മലയാള സിനിമ കാത്തിരിക്കുന്ന മഹേഷ് നാരായണന്‍ ഒരുക്കുന്ന 'പാട്രിയറ്റി'ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കി ചിത്രത്തിന്റെ 'സെക്കന്‍ഡ് ലുക്ക്' പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പുറത്തുവന്ന പോസ്റ്ററില്‍ അതീവ മാസ് ലുക്കിലാണ് മൂവരും പ്രത്യക്ഷപ്പെടുന്നത്.
കുഞ്ചാക്കോ ബോബന്‍ ഓടിക്കുന്ന വാഹനത്തിന്റെ സണ്‍റൂഫിന് മുകളിലൂടെ വെടിയുതിര്‍ക്കാന്‍ ലക്ഷ്യം വെക്കുന്ന മോഹന്‍ലാലിനെയും, മുന്‍സീറ്റിലെ വിന്‍ഡോയിലൂടെ തോക്ക് ചൂണ്ടിയിരിക്കുന്ന മമ്മൂട്ടിയെയുമാണ് പോസ്റ്ററില്‍ കാണുന്നത്. മൂവരുടെയും 'റഫ്' ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
കമല്‍ഹാസനും രജനികാന്തും ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നപ്പോള്‍ പാട്രിയറ്റിനെതിരെ വലിയ തോതില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. തമിഴ് സിനിമയുടെ അത്ര നിലവാരം പാട്രിയറ്റിന്റെ പോസ്റ്ററുകള്‍ക്കും ട്രെയിലറിനും ലഭിച്ചില്ലെന്നായിരുന്നു പരിഹാസം. എന്നാല്‍ പുതിയ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ തമിഴ് സിനിമയോട് കിടപിടിക്കുന്ന മേക്കിങ് തന്നെയാണ് പാട്രിയറ്റിന്റേതെന്ന് ആരാധകര്‍ അവകാശപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്കുള്ള മറുപടിയാണ് ഈ മാസ് പോസ്റ്ററെന്നാണ് സൈബറിടത്തിലെ സംസാരം.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായി തിയേറ്ററുകളിലെത്തും. നയന്‍താര, ഫഹദ് ഫാസില്‍, രഞ്ജി പണിക്കര്‍, സെറീന്‍ ഷിഹാബ്, ഷഹീന്‍ സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. കൊച്ചിക്ക് പുറമേ ഡല്‍ഹി, ഹൈദരാബാദ്, ലഡാക്ക്, ഷാര്‍ജ, ശ്രീലങ്ക എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.