ഗീതാ ഗോവിന്ദത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഡിയർ കൊമ്രേഡ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറിൽ നിറയുന്നത് പ്രണയവും പകയും ഒക്കെയാണ്.ടീസറുകൾ ദേവരകൊണ്ട തന്റെ ട്വിറ്റർ പേജിലൂടെയാണ് പുറത്തിറക്കിയത്. 1.07 സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ വിദ്യാർത്ഥി നേതാവായ കഥാപാത്രത്തിന്റെ കലാലയ ജീവിതവും പ്രണയജീവിതവും ചിത്രീകരിച്ചിട്ടുണ്ട്.
ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ടീസറുകളാണ് ഒരേസമയം പുറത്തുവിട്ടത്. ഒരു ക്യാംപസ് പ്രണയ ചിത്രമാണ് ഇതെന്നാണ് ടീസർ നൽകുന്ന സൂചന. സിദ് ശ്രീറാം പാടുന്ന മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഇത് ആദ്യമായാണ് സിദ് ശ്രീറാം മലയാളത്തിൽ ഗാനം ആലപിക്കുന്നത്.
മൈത്രി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് സാരംഗും എഡിറ്റിങ് ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം.ചിത്രം അനൗൺസ് ചെയ്തപ്പോൾ മലയാള ചിത്രം സിഐ.എയുടെ റീമേക്ക് ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഡിയർ കൊമ്രേഡ് സിഐ.എയുടെ റീമേക്ക് അല്ലെന്ന് സംവിധായകൻ ഭരത് കമ്മ പ്രതികരിച്ചിരുന്നു.
ടാക്സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്. മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ മെയ് 31ന് തീയേറ്ററുകളിലെത്തും.രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തിൽ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.