സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില് നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നടന് ഇമ്രാന് ഹാഷ്മി. ഗണ്മാസ്റ്റര് ജി 9 എന്ന സിനിമയുടെ ക്ലൈമാക്സ് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രെയ്നില് തൂക്കിയിട്ടിരുന്ന കാര് തലകീഴായി മറിഞ്ഞ് താഴെ നിര്ത്തിയിട്ടിരുന്ന വാനിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് കാര് ഇമ്രാന് ഹാഷ്മിയുടെ ശരീരത്തിന് തൊട്ടടുത്തായാണ് വന്ന് പതിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. അപകടത്തില് ആര്ക്കും പരിക്കേറ്റതായി റിപ്പോര്ട്ടുകളില്ല. ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ആക്ഷന്- റൊമാന്റിക് ചിത്രത്തില് ഇമ്രാന് ഹാഷ്മിക്കൊപ്പം ജെനീലിയ ഡിസൂസ, അപര്ശക്തി ഖുറാന, അഭിഷേക് സിങ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ദീപക് മുകുത്, ഹുനാര് മുകുത്, സംഗീത ആഹിര് എന്നിവര് ചേര്ന്ന് നിര്മിച്ച് സോഹം റോക്ക്സ്റ്റാര് എന്റര്ടെയ്ന്മെന്റ് അവതരിപ്പിക്കുന്ന ചിത്രം നവംബര് 27ന് റിലീസിനെത്തും.