നടി ഉര്‍വശി റൗട്ടേലയ്ക്ക് കോടികള്‍ വിലമതിക്കുന്ന സമ്മാനവുമായി ഗായകനും സംഗീത സംവിധായകനുമായ യോ യോ ഹണി സിംഗ്. ജന്മദിനത്തിന്റെ ഭാഗമായി സ്വര്‍ണ കേക്കാണ് താരം സമ്മാനമായി നല്‍കിയത്. മൂന്ന് കോടി രൂപ വിലയുള്ള പിറന്നാള്‍ കേക്ക് നടിയുടെ 30ാം പിറന്നാളിന് ആണ് താരം നല്കിയത്. 24കാരറ്റിന്റെ അസല്‍ സ്വര്‍ണം കൊണ്ടുള്ള കേക്ക് ലോകത്തെ വിലപിടിപ്പുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സംഗീത ആല്‍ബമായ 'ലവ് ഡോസ് 2'വിന്റെ ചിത്രീകരണ സെറ്റില്‍ വച്ചാണ് ഹണി സിംഗ് ഉര്‍വശിയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞത്. ശുദ്ധമായ 24 കാരറ്റ് സ്വര്‍ണം കൊണ്ട് തയാറാക്കിയതാണ് കേക്ക്. 24 കാരറ്റിന്റെ യഥാര്‍ത്ഥ സ്വര്‍ണ കേക്ക് എന്നാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. ഹണി സിങ്ങിന് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എന്റെ വിഷയത്തിലുള്ള താങ്കളുടെ ആത്മാര്‍ത്ഥമായ ശ്രദ്ധയും അക്ഷീണമുള്ള പരിശ്രമങ്ങളുമെല്ലാം എന്റെ കരിയറില്‍ ഗംഭീര അധ്യായമാണു കുറിച്ചത്.
താങ്കളോടുള്ള ആ വൈകാരികതയുടെ ആഴം പകര്‍ത്താനാകാതെ വാക്കുകള്‍ ഇടറുകയാണെന്നും ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താരത്തെ ആഗോള സൂപ്പര്‍സ്റ്റാര്‍ എന്നാണ് ഹണി സിംഗ് വിശേഷിപ്പിച്ചത്.
''അവളെപ്പോലെയുള്ള ആഗോള സൂപ്പര്‍സ്റ്റാറിനോട് രാജകീയമായി വേണം പെരുമാറാന്‍. അതുകൊണ്ടാണ് മൂന്നു കോടി രൂപയുടെ പ്രത്യേക കേക്ക് സമ്മാനിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.ഈ സഹകരണവും കേക്ക് മുറിക്കല്‍ നിമിഷവും സഹതാരത്തിന് ഒരാള്‍ ചെയ്ത ഏറ്റവും വിശേഷപ്പെട്ട കാര്യമായി ചരിത്രത്തില്‍ അടയാളപ്പെടുത്തണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ജോലിയില്‍ അവള്‍ മികച്ചവളാണ്. ഈയൊരു പരിഗണന എല്ലാ അര്‍ത്ഥത്തിലും അവള്‍ അര്‍ഹിക്കുന്നുണ്ട്.''- ഹണി സിംഗ് പ്രതികരിച്ചു.