഴിയില്ല; വണ്ടി ഭ്രാന്തന്മാര്‍ക്ക് അതൊക്കെ കേട്ടപ്പോള്‍ രോമാഞ്ചം; മോഡിഫിക്കേഷന്‍ വാഗ്ദാനത്തിനെതിരെ അഖില്‍ മാരാര്‍ 

Malayalilife
 ആ നിയമങ്ങള്‍ കേന്ദ്രത്തിന്റേത്; മുഖ്യമന്ത്രി വി ഡി സതീശന് ഒന്നും ചെയ്യാന്‍ കഴിയില്ല; വണ്ടി ഭ്രാന്തന്മാര്‍ക്ക് അതൊക്കെ കേട്ടപ്പോള്‍ രോമാഞ്ചം; മോഡിഫിക്കേഷന്‍ വാഗ്ദാനത്തിനെതിരെ അഖില്‍ മാരാര്‍ 

വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാര്‍. മോഡിഫിക്കേഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അധികാരത്തില്‍ കയറാന്‍ വേണ്ടി സതീശന്‍ വണ്ടിപ്രേമികളെ പറ്റിക്കുകയായിരുന്നുവെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

മോട്ടോര്‍ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്ന് അഖില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ വ്യക്തമായ സുപ്രീം കോടതി വിധികളുമുണ്ട്. കേന്ദ്ര നിയമത്തെയും സുപ്രീം കോടതി വിധിയെയും മറികടന്ന് സംസ്ഥാന മുഖ്യമന്ത്രിക്ക് മാത്രമായി നിയമം മാറ്റാന്‍ കഴിയില്ലെന്ന കാര്യം വി.ഡി. സതീശന് നന്നായി അറിയാമെന്നും, എന്നിട്ടും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അദ്ദേഹം യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അഖില്‍ ആരോപിച്ചു. വി.ഡി. സതീശന്റെ വാഗ്ദാനം കേട്ട് റീല്‍സ് ഇറക്കി ആഘോഷിക്കുന്ന 'വണ്ടിപ്രാന്തന്മാര്‍' യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

ഈയൊരു ആശയം മുന്‍പ് താന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയോട് സംസാരിച്ചിരുന്നതായി അഖില്‍ മാരാര്‍ വെളിപ്പെടുത്തി. എന്നാല്‍ ജനങ്ങളെ പറ്റിച്ച് അധികാരത്തില്‍ വരാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ചെന്നിത്തല അതിന്റെ നിയമപരമായ തടസ്സങ്ങള്‍ തനിക്ക് കൃത്യമായി പറഞ്ഞുതരികയാണുണ്ടായത്. എന്നാല്‍ സതീശന്‍ ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. താനും മുന്‍പ് ഒരു കടുത്ത വണ്ടിപ്രാന്തനായിരുന്നുവെന്ന് വ്യക്തമാക്കിയ അഖില്‍, എട്ട് മാസത്തോളമെടുത്ത് താന്‍ സ്വയം ഡിസൈന്‍ ചെയ്ത് പണിതുയര്‍ത്തിയ ജീപ്പിന്റെ ചിത്രവും പങ്കുവെച്ചു. 

അന്ന് ആ വണ്ടിയുമായി റോഡിലിറങ്ങി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി നിരവധി തവണ വഴക്കുണ്ടാക്കിയിട്ടുണ്ട്. ആ പഴയ 27-കാരന്റെ മനസ്സ് ഇപ്പോഴും ഉണ്ടെങ്കിലും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ വന്നപ്പോള്‍ ആഗ്രഹങ്ങള്‍ മാറ്റിവെക്കുകയായിരുന്നു. 'ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ' എന്ന പ്രതീക്ഷയില്‍ വണ്ടിപ്രേമികള്‍ കാത്തിരിക്കരുതെന്നും, നിയമവശം ഇതാണെന്ന് ബോധ്യപ്പെടുത്താനാണ് താന്‍ ഇത് പറയുന്നതെന്നും വ്യക്തമാക്കിയാണ് അഖില്‍ മാരാര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
 

akhil marar about vehicle modifications

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES