മലയാളികളുടെ പ്രിയനടി അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകന് നിമിഷ് രവിയും തമ്മിലുള്ള വിവാഹ വിഡിയോ ആണ് ഇപ്പോള് ചര്ച്ചയാകുന്നുത്. പത്തു വര്ഷം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവില് ഒന്നായ ഇരുവരുടെയും വിവാഹം തികച്ചും വ്യത്യസ്തത പുലര്ത്തുന്ന ഒന്നായി മാറി. അഹാനയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ 'കോര് മെമ്മറി' എന്ന പേരില് പങ്കുവെച്ച ഈ വെഡ്ഡിംഗ് വീഡിയോ ഒരു ഫീല് ഗുഡ് സിനിമ പോലെ മനോഹരമായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഒന്പത് മാസത്തോളം നീണ്ട കൃത്യമായ പ്ലാനിംഗിലൂടെയാണ് തങ്ങള് ഈ സ്വപ്നതുല്യമായ വിവാഹം യാഥാര്ത്ഥ്യമാക്കിയതെന്ന് അഹാന വീഡിയോയില് വ്യക്തമാക്കുന്നുണ്ട്. ചടങ്ങുകളുടെ ഓരോ ചെറിയ കാര്യങ്ങളിലും അഹാന പുലര്ത്തിയ കൃത്യതയെയും ആസൂത്രണമികവിനെയും വരന് നിമിഷും കുടുംബാംഗങ്ങളും അതിഥികളും ഒരുപോലെ പ്രശംസിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളെ ഏറ്റവും പ്രിയപ്പെട്ടവര്ക്കൊപ്പം ആഘോഷമാക്കുകയാണ് അഹാന ചെയ്തത്.
പരമ്പരാഗതമായ ആചാരങ്ങളില് നിന്ന് വിഭിന്നമായി, തികച്ചും വ്യത്യസ്തമായ ഒരു വേദി ഒരുക്കിയതിനെക്കുറിച്ചും അഹാന മനസ്സുതുറക്കുന്നുണ്ട്. നിമിഷ് ക്രിസ്ത്യനും താന് ഹിന്ദുവും ആയതുകൊണ്ടുതന്നെ, വിവാഹത്തിലേക്ക് കടക്കുമ്പോള് ഏതെങ്കിലും ഒരു മതപരമായ ചടങ്ങുകളുടെ ചട്ടക്കൂടിലേക്ക് കാര്യങ്ങള് ഒതുക്കാന് തങ്ങള് ആഗ്രഹിച്ചിരുന്നില്ലെന്ന് താരം പറയുന്നു. മതം എന്ന ഘടകത്തെ പൂര്ണ്ണമായും മാറ്റിനിര്ത്തി, പൂര്ണ്ണ സ്വാതന്ത്ര്യത്തോടെ തങ്ങള്ക്ക് പ്രിയപ്പെട്ടതും അര്ത്ഥവത്തുമായ കാര്യങ്ങള് മാത്രം ഉള്പ്പെടുത്തിയ ഒരു ചടങ്ങ് ഒരുക്കാനായിരുന്നു ഇരുവരുടെയും തീരുമാനം.
ആരോ പണ്ട് നിശ്ചയിച്ചുവെച്ച ആചാരങ്ങള് അതുപോലെ ആവര്ത്തിക്കുന്നതിനേക്കാള്, ആരുടെ വിവാഹമാണോ അവര്ക്ക് സന്തോഷവും അനുയോജ്യവുമായ കാര്യങ്ങള് ചേര്ത്ത് വേദി പ്ലാന് ചെയ്യണം എന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും അഹാന കൂട്ടിച്ചേര്ക്കുന്നു. ചടങ്ങിന് സാക്ഷികളാകുന്ന ഓരോരുത്തര്ക്കും ഹൃദയത്തില് തൊടുന്ന രീതിയിലുള്ള മുഹൂര്ത്തങ്ങള് സമ്മാനിക്കുക എന്ന ലക്ഷ്യം പൂര്ണ്ണവിജയമായി മാറിയതിന്റെ സന്തോഷത്തിലാണ് താരങ്ങളും
വിവാഹച്ചടങ്ങുകള്ക്കിടയില് അഹാനയുടെ പ്രിയപ്പെട്ട സഹോദരിമാരായ ദിയ, ഇഷാനി, ഹന്സിക എന്നിവര് ചേച്ചിയെക്കുറിച്ച് സംസാരിച്ച നിമിഷങ്ങള് ഏറെ വൈകാരികമായിരുന്നു. വാക്കുകള് ഇടറി, കണ്ണുകള് നിറഞ്ഞു കൊണ്ടാണ് അവര് അഹാനയോടുള്ള തങ്ങളുടെ സ്നേഹം പങ്കുവെച്ചത്. ഇതില് ഇഷാനി കൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള് സോഷ്യല് മീഡിയയുടെ പ്രത്യേക ശ്രദ്ധ നേടിയിരിക്കുന്നത്.
''''വീട്ടില് ഒരു ചേട്ടന് ഉണ്ടായിരുന്നെങ്കില് എന്ന് പലരും പറയാറുണ്ട്. എന്നാല് നമുക്കൊരു ചേട്ടന്റെയും ആവശ്യമില്ല, കാരണം അമ്മു പത്ത് ചേട്ടന്മാര്ക്ക് തുല്യമാണ്. ജീവിതത്തില് എന്ത് പ്രതിസന്ധിയോ പ്രശ്നമോ വന്നാലും ഞങ്ങള്ക്ക് മുന്നില് കാവലായി ആദ്യം നില്ക്കുന്നത് അമ്മുവാണ്. ഞങ്ങള് സുരക്ഷിതമായ കരങ്ങളിലാണെന്ന് അമ്മു എപ്പോഴും ഉറപ്പുവരുത്തും.'''' എന്നായിരുന്നു ഇഷാനി കൃഷ്ണ പറഞ്ഞത്.
മൂത്ത സഹോദരി എന്ന നിലയില് കുടുംബത്തോടുള്ള അഹാനയുടെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന ഈ വീഡിയോയ്ക്ക് താഴെ വലിയ പിന്തുണയാണ് ആരാധകരില് നിന്നും ലഭിക്കുന്നത്. അഹാന ജീവിതത്തിലും പൂര്ണ്ണവിജയമാണെന്നും, ഈ സഹോദരിമാര് തമ്മിലുള്ള ആത്മബന്ധം മറ്റുള്ളവര്ക്കും മാതൃകയാണെന്നുമാണ് ആരാധകര് ഒരേസ്വരത്തില് കമന്റ് ചെയ്യുന്നത്.
പത്തു വര്ഷം നീണ്ട പ്രണയത്തിനൊടുവിലാണ് അഹാനയും നിമിഷും ഒന്നായത്. പ്രീയപ്പെട്ട താരത്തിന്റെ വിവാഹ ചിത്രങ്ങള് വലിയ സ്നേഹത്തോടെയാണ് ആരാധകര് ഏറ്റെടുത്തത്. വിവാഹത്തിന്റെ ഓരോ ചടങ്ങുകളുടെയും വിശേഷങ്ങളുടെയും ഫോട്ടോകളും വീഡിയോകളും സോഷ്യല്മീഡിയയില് വൈറലായിരുന്നു.