രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞതിന് പിന്നാലെ പല സംരംഭങ്ങളിലും സജീവ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി കോളിവുഡിലൂടെ സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് ചിത്രത്തിലൂടെ താരം സിനിമയിലേയ്ക്ക് ചുവടുവയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
കൂടാതെ ധോണിയുടെ തന്നെ നിര്‍മാണ കമ്പനിയായ ധോണി എന്റര്‍ടെയ്‌മെന്റായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന അടുത്ത രണ്ട് വിജയ് ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന സിനിമ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. നിലവില്‍ നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരം.
വിരമിക്കലിന് ശേഷം കോഴിവളര്‍ത്തല്‍, കൃഷി, ജിംനേഷ്യം, തുണിത്തരങ്ങളുടെ കച്ചവടം, എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ധോണി. ഇതിന് പിന്നാലെ 'ധോണി എന്റര്‍ടെയിന്‍മെന്റ്' എന്ന പേരില്‍ ചലച്ചിത്ര നിര്‍മാണ കമ്പനിയും ആരംഭിച്ചിരുന്നു. നിലവില്‍ നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ് താരം.
ധോണിയുടെ ആദ്യ ചിത്രത്തില്‍ നയന്‍താര നായികയാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് ധോണി തന്നെ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം ബീസ്റ്റിന് ശേഷമുള്ള വിജയുടെ തലപതി 66ന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വരിസു എന്നാണ് പേരിട്ടിരിക്കുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ വിജയുടെ നായികയായി എത്തുന്നത്. 2023 പൊങ്കലിന് ചിത്രം തിയറ്ററുകളില്‍ എത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വരിസുവിന് പിന്നലെ ലോകേഷ് കനകരാജ് ചിത്രത്തിലാണ് വിജയ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഉടന്‍ പുറത്തിറങ്ങിയേക്കും.
2020ലാണ് ധോണിയും ഭാര്യ സാക്ഷി ധോണിയും ചേര്‍ന്ന് ചലച്ചിത്ര നിര്‍മാണ കമ്പനി ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തെ വിലക്കിനേ ശേഷം ഐപിഎല്ലിലേക്കുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മടങ്ങി വരവിന്റെ കഥ പറഞ്ഞ റോര്‍ ഓഫ് എ ലയണ്‍ എന്ന ഡോക്യുമെന്ററി നിര്‍മിച്ചത് ധോണിയുടെ പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു.