Latest News

അധ്വാനിച്ച് സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ് ഞാനും സഹോദരിമാരും  വിശ്വസിക്കുന്നത്; ചാറ്റുകളിലും റെക്കോര്‍ഡിങുകളിലും സത്യം ഭദ്രമാണ്; അത് തെളിയിക്കേണ്ട ഒരു ദിവസം വന്നാല്‍ അത് ചെയ്യും; അപകീര്‍ത്തിക്കേസ് കൊടുക്കാനും നിയമപരമായി മുന്നോട്ട് പോകാനും പൂര്‍ണ അവകാശമുണ്ടെങ്കിലും കുട്ടികളെ ഓര്‍ത്ത് ചെയ്യുന്നില്ല; തുറന്നെഴുത്തുമായി അഹാന കൃഷ്ണ

Malayalilife
 അധ്വാനിച്ച് സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ് ഞാനും സഹോദരിമാരും  വിശ്വസിക്കുന്നത്; ചാറ്റുകളിലും റെക്കോര്‍ഡിങുകളിലും സത്യം ഭദ്രമാണ്; അത് തെളിയിക്കേണ്ട ഒരു ദിവസം വന്നാല്‍ അത് ചെയ്യും; അപകീര്‍ത്തിക്കേസ് കൊടുക്കാനും നിയമപരമായി മുന്നോട്ട് പോകാനും പൂര്‍ണ അവകാശമുണ്ടെങ്കിലും കുട്ടികളെ ഓര്‍ത്ത് ചെയ്യുന്നില്ല; തുറന്നെഴുത്തുമായി അഹാന കൃഷ്ണ

കഴിഞ്ഞ കുറച്ചു ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ തനിക്കും കുടുംബത്തിനു മെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും കുടുംബ വഴക്കുകളിലും പ്രതികരണവുമായി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ അഹാന കൃഷ്ണ. നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന സ്വകാര്യ കുടുംബവിഷയങ്ങള്‍ പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ കടുത്ത മാനസിക വിഷമമുണ്ടെന്ന് വ്യക്തമാക്കി നീണ്ട കുറിപ്പാണ് താരം പങ്കുവച്ചത്. അമ്മൂമ്മയും കസിനും ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ അഹാന, സത്യം തെളിയിക്കുന്ന ചാറ്റുകളും ഓഡിയോ-വിഡിയോ റെക്കോര്‍ഡിങുകളും തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കുന്നു. 

വ്യാജ പ്രചാരണങ്ങള്‍ നടത്തിയ കസിനെതിരെ അപകീര്‍ത്തിക്കേസ് നല്‍കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ ഭാവി കരുതിയും കൂടുതല്‍ പരസ്യപ്പോരുകള്‍ക്ക് താല്പര്യമില്ലാത്തതിനാലും നിയമനടപടിയില്‍ നിന്ന് പിന്തിരിയുകയാണെന്നും താരം അറിയിച്ചു. അമ്മൂമ്മയുമായുള്ള ബന്ധം 2025 ഒക്ടോബര്‍ മുതല്‍ വഷളായതാണെന്ന് അഹാന വെളിപ്പെടുത്തി. അമ്മൂമ്മയുടെ ഭാഗത്തുനിന്നുണ്ടായ അതിരുകടന്ന അധിക്ഷേപങ്ങളും അശ്ലീല വാക്കുകളുമാണ് ഇതിന് കാരണമെന്നും ബഹുമാനം എന്നത് പരസ്പരമുള്ളതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

അഹാന കൃഷ്ണയുടെ കുറിപ്പ്:    
കഴിഞ്ഞ കുറച്ചു ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടന്ന സംഭവങ്ങള്‍ എന്നെയും എന്റെ കുടുംബത്തെയും ആഴത്തില്‍ വേദനിപ്പിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്തു. കുടുംബകാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലേക്ക് വലിച്ചിഴയ്‌ക്കേണ്ടതല്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. അതിനാല്‍ തന്നെ, ഇത് ഞങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍, നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു വിഷയം പൊതുമധ്യത്തിലെത്തി. വികാരങ്ങള്‍ തീവ്രമാകുമ്പോള്‍, പലപ്പോഴും നമ്മള്‍ തലച്ചോറ് കൊണ്ടല്ല, ഹൃദയം കൊണ്ടാണ് പ്രതികരിക്കുന്നത്. എന്റെ അമ്മ അര്‍ഹിക്കാത്ത വിമര്‍ശനങ്ങള്‍ നേരിടുന്നത് കണ്ടപ്പോള്‍, പ്രതികരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാവുകയായിരുന്നു.

