Latest News

പണത്തിന്റെ ഹുങ്ക് ആ കുട്ടി കാണിച്ചു; റോഡില്‍  കാണിച്ച അഹങ്കാരം ആ വളര്‍ത്തലിന്റെ ഫലമാണ്; പണവും സ്വാധീനവുമുള്ളവര്‍ക്ക് ഇവിടെയുള്ള നിയമങ്ങള്‍ അനുകൂലമാണെന്ന് തോന്നുന്നു; ശശികലയെ പണ്ട് 'ടീച്ചര്‍' എന്നാണ് വിളിച്ചിരുന്നത്; ഇനി അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല; നെടുമ്പാശ്ശേരി കാറപകടത്തില്‍ ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്

Malayalilife
 പണത്തിന്റെ ഹുങ്ക് ആ കുട്ടി കാണിച്ചു; റോഡില്‍  കാണിച്ച അഹങ്കാരം ആ വളര്‍ത്തലിന്റെ ഫലമാണ്; പണവും സ്വാധീനവുമുള്ളവര്‍ക്ക് ഇവിടെയുള്ള നിയമങ്ങള്‍ അനുകൂലമാണെന്ന് തോന്നുന്നു; ശശികലയെ പണ്ട് 'ടീച്ചര്‍' എന്നാണ് വിളിച്ചിരുന്നത്; ഇനി അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല; നെടുമ്പാശ്ശേരി കാറപകടത്തില്‍ ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്

നെടുമ്പാശേരിയില്‍ മിനി കൂപ്പറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പണത്തിന്റെ ഹുങ്കും ധാര്‍ഷ്ട്യവുമാണ് ആ കുട്ടി റോഡില്‍ പ്രകടിപ്പിച്ചതെന്നും, മാതാപിതാക്കളുടെ തെറ്റായ പിന്തുണയാണ് ഇത്തരം വളര്‍ത്തലിന് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി. തെളിവെടുപ്പ് വേളയില്‍ പൊലീസ് പ്രതിയെ സഹായിക്കുന്ന രീതിയില്‍ പെരുമാറിയെന്ന സംശയം പ്രകടിപ്പിച്ച അവര്‍, കോടതി പ്രതിയെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റിയ നടപടിയെയും പ്രോസിക്യൂഷന്റെ നിസ്സംഗതയെയും ചോദ്യം ചെയ്തു.  

രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങുന്നതിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ശശികലയുടെ നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ച ഭാഗ്യലക്ഷ്മി, സ്ത്രീകള്‍ക്കെതിരായ ഇത്തരം മാനസികാവസ്ഥകള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു.


കുറിപ്പ് ഇങ്ങനെ: 'കഴിഞ്ഞ മൂന്നോ നാലോ ദിവസമായി സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ ഡല്‍ഹിയിലെ പ്രശ്‌നവും നെടുമ്പാശ്ശേരിയില്‍ സുഹൈല്‍ എന്ന കുട്ടി ഉള്‍പ്പെട്ട സംഭവവുമാണ്. നമുക്കതിനെ ഒരു അശ്രദ്ധയെന്ന് വിളിക്കാന്‍ കഴിയില്ല; ആ കുട്ടി പ്രകടിപ്പിച്ചത് ശുദ്ധമായ ധാര്‍ഷ്ട്യമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പണത്തിന്റെ ഹുങ്ക് ആ കുട്ടി കാണിച്ചു. അതുകൊണ്ടാണ് അവന്‍ "എന്റെ അച്ഛന്‍ വരും" എന്ന് പറഞ്ഞത്. അവന്‍ ജീവിതത്തില്‍ ചെയ്ത പല തെറ്റുകള്‍ക്കും അവന്റെ അമ്മയും അച്ഛനും അവന് കൂട്ടുനിന്നിട്ടുണ്ടാകണം. അതുകൊണ്ടാണ് അവന് ഇത്രയധികം... ഈ നാട്ടില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം, എല്ലാവരും പാലിക്കേണ്ട ചില സ്പീഡ് പരിധികളുണ്ട്. 
          
  നമ്മള്‍ സാധാരണക്കാര്‍ ഏതെങ്കിലും ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കുകയോ സ്പീഡ് പരിധി കവിയുകയോ ചെയ്താല്‍ ഉടന്‍ തന്നെ നിയമലംഘനം നടത്തിയെന്ന സന്ദേശം നമുക്ക് ലഭിക്കും. ഈ കുട്ടിക്ക് ഒരിക്കലും അതുപോലെയുള്ള യാതൊന്നും ലഭിച്ചിട്ടുണ്ടാകില്ല. അല്ലെങ്കില്‍ അതു ലഭിച്ചാല്‍ തന്നെ, അമ്മയും അച്ഛനും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാതെ അവനെ സഹായിച്ചതുകൊണ്ട്, ഈ രാജ്യത്തെ നിയമങ്ങള്‍ എന്താണെന്ന് അറിയാതെയാണ് അവന്‍ വളര്‍ന്നത്; റോഡില്‍ അവന്‍ കാണിച്ച അഹങ്കാരം ആ വളര്‍ത്തലിന്റെ ഫലമാണ്.

എന്നെ അദ്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം, പൊലീസ് അവനെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍, അവന്‍ എത്ര വേഗതയിലാണ് വണ്ടി ഓടിച്ചത്, 100 ല്‍ ആണോ എന്ന് പൊലീസ് അവനോട് ചോദിച്ചതാണ്! താന്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ഓടിച്ചതെന്നാണ് കുട്ടി പറയുന്നത്. എന്നിട്ട് അവര്‍ അത് കൂടുതല്‍ ചോദ്യം ചെയ്യാതെ വിട്ടുകളഞ്ഞു. അടുത്തതായി, മുന്നില്‍ പോയ ആളുകളെ അവന്‍ കണ്ടിരുന്നോ എന്ന് അവര്‍ ചോദിച്ചു. എന്നാല്‍ അവന്‍ ഒന്നും പറഞ്ഞില്ല. അവര്‍ അവന് സൂചനകള്‍ നല്‍കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അതായത്, പണവും സ്വാധീനവുമുള്ളവര്‍ക്ക് ഇവിടെയുള്ള നിയമങ്ങള്‍ എപ്പോഴും അനുകൂലമാണെന്ന് തോന്നുന്നു. പല കേസുകളിലും നമ്മള്‍ അത് നേരിട്ട് കാണുന്നതാണ്; പണമുള്ളവര്‍ക്ക് എന്ത് ചെയ്യാനും അത് മുഴുവന്‍ മൂടിവെക്കാനും സാധിക്കും.

മറ്റൊരു കാര്യം ശശികല എന്ന് പറയുന്ന ഒരു സ്ത്രീയുമാണ്; ഞാന്‍ പണ്ട് അവരെ ടീച്ചര്‍ എന്നാണ് വിളിച്ചിരുന്നത്. ഇനി അങ്ങനെ വിളിക്കാന്‍ എനിക്ക് തോന്നുന്നില്ല. രാത്രിയില്‍ സ്ത്രീകള്‍ ചായ കുടിക്കാന്‍ പുറത്തുപോകുന്നത് തെറ്റാണോ എന്നാണ് ശശികല ചോദിക്കുന്നത്. ഒന്ന് ചിന്തിച്ചു നോക്കൂ; ഡല്‍ഹി കൂട്ടബലാത്സംഗ സമയത്ത്, ആ പെണ്‍കുട്ടി എന്തിനാണ് പാതിരാത്രിയില്‍ ബസ്സില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തത് എന്നോ, എന്തിനാണ് കാമുകനൊപ്പം പോയത് എന്നോ ചോദിച്ച ആളുകളുണ്ടായിരുന്നു. ഇവിടെ, ട്രെയിനിന്റെ ലേഡീസ് കംപാര്‍ട്ട്മെന്റില്‍ സൗമ്യ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും അവള്‍ എന്തിനാണ് ഒറ്റയ്ക്ക് യാത്ര ചെയ്തത് എന്ന് ചോദിച്ചവരുണ്ടായിരുന്നു. 
        
അപ്പോള്‍, അവര്‍ക്ക് സ്വതന്ത്ര ഇന്ത്യയെന്നാല്‍ സ്ത്രീകള്‍ എട്ടുമണിക്ക് ശേഷം വീടുകളിലെ ലൈറ്റുകള്‍ അണച്ച് അകത്തിരിക്കണം എന്നാണര്‍ഥം. സ്വാതന്ത്ര്യം എന്നാല്‍ എന്താണെന്ന് അവര്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്നോ അതോ അവര്‍ ബോധപൂര്‍വം കണ്ണടയ്ക്കുകയാണെന്നോ തോന്നുമാറുള്ള അവസ്ഥയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ഉപദ്രവങ്ങള്‍ക്കുള്ള ഒരു ആയുധമായാണ് അവര്‍ ഈ സ്വാതന്ത്ര്യത്തെ കാണുന്നത്. അതുകൊണ്ടാണ്, പണത്തിന്റെ സ്വാധീനത്തിന് മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുകുനിക്കില്ലെന്നും കുട്ടിക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും ഇന്നലെ ആഭ്യന്തര മന്ത്രി പറയുന്നത് ഞാന്‍ കേട്ടത്.      
          
കോടതിയില്‍ ആ കുട്ടിയെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചു, അങ്ങനെയൊരു ജയില്‍ ഉണ്ടെന്ന് ഞാന്‍ കേള്‍ക്കുന്നത് ഇതാദ്യമാണ്, നമ്മളാരും അങ്ങനെയൊന്ന് ഉണ്ടെന്ന് പോലും അറിഞ്ഞിരുന്നില്ല. അവനെ അങ്ങനെയൊരു ജയിലിലേക്ക് അയക്കണമെങ്കില്‍, വ്യക്തമായ പ്ലാനോടെയാണ് അവര്‍ കോടതിയില്‍ പോയിട്ടുണ്ടാകുന്നത്. പ്രോസിക്യൂട്ടര്‍ അതിനെ എതിര്‍ക്കണം; അവനെ അവിടേക്ക് അയക്കാന്‍ പാടില്ല. കാരണം ഈ കുട്ടി ചെറിയൊരു കുട്ടിയല്ല; അവന്‍ സംസാരിക്കുന്ന വിഡിയോകള്‍ കണ്ടാല്‍, ബുദ്ധിശക്തിയില്ലാത്ത ഒരു കുട്ടിയല്ല അവന്‍ എന്ന് മനസ്സിലാകും. അതിനാല്‍, ഇതുപോലെയുള്ളവരെ സംരക്ഷിക്കുന്ന തരത്തിലാണ് കാര്യങ്ങളെല്ലാം നീങ്ങുന്നത്. അതിനാല്‍, ഈ കുട്ടിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണം. മാത്രമല്ല, ഒരു കാരണവശാലും സര്‍ക്കാര്‍, ആഭ്യന്തര മന്ത്രിയേ, നിങ്ങളുടെ വകുപ്പും പൊലീസും അവനെ സഹായിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത് എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.


കാരണം കുട്ടികള്‍ക്ക് ഇനിയും ഇവിടെ ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യേണ്ടതുണ്ട്. ജോലി കഴിഞ്ഞ് രാത്രി വൈകി യാത്ര ചെയ്യുന്നവരുണ്ടാകാം, അല്ലെങ്കില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരുണ്ടാകാം; പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍. ഇന്ന് സമയം നോക്കാതെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ജോലി ചെയ്യുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇതാണ് എനിക്ക് ആഭ്യന്തര മന്ത്രാലയത്തോടും സമൂഹത്തോടും, ഒപ്പം നിങ്ങളോടും, ശശികലയോടും പറയാനുള്ളത്. നിങ്ങള്‍ക്ക് പെണ്‍മക്കളുണ്ടോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കില്‍, അവര്‍ക്ക് കഷ്ടകാലമാണ്.  ഇതാണ് എനിക്ക് പറയാനുള്ളത്.' 

bhagyalakshmi about nedumbassery accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES