സാമൂഹ്യ വിഷയങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുളള താരങ്ങളുടെ നിലപാടുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. തെന്നിന്ത്യയില്‍ ഏറെ ആരാധകരുളള വിജയ് ദേവര്‍കൊണ്ടയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പ് രീതികളെയും വിമര്‍ശിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവര്‍കൊണ്ട. എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും തനിക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തിന് വേണ്ട ക്ഷമയില്ലെന്നും ഒരു അഭിമുഖത്തിലാണ് താരം പറഞ്ഞത്. താരത്തിന്റെ നിലപാടിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുണ്ട്.
വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍ ഇങ്ങനെ
നിലവിലെ രാഷ്ട്രീയ വ്യവസ്ഥയ്‌ക്കോ തിരഞ്ഞെടുപ്പുകള്‍ക്കോ എന്തെങ്കിലും അര്‍ത്ഥമുള്ളതായി എനിക്ക് തോന്നുന്നില്ല. രാജ്യത്തെ എല്ലാ പൗരന്‍മാരെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് എന്റെ അഭിപ്രായം. മുംബൈയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ ആളുകള്‍ കയറുന്നുവെന്ന് കരുതുക. അതിലെ യാത്രക്കാരാണോ പൈലറ്റിനെ തെരഞ്ഞെടുക്കുന്നത്. അല്ല. വിമാനകമ്പനിയാണ് പൈലറ്റിനെ തിരഞ്ഞെടുക്കുന്നത്.
പണവും മദ്യവും കൊടുത്ത് വോട്ട് വാങ്ങുന്ന ദയനീയ കാഴ്ചകളാണ് നാം കാണുന്നത്. വിദ്യാസമ്പന്നരായ ആര്‍ക്കും സ്വാധീനിക്കാനാവാത്ത ആളുകളെയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്. പണത്തിനും സ്വാധീനത്തിനും വഴങ്ങി വോട്ട് ചെയ്യുന്നവരില്‍ പലര്‍ക്കും ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നോ എന്തിനുവേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നോ പോലും അറിയില്ല.
ഈ അവസ്ഥ മാറി ഏകാധിപത്യം വന്നാലും തെറ്റില്ല എന്നാണ് ഞാന്‍ കരുതുന്നത്. സമൂഹത്തില്‍ മാറ്റം സംഭവിക്കണമെങ്കില്‍ അതാണ് നല്ലത്. നിങ്ങള്‍ക്ക് ഗുണകരമാവുന്ന കാര്യങ്ങള്‍ എന്തെന്ന് നിങ്ങള്‍ക്കുതന്നെ അറിയില്ലായിരിക്കാം. അതെനിക്കറിയാം. ഇങ്ങനെ പറയുന്ന ആളുകളാണ് അധികാരത്തില്‍ എത്തേണ്ടത്.