നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ വിനായകന്‍. വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം ജോണ്‍ ബ്രിട്ടാസ് ഹൈജാക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.
ഡല്‍ഹി ജന്തര്‍ മന്ദറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി സജീവമായി പങ്കെടുത്തിരുന്നു. സമരത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥി നേതാക്കളെ പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ബ്രിട്ടാസ് നേരിട്ടിറങ്ങുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
വിദ്യാര്‍ത്ഥി സമരവേദിയിലെ ബ്രിട്ടാസിന്റെ ഇടപെടലുകളെ ചൂണ്ടിക്കാട്ടിയാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ' എന്ന് ജോണ്‍ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഫേസ്ബുക്കില്‍ കുറിച്ചു. സമരത്തിന് പിന്നാലെ എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ ഡല്‍ഹിയിലെ സിപിഎം ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചപ്പോഴും ജോണ്‍ ബ്രിട്ടാസ് അതിനെ ശക്തമായി തടഞ്ഞിരുന്നു. ഈ സംഭവവികാസങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് നടന്‍ വിനായകന്‍ എംപിക്കെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെയുണ്ടായ ജനകീയ പ്രക്ഷോഭം രാഷ്ട്രീയ നേതാക്കള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് വിനായകന്റെ പ്രസ്താവന ആക്കം കൂട്ടിയിട്ടുണ്ട്. അതേസമയം, പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി എത്തുന്നത്.