ഒരുപക്ഷേ എനിക്ക് മൗനം പാലിക്കാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍, ഒട്ടും ന്യായമല്ലാത്ത ഒരു തെറ്റിദ്ധാരണയുടെ ഭാരം എന്റെ കുടുംബത്തിന് പേറേണ്ടി വരുമായിരുന്നു. സത്യം തുറന്നുപറഞ്ഞ് ഒരു തെറ്റിദ്ധാരണ തിരുത്തുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്നാണ് അപ്പോള്‍ ഞാന്‍ കരുതിയത്. 'ഞാന്‍ പറയുന്നതെല്ലാം സത്യമാണെങ്കില്‍, ഇനി എന്താണ് പേടിക്കാന്‍?' എന്നാണ് ഞാന്‍ എന്നോട് തന്നെ ചോദിച്ചത്. എന്നാല്‍ ഇതിനു മറുപടിയായി വ്യാജ ആരോപണങ്ങളും അസത്യങ്ങളും കാര്യങ്ങള്‍ വളച്ചൊടിച്ചുള്ള വിവരണങ്ങളും ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളും പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന് ഞാന്‍ ഒട്ടും കരുതിയിരുന്നില്ല.
          
തങ്ങള്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ചിലര്‍ എത്രത്തോളം അധഃപതിക്കും എന്ന് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് എനിക്ക് സംഭവിച്ച തെറ്റ്. ചില മനുഷ്യര്‍ തങ്ങളുടെ സ്വന്തം വാക്കുകളെ നേരിടാന്‍ ധൈര്യമില്ലാത്തവരാണ്. അവര്‍ പുതിയ കഥകള്‍ ഉണ്ടാക്കി ഇന്റര്‍നെറ്റില്‍ പങ്കുവെക്കുന്നു; കാരണം, ഇത്തരം കഥകള്‍ ആഘോഷിക്കാന്‍ കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഇവിടെയുണ്ടെന്ന് അവര്‍ക്കറിയാം. ഇതൊന്നും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല എന്നതാണ് എനിക്ക് സംഭവിച്ച വീഴ്ച. ഇതൊക്കെ സംഭവിക്കുമെന്ന് ഉറപ്പായിരുന്നെങ്കില്‍, ഒരുപക്ഷേ ഞാന്‍ മൗനം തിരഞ്ഞെടുക്കുമായിരുന്നു.

എന്റെ അമ്മൂമ്മയെ നേരിട്ട് അറിയാവുന്നവര്‍ക്ക് ഇതൊരു പുതിയ അറിവായിരിക്കില്ല. എങ്കിലും, ഞങ്ങള്‍ പങ്കുവച്ച കണ്ടന്റുകളിലൂടെ മാത്രം എന്റെ അമ്മൂമ്മയെ അറിയുന്ന നിങ്ങളോട് ചില കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു.

 എന്റെ അമ്മൂമ്മയും ഞങ്ങളില്‍ ചിലരും തമ്മിലുള്ള ബന്ധം 2025 ഒക്ടോബര്‍ മുതല്‍ വഷളായതാണ്. ഇതിന് പൂര്‍ണ ഉത്തരവാദി അവരാണ്. എന്റെ അമ്മൂമ്മയോട് ഞാന്‍ ഒരു പ്രത്യേക രീതിയില്‍ സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടെങ്കില്‍, അതിന് കാരണം ഒരു അമ്മൂമ്മയും അവരുടെ കൊച്ചുമക്കളോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ എന്നോട് സംസാരിച്ചതുകൊണ്ടാണ്. അവര്‍ ഉപയോഗിച്ച വാക്കുകള്‍ അതിരുകടന്നതായിരുന്നു; അശ്ലീലവും ലൈംഗികമായി അധിക്ഷേപിക്കുന്നതും ഒരു അമ്മൂമ്മയില്‍ നിന്ന് കേള്‍ക്കാന്‍ അസാധ്യവുമായ കാര്യങ്ങളായിരുന്നു അവ. ആ വൃത്തികേടുകളിലേക്ക് ഇനിയും പോകാന്‍ താല്പര്യമില്ലാത്തതിനാല്‍ ആ വാക്കുകള്‍ ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല, എങ്കിലും അവ എനിക്ക് കടുത്ത മുറിവേല്‍പ്പിച്ചു. ബഹുമാനം എന്നത് പരസ്പരം നല്‍കേണ്ട ഒന്നാണ്. പ്രായമോ ബന്ധമോ സ്ഥാനമോ ആര്‍ക്കും മറ്റൊരാളെ ഉപദ്രവിക്കാനോ അപമാനിക്കാനോ ഉള്ള ലൈസന്‍സല്ല. നല്‍കിയില്ലെങ്കില്‍ തിരിച്ചും ബഹുമാനം പ്രതീക്ഷിക്കരുത്. തെറ്റ് ആര് ചെയ്താലും, അനാവശ്യമായ അനാദരവ് നിശബ്ദം സഹിക്കാനല്ല, പകരം എനിക്കുവേണ്ടി സംസാരിക്കാനാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്.
     
ഇതൊരു പണത്തിന് വേണ്ടിയുള്ള തര്‍ക്കമാണെന്ന് ചിത്രീകരിക്കാനും ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ അതൊട്ടും ശരിയല്ല. അധ്വാനിച്ച് സ്വന്തം കാലില്‍ നില്‍ക്കണമെന്നാണ് ഞാനും എന്റെ സഹോദരിമാരും എപ്പോഴും വിശ്വസിച്ചിട്ടുള്ളത്. മാതാപിതാക്കളെയോ അമ്മൂമ്മമാരെയോ ഒരു സാമ്പത്തിക സുരക്ഷിതത്വമായോ സ്വത്തിന്റെ സ്രോതസ്സായോ ഞങ്ങള്‍ കണ്ടിട്ടില്ല. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നതില്‍ അഭിമാനിക്കുന്ന സ്ത്രീകളാണ് ഞങ്ങള്‍, ഭൗതിക നേട്ടങ്ങള്‍ വച്ച് ഞങ്ങള്‍ ബന്ധങ്ങളെ അളന്നിട്ടില്ല. ഈ വിഷയം ഒരിക്കലും അതിനെക്കുറിച്ചായിരുന്നില്ല.

എന്റെ അമ്മൂമ്മ ഫോണില്‍ നിന്ന് ഞാന്‍ അയച്ചതെന്ന് പറഞ്ഞ് ചില മെസ്സേജുകള്‍ വായിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അവരോട് എനിക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുള്ളൂ: മറ്റൊരാളുടെ മറുപടികള്‍ മാത്രം വായിച്ചു കേള്‍പ്പിക്കുമ്പോള്‍, ആ മറുപടികളിലേക്ക് നയിച്ച മെസ്സേജുകളും സംഭാഷണങ്ങളും അവര്‍ എന്തുകൊണ്ടാണ് മറച്ചുവയ്ക്കുന്നത്?

ഞങ്ങളുടെ സ്വകാര്യ ഫാമിലി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഞാന്‍ അയച്ച മെസ്സേജുകള്‍ എന്റെ കസിന്‍ വായിക്കുന്നതും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ നിഷേധിക്കുന്നില്ല. ആ സമയത്ത് ഞാന്‍ ദേഷ്യത്തിലായിരുന്നു, സാധാരണയായി ഉപയോഗിക്കാത്ത വാക്കുകള്‍ ഉപയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ നിങ്ങള്‍ കേട്ടത് എന്റെ മെസ്സേജുകള്‍ മാത്രമാണ്, അതിന് ആസ്പദമായ മുഴുവന്‍ സംഭാഷണങ്ങളുമല്ല. 

അമ്മൂമ്മയുമായി കാര്യങ്ങള്‍ എത്രത്തോളം ബുദ്ധിമുട്ടായി മാറുന്നു എന്ന് എന്റെ കസിന്‍ തന്നെ പറഞ്ഞു തുടങ്ങിയതായിരുന്നു ആ സംഭാഷണങ്ങളില്‍ പലതും. അതിനോട് പ്രതികരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. യാഥാര്‍ഥ്യം ഇതായിരിക്കെ, സ്വന്തം മെസ്സേജുകളും സന്ദര്‍ഭവും ഒഴിവാക്കി എന്റെ മെസ്സേജുകള്‍ മാത്രം തിരഞ്ഞെടുത്ത് വായിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ ആഘാതമാണ് ഉണ്ടായത്. ഇതില്‍ നിന്ന് എനിക്ക് ഒരു കാര്യം വ്യക്തമായി: സത്യം എന്താണെങ്കിലും, അവര്‍ നിര്‍മിച്ച വ്യാജ കഥകളെ ഞാന്‍ ചോദ്യം ചെയ്തു എന്ന ഒരൊറ്റ കാരണത്താല്‍ എന്നെ ഏറ്റവും മോശക്കാരിയായി ചിത്രീകരിക്കുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം
        
