കവിയൂർ: കവിയൂരിൽ തെങ്ങിൻ തൈ വിതരണം നടത്തി തൈകൾക്ക് ജില്ലയിലെ പ്രധാനപ്പെട്ടവരുടെ പേരിട്ട് നൽകി സുരേഷ ഗോപി എംപി. മഹാദേവക്ഷേത്രത്തിനു മുൻപിലെ ആൽത്തറയ്ക്കു ചുറ്റും ചേർന്ന ചെറിയ സദസ്സിലായിരുന്നു സുരേഷ് ഗോപി എംപി തെങ്ങിൻ തൈ വിതരണത്തിന് എത്തിയത്. നട്ടുച്ച നേരത്താണ് താരം കാറിൽ വന്നിറങ്ങിയത്.
കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ മുന്നറിയിപ്പെന്നോണം പറഞ്ഞു: ''പരസ്പരം ശാരീരിക അകലം പാലിച്ചു നിൽക്കണം. അകലം ഞാനുമായല്ല, നിങ്ങൾ പരസ്പരമാണ് വേണ്ടതെ''ന്നു പറഞ്ഞ് നേരേ തെങ്ങിൻതൈകളുടെ അടുത്തേക്ക്. ആദ്യം കണ്ടത് ചെരിഞ്ഞുനിൽക്കുന്ന തൈ. അതെടുക്കാൻ കേന്ദ്ര നാളികേര വികസനബോർഡ് അംഗം കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു, ഒപ്പം 'ചെരിഞ്ഞുനിൽക്കുന്ന തെങ്ങിലേ ആളു കയറൂ' എന്ന ഡയലോഗും കാച്ചി.
കർഷകനായ വിജയൻ പുത്തൻപുരയിലിനാണ് ആദ്യത്തെ തൈ നൽകിയത്. ഇതു ഭാരതാംബയ്ക്കു വേണ്ടിയാണ്. ഈ തൈ നേരെ വളർത്തണം. വീണ്ടും തൈകൾ ഓരോന്നായി ഓരോരുത്തർക്കും. ഓരോ തൈയ്ക്കും ജില്ലയിലെ പ്രധാനപ്പെട്ടവരുടെ പേരു പറഞ്ഞാണ് നൽകിയത്. കവിയൂർ രേവമ്മ, കവിയൂർ പൊന്നമ്മ, സരസകവി മൂലൂർ, സംവിധായകൻ ബ്ലെസി, മീര ജാസ്മിൻ, നയൻതാര, എം.ജി.സോമൻ, നാരായണ ചാക്യാർ, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ക്യാപ്റ്റൻ രാജു, കവിയൂർ ശിവപ്രസാദ് തുടങ്ങി പേരുകൾ നീണ്ടു.