Latest News

ഉര്‍വശി - പാര്‍വതി ചിത്രം ഉള്ളൊഴുക്ക് ഹോളിവുഡിലേക്ക്; ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലെസിലെ പ്രീമിയറില്‍ പങ്കെടുക്കാനായി താരങ്ങള്‍ അമേരിക്കയില്‍

Malayalilife
 ഉര്‍വശി - പാര്‍വതി ചിത്രം ഉള്ളൊഴുക്ക് ഹോളിവുഡിലേക്ക്; ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലെസിലെ പ്രീമിയറില്‍ പങ്കെടുക്കാനായി താരങ്ങള്‍ അമേരിക്കയില്‍

സംവിധായകന്‍ ക്രിസ്റ്റോ ടോമിയും അഭിനേത്രി പാര്‍വതിയും മികച്ച സ്വീകരണം നേടിക്കൊണ്ട് പ്രദര്‍ശനം തുടരുന്ന ക്രിസ്റ്റോ ടോമിയുടെ ഉര്‍വശി - പാര്‍വതി ചിത്രം 'ഉള്ളൊഴുക്ക്' ഇനി ഹോളിവുഡിലേക്കും. ലോസ് ആഞ്ചലസില്‍ വച്ചു നടക്കുന്ന ഐഎഫ്എഫ്എല്‍എയുടെ (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചെലെസ്) ഭാഗമായി പ്രശസ്തമായ സണ്‍സെറ്റ് ബൊളുവാഡ് തീയറ്ററില്‍ വച്ചാണ് ചിത്രത്തിന്റെ ലോസ് ആഞ്ചെലെസ് പ്രീമിയര്‍ നടക്കുക. 

ജൂണ്‍ 29-ന് നടക്കുന്ന പ്രീമിയറില്‍ പങ്കെടുക്കാനായി സംവിധായകന്‍ ക്രിസ്റ്റോ ടോമിയും അഭിനേത്രി പാര്‍വതിയും ലോസ് ആഞ്ചെലെസില്‍ എത്തിക്കഴിഞ്ഞു.ഇന്ത്യയ്ക്കു പുറത്തുനടക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലുകളിളൊന്നായ ഐഎഫ്എഫ്എല്‍എയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഉള്ളൊഴുക്കിന് ലഭിച്ച മഹത്തായൊരു അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്. 

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് തങ്ങളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി വെള്ളപ്പൊക്കം കുറയുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ബന്ധിതരായ ഒരു കുടുംബത്തിന്റെ കഥയാണ് ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. 

എന്നാല്‍ വെള്ളം കുറയാന്‍ വേണ്ടി അവര്‍ കാത്തിരിക്കുമ്പോള്‍ കുടുംബത്തിന്റെ അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന പല രഹസ്യങ്ങളും നുണകളും പുറത്തുവരുന്നു. കള്ളങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന മറ്റ് പ്രവൃത്തികളും കുടുംബങ്ങളിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളിലും എങ്ങനെയാണ് വിള്ളലുകള്‍ ഉണ്ടാക്കുന്നതെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.

2018-ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. 'രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും' എന്നായിരുന്നു ചിത്രത്തിന്റെ പ്രൊമോഷണല്‍ ടാഗ് ലൈന്‍. ഒരിടവേളയ്ക്ക് ശേഷം പാര്‍വതി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തിലും തിരക്കഥാ രചനയിലും, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വീഡിയോഗ്രഫിയിലും പഠനം പൂര്‍ത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'കന്യക' എന്ന ഹൃസ്വചിത്രം 2014-ലെ  61-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ഹൃസ്വചിത്രം കൂടിയായിരുന്നു, കൂടാതെ 2016-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ നോണ്‍- ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ലോട്ടസ് പുരസ്‌കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'കാമുകി' എന്ന ഹ്രസ്വചിത്രത്തിനായിരുന്നു.

റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പി  യുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭ്രമയുഗത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Read more topics: # ഉള്ളൊഴുക്ക്
Ullozhukku to be featured at Indian Film Festival of Los Angeles

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES