സിനിമയില്‍ ഒരു കഥാപാത്രം ലഭിക്കുന്നതിനായി ചലച്ചിത്ര സംവിധായകന്‍ തന്നോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി നടി നിതി ടെയ്ലര്‍. നിരവധി ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും ദക്ഷിണേന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം, ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുരനുഭവം തുറന്നുപറഞ്ഞത്. സംവിധായകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനുശേഷം അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതായും നിതി വ്യക്തമാക്കി.
തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന് ശേഷം അതേ സംവിധായകന്‍ അടുത്ത സിനിമയിലേക്ക് വിളിക്കുകയും, ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ കിടക്ക പങ്കിടേണ്ടി വരുമെന്ന് അനാവശ്യ ഉപാധി വെക്കുകയുമായിരുന്നു എന്ന് നിതി പറഞ്ഞു. ''എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതെ ഞാന്‍ അമ്പരന്നുപോയി. ഉടന്‍ തന്നെ ഞാന്‍ ഫോണ്‍ കോള്‍ കട്ട് ചെയ്യുകയും അദ്ദേഹത്തിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അമ്മയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു,'' നടി വ്യക്തമാക്കി. ഈ സംഭവത്തിന് ശേഷം ഇനി ഒരിക്കലും സിനിമകളില്‍ അഭിനയിക്കില്ലെന്ന് താന്‍ തീരുമാനിച്ചതായും ആക്ഷേപം ഭയന്നാണ് അന്ന് ഈ വിഷയം ആരോടും പറയാതിരുന്നതെന്നും നിതി കൂട്ടിച്ചേര്‍ത്തു
അഭിമുഖത്തില്‍ നടി സംവിധായകന്റെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും 2012-ല്‍ നിതിയുടെ ആദ്യ തെലുങ്ക് ചിത്രമായ 'മേം വയസുകു വാചം' സംവിധാനം ചെയ്ത ത്രിനാഥ് റാവു നക്കിനയായിരിക്കും ഇതിന് പിന്നിലെന്ന് സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. നിതിയുടെ അഭിമുഖ വീഡിയോ പുറത്തുവന്നതോടെ കാസ്റ്റിംഗ് കൗച്ചിനെതിരെയും തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.