ഞാന്‍ അമ്മൂമ്മയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു എനിക്കെതിരെ ഉന്നയിക്കപ്പെട്ട ഏറ്റവും ഗുരുതരമായ ആരോപണം. അത് തികച്ചും അസത്യമാണ്. എന്റെ അപ്പൂപ്പന്റെ മരണത്തിന് 2 മാസത്തിന് ശേഷം, കുടുംബപരമായ ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഞാനും അമ്മയും അനിയത്തിമാരും ഒരു സുഹൃത്തും കൂടി അമ്മൂമ്മയെ സന്ദര്‍ശിച്ച സംഭവത്തെക്കുറിച്ചാണ് അവര്‍ പറയുന്നത്. മുന്‍പും സംഭവിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചു എന്ന് അമ്മൂമ്മ അവകാശപ്പെട്ടിരുന്നതിനാല്‍, ഇത്തരം സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഞങ്ങള്‍ ഒരു പതിവാക്കിയിരുന്നു. അന്ന് ഞങ്ങള്‍ അവിടെ എത്തിയത് മുതല്‍ തിരികെ പോകുന്നതുവരെയുള്ള മുഴുവന്‍ റെക്കോര്‍ഡിങും ഞങ്ങളുടെ പക്കലുണ്ട്. അന്ന് എന്താണ് സംഭവിച്ചതെന്ന് അതില്‍ വ്യക്തമാണ്, എനിക്കെതിരെ ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണം അതില്‍ എവിടെയുമില്ല. ഇത് ഒരു ഉദാഹരണം മാത്രം. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് എനിക്കെതിരെ ഉന്നയിച്ച മറ്റ് പല ആരോപണങ്ങളും അസത്യമാണ്. ചാറ്റുകളിലും റെക്കോര്‍ഡിങുകളിലും സത്യം ഭദ്രമാണ്, അത് തെളിയിക്കേണ്ട ഒരു ദിവസം വന്നാല്‍ ഞാന്‍ അത് ചെയ്യും.          

എന്റെ കസിന്‍ ഇതില്‍ ഒരു പുറത്തുനിന്നുള്ള ആളായിരുന്നില്ല. ഈ സംഭവങ്ങളിലൂടെയെല്ലാം അവരും കടന്നുപോയതാണ്. അമ്മൂമ്മയുമായി അവര്‍ക്കും കടുത്ത അനുഭവം ഉണ്ടായിട്ടുണ്ട്, ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ അടുത്തേക്കാണ് സഹായത്തിനായി വന്നത്. ഞങ്ങള്‍ ഉപാധികളില്ലാതെ അവര്‍ക്കൊപ്പം നിന്നു. ആ സംഭാഷണങ്ങള്‍ അതായിരുന്നു. എല്ലാ കാര്യങ്ങളും വ്യക്തമായി അറിഞ്ഞിട്ടും, അപ്പൂപ്പന്റെ മരണത്തിനുശേഷം പ്രായമായ ഒരു സ്ത്രീയെ ഞങ്ങള്‍ ഉപേക്ഷിച്ചു എന്ന് വരുത്തിത്തീര്‍ക്കാനും സോഷ്യല്‍ മീഡിയയിലൂടെ തെറ്റിദ്ധാരണ പരത്താനും അവര്‍ ശ്രമിച്ചു. 74 വയസ്സുള്ള എന്റെ അമ്മൂമ്മയ്ക്ക് സോഷ്യല്‍ മീഡിയയുടെ വ്യാപ്തിയെക്കുറിച്ചോ വ്യാജ പ്രചാരണങ്ങള്‍ വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ചോ അറിവുണ്ടായേക്കില്ല. എന്നാല്‍ എന്റെ കസിന് അത് വ്യക്തമായി അറിയാമായിരുന്നു.
        
അസത്യങ്ങള്‍ കാരണം തെറ്റിദ്ധരിക്കപ്പെടുക എന്നതാണ് ഇതിലെ ഏറ്റവും സങ്കടകരമായ കാര്യം. മിനിറ്റുകള്‍ക്കുള്ളില്‍ ഈ വ്യാജ കഥകളെല്ലാം പൊളിച്ചടുക്കാന്‍ പോന്ന ചാറ്റുകളും ഓഡിയോ റെക്കോര്‍ഡിങുകളും വിഡിയോകളും തെളിവുകളും എന്റെ പക്കലുണ്ട്. ഞാന്‍ ഇതെല്ലാം പരസ്യമാക്കിയാല്‍ ഇന്ന് പലരും പുലര്‍ത്തുന്ന അഭിപ്രായങ്ങള്‍ മാറും എന്നതില്‍ എനിക്ക് സംശയമില്ല. എന്നാല്‍ സ്വകാര്യ സംഭാഷണങ്ങള്‍ പൊതുമധ്യത്തില്‍ ഇട്ടാല്‍, ഞാന്‍ എതിര്‍ത്ത അതേ പ്രവൃത്തി തന്നെ ചെയ്യുന്ന ആളായി ഞാനും മാറും. ഞാന്‍ അങ്ങനെയൊരാളല്ല, അങ്ങനെ ആകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല.

