തെന്നിന്ത്യന്‍ താരം വിജയ്ദേവര്‍കൊണ്ടയും കന്നടനടി രഷ്മിക എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി എത്തിയ റൊമാന്റിക് കോമഡി ചിത്രം ഗീതാഗോവിന്ദം നൂറ് കോടി ക്ലബിലേക്ക്. ഓഗസ്റ്റ് 15-ന് റിലീസ് ചെയ്ത ചിത്രം 12 ദിവസം കൊണ്ടാണ് നൂറ് കോടി ക്ലബില്‍ ഇടം നേടിയത്. മാര്‍ക്കറ്റ് അനലിസറ്റ് രമേശ് ബാലയാണ് ട്വിറ്ററിലൂടെ ചിത്രം നൂറ് കോടി ക്ലബിലെത്തിയ വിവരം അറിയിച്ചത്. 2017-ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള താരമായി വിജയ് ദേവര്‍ക്കൊണ്ട മാറുന്നത്. വിജയ്ക്കുള്ള ആരാധകബലം കൂടാതെ ഗോപീസുന്ദര്‍ ഈണം നല്‍കി സിദ്ധ് ശ്രീറാം ആലപിച്ച ഇന്‍കേം ഇന്‍കേം കവാലെ... എന്ന ഗാനത്തിന് കിട്ടിയ ജനപ്രീതിയും അര്‍ജുന്‍ റെഡ്ഡിക്ക് തുണയായെന്നാണ് വിലയിരുത്തല്‍. യൂട്യൂബിലൂടെ ഒന്‍പത് കോടിയിലേറെ പേരാണ് ഇതിനോടകം ഈ ഗാനം ശ്രവിച്ചത്.
ചിത്രത്തിന്റെ വിജയത്തോടെ അമേരിക്കയില്‍ ഏറ്റവും താരമൂല്യമുള്ള തെലുങ്ക് നടന്‍ എന്ന വിശേഷണത്തിനും വിജയ് ദേവര്‍ക്കൊണ്ട അര്‍ഹനാവുകയാണ്. 14.6 കോടിയുടെ കളക്ഷനാണ് യുഎസ് റിലീസിലൂടെ ചിത്രം നേടിയത്. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന വിജയ് പ്രളയക്കെടുതി ഉണ്ടായ ഘട്ടത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.