കായികക്ഷമതയുടെയും ആരോഗ്യത്തിന്റെയും രഹസ്യം വെളിപ്പെടുത്തി തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരം തമന്ന ഭാട്ടിയ. പുലര്‍ച്ചെ 4.30-ന് ആരംഭിക്കുന്ന കഠിനമായ വ്യായാമം, പകല്‍ ഉറക്കമില്ലാതെ 8 മുതല്‍ 12 മണിക്കൂര്‍ വരെ നീളുന്ന ജോലി, ചിട്ടയായ ഭക്ഷണക്രമം എന്നിവയാണ് തന്റെ ജീവിതശൈലിയുടെ അടിസ്ഥാനമെന്ന് താരം പറയുന്നു. ദിവസവും ഒന്നര മണിക്കൂറാണ് തമന്ന വ്യായാമത്തിനായി മാറ്റിവെക്കുന്നത്. ജിം വര്‍ക്കൗട്ടുകള്‍, കാര്‍ഡിയോ, ഭാരോദ്വഹനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ശരീരത്തിന് വഴക്കം നല്‍കുന്നതിനായി യോഗയും പതിവായി പരിശീലിക്കാറുണ്ട്.
വ്യായാമം കഴിഞ്ഞ് പകല്‍ ഉറങ്ങുന്ന ശീലം തനിക്കില്ലെന്നും താരം വ്യക്തമാക്കി. സൂര്യോദയത്തിന് മുമ്പ് ദിവസം തുടങ്ങുന്നത് പോസിറ്റിവിറ്റി വര്‍ധിപ്പിക്കുകയും ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്ന് പഠനങ്ങളെ ഉദ്ധരിച്ച് തമന്നയുടെ ഹെല്‍ത്ത് കോച്ച് പറയുന്നു. പകലുറക്കം ഒഴിവാക്കുന്നത് ശരീരത്തിന്റെ ആന്തരിക ഘടികാരം കൃത്യമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഇത് രാത്രിയില്‍ മികച്ച ഉറക്കം ലഭിക്കുന്നതിനും പകലില്‍ കൂടുതല്‍ ഉണര്‍വോടെ ഇരിക്കുന്നതിനും കാരണമാകും.
ഭക്ഷണകാര്യത്തിലും തമന്നയ്ക്ക് കര്‍ശനമായ ചിട്ടകളുണ്ട്. പ്രഭാതഭക്ഷണമായി ഇഡ്ഡലി, മുട്ടയുടെ വെള്ള, പഴച്ചാറുകള്‍ എന്നിവയാണ് കഴിക്കുന്നത്. ഉച്ചയ്ക്ക് റാഗി റൊട്ടി, ബ്രൗണ്‍ റൈസ്, പച്ചക്കറികള്‍ എന്നിവയും അത്താഴത്തിന് ഗ്രില്‍ ചെയ്ത പച്ചക്കറികളും എണ്ണ കുറഞ്ഞ ഭക്ഷണങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുന്ന താരം, ദിവസത്തില്‍ ഒരു തവണ നെല്ലിക്ക ജ്യൂസും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.