എന്റെ പേരിന് കളങ്കമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തുന്ന കസിനെതിരെ അപകീര്‍ത്തിക്കേസ് കൊടുക്കാനും നിയമപരമായി മുന്നോട്ട് പോകാനും എനിക്ക് പൂര്‍ണ അവകാശമുണ്ട്. എന്നാല്‍ രണ്ട് കാരണങ്ങളാല്‍ ഞാന്‍ അതില്‍ നിന്ന് പിന്തിരിയുകയാണ്. എന്റെ കസിന് കുട്ടികളുണ്ട്, അവരെ ഞങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്; അവരുടെ തെറ്റല്ലാത്ത കാര്യങ്ങള്‍ക്ക് അവരെ ശിക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്ടാമതായി, കുടുംബകാര്യങ്ങള്‍ പരസ്യമായ പോരാട്ടങ്ങള്‍ക്കാനുള്ളതല്ല എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. കോടതിമുറി മറ്റൊരു പരസ്യ പോരാട്ടമാണ്, എന്റെ കുടുംബം ഇനിയൊരു പോരാട്ടം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇത് തുടരുകയാണെങ്കില്‍, എന്റെ കുടുംബത്തെ ഇനിയും ഇതിലേക്ക് വലിച്ചിഴയ്ക്കുകയാണെങ്കില്‍, ഞങ്ങള്‍ക്ക് ലഭിച്ച നിയമോപദേശമനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കും. എനിക്ക് അതിന് താല്പര്യമില്ല. അങ്ങോട്ടേക്ക് എത്തുന്നതിന് മുന്‍പ് ഇത് അവസാനിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

എന്റെ വിഡിയോയെക്കുറിച്ച് പലര്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നുവെന്നും എനിക്ക് അത് അവഗണിക്കാമായിരുന്നുവെന്നും പലരും ചോദിച്ചതായി എനിക്കറിയാം. സത്യത്തില്‍, ഒരു വിഡിയോയോടുള്ള പ്രതികരണമായിരുന്നില്ല എന്റേത്. അതിനുശേഷം ഉണ്ടായ സംഭവങ്ങളോടായിരുന്നു പ്രതികരണം. അമ്മയുടെ പോസ്റ്റുകള്‍ക്ക് താഴെയും ഇന്‍ബോക്‌സിലും പെറ്റമ്മയെ ഉപേക്ഷിച്ച മകള്‍; എന്ന് വിളിച്ച് ആളുകള്‍ അധിക്ഷേപിക്കുകയായിരുന്നു, അത് അമ്മയെ തളര്‍ത്തി. സ്വന്തം അച്ഛന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ പരിചരണത്തിനായി കഷ്ടപ്പെടുകയും കഴിയുന്നതെല്ലാം ചെയ്യുകയും ചെയ്ത ഒരു സ്ത്രീയാണത്. തെറ്റായ ഒരു കഥയുടെ പേരില്‍ എന്റെ അമ്മ പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുന്നത് കണ്ടപ്പോള്‍, ഒരു മകള്‍ എന്ന നിലയില്‍ എനിക്ക് അറിയാവുന്ന രീതിയില്‍ ഞാന്‍ പ്രതികരിച്ചു. എന്റെ വിഡിയോയില്‍ പറഞ്ഞ കാര്യങ്ങളില്‍, എന്റെ ചിന്നമ്മയെ പിന്തുണച്ചതില്‍ ഉള്‍പ്പെടെ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. വ്യാജ കഥകള്‍ക്ക് മുന്നില്‍ മൗനം പാലിച്ച് പ്രശംസ നേടുന്നതിനേക്കാള്‍, സത്യത്തിന് വേണ്ടി നിലകൊണ്ടതിന് വിമര്‍ശിക്കപ്പെടുന്നതാണ് എനിക്ക് ഇഷ്ടം.

നിര്‍ഭാഗ്യവശാല്‍, ചില സ്ത്രീകളെ വിധി എഴുതാന്‍ നമ്മുടെ സമൂഹത്തിന് എന്നും തിടുക്കമാണ്. പരാജയപ്പെട്ട ഒരു വിവാഹബന്ധത്തില്‍ നിന്ന് മാറി ചിന്തിച്ച ഒരു സ്ത്രീ ഇവിടെ വേട്ടയാടപ്പെടുന്നു. ഒരു അമ്മ തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന് ആരോപിക്കുന്നത് പൊതുജനങ്ങളെ ഒരാള്‍ക്കെതിരെ തിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ്. ഒരു കുടുംബമെന്ന നിലയില്‍, ഞാനും എന്റെ കുടുംബവും എപ്പോഴും എന്റെ കസിനോടും അമ്മായിയോടും സഹതാപം പുലര്‍ത്തിയിട്ടുണ്ട്; കാരണം മുഴുവന്‍ കാര്യങ്ങളും അറിയാവുന്നവരാണ് ഞങ്ങള്‍, ഇന്നത്തെ ഈ അവസ്ഥയ്ക്ക് രണ്ടുപേരും ഉത്തരവാദികളല്ല എന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ സഹതാപം തട്ടിയെടുക്കാന്‍ മറ്റൊരു കുടുംബാംഗത്തിനെതിരെ സോഷ്യല്‍ മീഡിയയെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.

ട്രോമയെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് പറയുമ്പോള്‍, ഒരാള്‍ മൗനം പാലിക്കുന്നു എന്നതിനര്‍ഥം അവര്‍ക്ക് മാനസികമായി മുറിവേറ്റിട്ടില്ല എന്നല്ല. ചിലര്‍ തങ്ങളുടെ വേദനകള്‍ ഉള്ളിലൊതുക്കുന്നു, അത് പബ്ലിക് കണ്ടന്റാക്കി മാറ്റി അന്യരുടെ സഹതാപം തേടാറില്ല. എന്റെ ചിന്നമ്മയുടെ വേദന അത് പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ് എന്നതുകൊണ്ട് മാത്രം ഇല്ലാതാകുന്നില്ല.ഡിപ്രെഷന്‍, ട്രോമ, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ വൈദ്യസഹായവും അനുഭാവവും അര്‍ഹിക്കുന്ന യഥാര്‍ഥ ക്ലിനിക്കല്‍ അവസ്ഥകളാണ്. സ്വന്തം തെറ്റുകള്‍ മറയ്ക്കാനുള്ള പരിചയായി അവയെ ഉപയോഗിക്കരുത്. ഒരാളുടെ തെറ്റായ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല.

ഏാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ ഞാന്‍ എന്റെ അമ്മൂമ്മയുടെ ഏറ്റവും പ്രിയപ്പെട്ട കൊച്ചുമകളായിരുന്നു. കാരണം അവരുടെ വാക്കുകളില്‍, അവര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതും പരിചരിച്ചതും ഒരു കൊച്ചുമകള്‍ ചെയ്യേണ്ടതിലും അപ്പുറം കാര്യങ്ങള്‍ ചെയ്തതും ഞാനായിരുന്നു. ഇതിനര്‍ഥം എന്റെ സഹോദരിമാര്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല, അവരും തങ്ങളുടേതായ രീതിയില്‍ അമ്മൂമ്മയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്ക് ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്തു നല്‍കുന്നവരെ അതാത് സമയങ്ങളില്‍ പുകഴ്ത്തുന്ന രീതി അമ്മൂമ്മയ്ക്കുണ്ടായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍, ആ സ്‌നേഹം ഞാന്‍ ആരാണെന്നതിനേക്കാള്‍ ഞാന്‍ അവര്‍ക്ക് ചെയ്തു നല്‍കിയ കാര്യങ്ങളോടായിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു. ഞാന്‍ അവരുടെ പ്രവൃത്തികളെ ചോദ്യം ചെയ്യുകയും അവര്‍ക്ക് എന്നില്‍ നിന്നുള്ള സാമ്പത്തികമോ അല്ലാത്തതോ ആയ നേട്ടങ്ങള്‍ നില്‍ക്കുകയും ചെയ്ത നിമിഷം, ഞാന്‍ ചെയ്തതെല്ലാം ഒറ്റരാത്രികൊണ്ട് മായ്ച്ചുകളയപ്പെട്ടു.
    എന്റെ അമ്മൂമ്മ ഞാന്‍ ചെയ്ത നല്ല കാര്യങ്ങള്‍ മറന്നിട്ടുണ്ടാകാം, മനുഷ്യര്‍ അവര്‍ക്ക് ഓര്‍ക്കാന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ഓര്‍ക്കുന്നു എന്ന കാര്യം ഞാന്‍ മനസ്സിലാക്കുന്നു. അതു സാരമില്ല. ഞങ്ങള്‍ ഒന്നിച്ചു പങ്കുവച്ച നല്ല നിമിഷങ്ങള്‍ അവര്‍ മറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ അത് മറന്നിട്ടില്ല. ഞാന്‍ അവര്‍ക്കായി ചെയ്തതൊക്കെ എന്തിനാണെന്ന് എനിക്കറിയാം, ആ നല്ല ഓര്‍മ്മകള്‍ ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കും.
          
ഇനി ഞങ്ങള്‍ക്ക് അമ്മൂമ്മയെ സംരക്ഷിക്കാന്‍ കഴിയില്ല. അതില്‍ നിന്ന് ഇറങ്ങിപ്പോരുക എന്നത് അധിക്ഷേപങ്ങളില്‍ നിന്ന് ഞങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള ഒരേയൊരു വഴിയായിരുന്നു. എന്നാല്‍ അവര്‍ക്ക് 74 വയസ്സായി, ഈ വിവാദങ്ങളെല്ലാം ലോകം മറന്ന ശേഷവും അവരെ നോക്കാന്‍ ആരെങ്കിലും ഒരാള്‍ വേണം. താന്‍ കാനഡയിലെ ജീവിതം ഉപേക്ഷിച്ച് തിരികെ വന്നത് അമ്മൂമ്മയെ പരിചരിക്കാനാണെന്ന് എന്റെ കസിന്‍ ലോകത്തോടു പറഞ്ഞു. അമ്മൂമ്മയുടെ നന്മയ്ക്കായി അത് സത്യമാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. വിഡിയോകള്‍ ചെയ്യാനില്ലാതാവുകയും കാണാന്‍ പ്രേക്ഷകരില്ലാതാവുകയും ചെയ്യുമ്പോള്‍ പോലും ആ പരിചരണം തുടരുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. 

ഓണ്‍ലൈനില്‍ കണ്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ എന്നെ വിധി എഴുതാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, എനിക്ക് അത് മനസ്സിലാകും. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങള്‍ക്ക് അവകാശമുണ്ട്. കുറച്ചു സ്‌ക്രീന്‍ഷോട്ടുകള്‍ക്കും ക്ലിപ്പുകള്‍ക്കും ഒരു കഥയുടെ മുഴുവന്‍ വശങ്ങളും കാണിക്കാന്‍ കഴിയില്ലെന്നും എനിക്കറിയാം. കഥയുടെ മുഴുവന്‍ വശങ്ങളും അറിയാതെ വിധി എഴുതുന്നതിന് മുന്‍പ് ചിലരെങ്കിലും കുറച്ചുകൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. എങ്കിലും സാരമില്ല. എന്നെ വ്യക്തിപരമായും അല്ലാതെയും അറിയാവുന്നവര്‍ക്ക് എന്റെ ഹൃദയവും സത്യവും അറിയാം, എനിക്ക് അത് മാത്രം മതി.
          
ചിലര്‍ അസത്യങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സത്യത്തോടൊപ്പമുള്ള ജീവിതം തിരഞ്ഞെടുക്കുന്നു. ദിവസാവസാനം, ഹൃദയത്തില്‍ സത്യസന്ധതയും നന്മയും സൂക്ഷിക്കുന്നവര്‍ക്കാണ് സമാധാനം ലഭിക്കുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒളിക്കാന്‍ ഒന്നുമില്ലെന്നും, ഭയപ്പെടാന്‍ ഒന്നുമില്ലെന്നും, തെളിയിക്കാന്‍ ഒന്നുമില്ലെന്നും ഉള്ള ബോധ്യം പൂര്‍ണ ഹൃദയത്തോടെ പുഞ്ചിരിക്കാന്‍ എന്നെ സഹായിക്കുന്നു. എനിക്ക് ഉറപ്പുള്ള ഒരു കാര്യമുണ്ട്: സത്യസന്ധത, കഠിനാധ്വാനം, യഥാര്‍ഥ വ്യക്തിത്വത്തോടെ ജീവിക്കാനുള്ള ധൈര്യം എന്നിവയിലൂടെ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത ഒരു പേര് ഒറ്റരാത്രികൊണ്ട് ഇല്ലാതാവില്ല. ഞാന്‍ പൂര്‍ണതയുള്ളവളാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഞാന്‍ ഞാനായിരിക്കാന്‍ ആഗ്രഹിച്ചു, എന്റെ തെറ്റുകള്‍ അംഗീകരിച്ചു, ആത്മാര്‍ഥതയോടെ ജീവിച്ചു. അതാണ് ഈ വര്‍ഷങ്ങളത്രയും എനിക്ക് ഇത്രയും മനുഷ്യരുടെ സ്‌നേഹവും വിശ്വാസവും നേടിത്തന്നത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ആ സ്‌നേഹം ഞാന്‍ മുന്‍പെങ്ങുമില്ലാത്തവിധം തൊട്ടറിഞ്ഞു.
          
എനിക്കൊപ്പം നിലകൊണ്ടവര്‍ക്ക്, എന്നെ വിശ്വസിച്ചവര്‍ക്ക്, ഞാന്‍ ആരാണെന്ന് എന്നെ ഓര്‍മിപ്പിച്ചവര്‍ക്ക് നന്ദി. എന്നെ ബന്ധപ്പെട്ടവര്‍ക്കും, അരക്കഥകള്‍ കേട്ട് എന്നെയും കുടുംബത്തെയും വിധി എഴുതാതിരുന്നവര്‍ക്കും നന്ദി. നിങ്ങള്‍ ആ ക്ഷമ കാണിക്കേണ്ടതില്ലായിരുന്നു, എന്നിട്ടും നിങ്ങള്‍ അത് ചെയ്തു. അത് എനിക്ക് നല്‍കിയ ആശ്വാസം വാക്കുകള്‍ക്ക് അതീതമാണ്. ഞാന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് എനിക്ക് വ്യക്തമായി അറിയാം, ആത്മാര്‍ത്ഥമായ സ്‌നേഹവും വിശ്വാസവും പിന്തുണയും നല്‍കുന്ന മനുഷ്യര്‍ക്കൊപ്പം ഞാന്‍ ഇവിടെത്തന്നെ ഉണ്ടാകും.ഇതോടെ, ഈ അധ്യായം പൂര്‍ണ്ണമായും, എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അവസാനമായി ഒന്നു കൂടി. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്റര്‍നെറ്റ് എന്നെക്കുറിച്ച് ദിവസവും പുതിയ ഓരോ 'വിവാദങ്ങള്‍' കണ്ടുപിടിക്കുന്നത് ഞാന്‍ കണ്ടു. അതില്‍ ചിലത് തമാശയായി തോന്നിയതിനാല്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല. സ്‌കൂളിലും കോളജിലും ഞാനും സഹോദരിമാരും റാഗിങ് നടത്തുന്ന വില്ലത്തികളായിരുന്നു എന്ന രീതിയിലുള്ള കഥകള്‍, കേവലം ഭാവനകളെ എത്രത്തോളം ആത്മവിശ്വാസത്തോടെ ആളുകള്‍ സത്യമെന്നോണം അവതരിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് 

 അതുകൊണ്ട്, യഥാര്‍ഥ സത്യം അറിയാന്‍ ആഗ്രഹമുള്ളവരോട് എനിക്ക് ഒരു ലളിതമായ ക്ഷണമുണ്ട്. തിരുവനന്തപുരത്തെ ഹോളി ഏഞ്ചല്‍സ് ഐ.എസ്.സി സ്‌കൂളിലും പിന്നീട് ചെന്നൈയിലെ എം.ഒ.പി വൈഷ്ണവ്‌കോളജിലുമാണ് ഞാന്‍ പഠിച്ചത്. ദയവായി ഈ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക. അവിടെയുള്ളവരോട് സംസാരിക്കുക, അന്വേഷണം നടത്തി വസ്തുതകള്‍ ഉറപ്പുവരുത്തുക. അതിനുശേഷം മാത്രം വെറും ഗോസിപ്പുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ കഥകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക. സത്യത്തിന് ഒരിക്കലും അന്വേഷണത്തെ ഭയമില്ല.

ഒടുവിലായി... സൈബര്‍ ബുള്ളിയിങ് കൊണ്ട് എന്റെ മൂല്യം ചോദ്യം ചെയ്യാനോ, എന്റെ വെളിച്ചം കെടുത്താനോ, എന്നെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റാനോ കഴിയുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍... ഒന്നു കൂടി ചിന്തിക്കുക!സ്‌നേഹവും സമാധാനവും ആത്മാഭിമാനവും സത്യവും പുലരട്ടെ,''-അഹാന 

Read more topics: # അഹാന കൃഷ്ണ
ahaana krishna about Open note on family dispute

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES